ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ പാംഗോങ് തടാകക്കരയിൽ കഴിഞ്ഞ രാത്രിയിൽ വെടിയുതിർത്തത് ചൈനയാണെന്ന് ഇന്ത്യ. ഇന്ത്യൻ സൈന്യം വെടിയുതിർത്ത് പ്രകോപനം സൃഷ്ടിച്ചു എന്ന ചൈനയുടെ ആരോപണം അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്ന് സേനയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയിലും അതുണ്ടായി. ചൈനീസ് സൈനികരാണ് ഏതാനും റൗണ്ട് ആകാശത്തേക്ക് വെടിയുതിർത്തത്. ഇത്രയും പ്രകോപനമുണ്ടായിട്ടും നമ്മുടെ സൈന്യം പക്വമായ സമീപനമാണ് സ്വീകരിക്കുന്നത്. തികഞ്ഞ സംയമനത്തോടെ തന്നെയാണ് സൈന്യം പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത്. മേഖലയിൽ സമാധാനം നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, ഇന്ത്യ ഒരുതരത്തിലും യഥാർത്ഥ നിയന്ത്രണരേഖ ലംഘിച്ചിട്ടില്ല എന്നും പ്രസ്താവന വ്യക്തമാക്കുന്നു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമായ ‘ദ ഗ്ലോബൽ ടൈംസ്’ ആണ് ഇന്ത്യ അതിർത്തിയിൽ വെടിവെപ്പ് നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. സംഘർഷം പുകയുന്ന ലഡാക്ക് അതിർത്തിയിൽ പ്രകോപനങ്ങൾ ഒഴിവാക്കാനും സമാധാനം സ്ഥാപിക്കാനും ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ കഴിഞ്ഞയാഴ്ച മോസ്കോയിൽ വച്ചുനടന്ന ഉച്ചകോടിക്കിടെ തീരുമാനിച്ചിരുന്നതാണ്. എന്നിട്ടും അതിർത്തിയിൽ സംഘർഷത്തിന് യാതൊരു അയവും വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.