പ്രധാന വിവരങ്ങൾ
- പുനരുജ്ജീവന കൃഷി മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാനും കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
- പ്രകൃതി കൃഷിയിൽ 18.19 ലക്ഷം കർഷകർ ഇതിനകം ചേർന്നു.
- സൂക്ഷ്മ ജലസേചനം 109 ലക്ഷം ഹെക്ടറിലെത്തി.
- 25.89 കോടി മണ്ണ് ആരോഗ്യ കാർഡുകൾ തയ്യാറാക്കി.
- വിവിധ സർക്കാർ പദ്ധതികളിലൂടെ കർഷകർക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുന്നു.
ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 24
മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാനും ജൈവവൈവിധ്യം മെച്ചപ്പെടുത്താനും കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതങ്ങളെ ചെറുക്കാനും സഹായിക്കുന്ന പുനരുജ്ജീവന കൃഷിരീതികൾ ഇന്ത്യയിൽ കൂടുതൽ വ്യാപകമാകുന്നു. പ്രകൃതി കൃഷി, കാർഷിക വനവത്കരണം, സൂക്ഷ്മ ജലസേചനം, സംയോജിത കൃഷി, ശാസ്ത്രീയ മണ്ണ് പരിപാലനം തുടങ്ങിയ രീതികളാണ് കർഷകർ സ്വീകരിക്കുന്നത്. 2026 മാർച്ചോടെ പ്രകൃതി കൃഷി കൂട്ടായ്മകൾ 8.80 ലക്ഷം ഹെക്ടറിലേക്ക് വ്യാപിക്കുകയും 18.19 ലക്ഷം കർഷകർ ഇതിന്റെ ഭാഗമാകുകയും ചെയ്തു. 2026 മേയ് വരെ ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ പദ്ധതിയിൽ ഏകദേശം 109 ലക്ഷം ഹെക്ടർ ഉൾപ്പെടുത്തി. 2026 മാർച്ച് വരെ രാജ്യത്ത് 25.89 കോടി മണ്ണ് ആരോഗ്യ കാർഡുകളും തയ്യാറാക്കി.
കൃഷിവളർച്ച നിലനിർത്താൻ ആരോഗ്യമുള്ള മണ്ണ്
2015-16 മുതൽ 2024-25 വരെയുള്ള കാലത്ത് ഇന്ത്യയുടെ കൃഷി-അനുബന്ധ മേഖലകൾ 4.45 ശതമാനം ദശാബ്ദ വളർച്ച രേഖപ്പെടുത്തി. മുൻ ദശാബ്ദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചയാണിത്. രാജ്യത്തെ കർഷകരുടെ തുടർച്ചയായ പരിശ്രമവും കാർഷിക മേഖലയുടെ പ്രതിരോധശേഷിയുമാണ് ഈ നേട്ടത്തിന് പിന്നിൽ. എന്നാൽ ഈ വളർച്ച ദീർഘകാലം നിലനിർത്തണമെങ്കിൽ കൃഷിയുടെ പാരിസ്ഥിതിക അടിത്തറ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.
ഓരോ കൃഷിക്കാലത്തും കർഷകർ പുതിയ പ്രതീക്ഷകളോടെയാണ് വയലിലേക്ക് ഇറങ്ങുന്നത്. എന്നാൽ വർഷങ്ങളായുള്ള തീവ്ര കൃഷി, അമിത രാസവസ്തു ഉപയോഗം, ക്രമം തെറ്റിയ മഴ എന്നിവ പല പ്രദേശങ്ങളിലെയും മണ്ണിന്റെ കരുത്ത് കുറയ്ക്കുന്നു. മുമ്പ് എളുപ്പത്തിൽ ലഭിച്ചിരുന്ന വിളവിന് ഇപ്പോൾ കൂടുതൽ ചെലവ് ആവശ്യമായി വരുന്നു. ഉഷ്ണതരംഗം, വരൾച്ച, അമിതമഴ എന്നിവ മാസങ്ങളായുള്ള അധ്വാനത്തെ ബാധിക്കുകയും ചെയ്യുന്നു. ചെറുകിട, നാമമാത്ര കർഷകർക്ക് മണ്ണിന്റെ ആരോഗ്യം കുറയുന്നത് കൂടുതൽ ചെലവും വിളവിലെ അനിശ്ചിതത്വവുമാണ് സൃഷ്ടിക്കുന്നത്.
ഇവിടെയാണ് പുനരുജ്ജീവന കൃഷിയുടെ പ്രസക്തി. മണ്ണിന്റെ സ്വാഭാവിക കരുത്ത് വീണ്ടെടുക്കുക, പരിസ്ഥിതി സംവിധാനങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുക, കാലാവസ്ഥയിലെ മാറ്റങ്ങളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ ദീർഘകാല കാർഷിക ഉൽപാദനക്ഷമതയ്ക്കൊപ്പം പരിസ്ഥിതി സന്തുലിതാവസ്ഥയും കർഷകരുടെ സാമ്പത്തിക പുരോഗതിയും ലക്ഷ്യമിടുന്നു.
മണ്ണിനെ സംരക്ഷിച്ച് ജൈവവൈവിധ്യം കൂട്ടുന്ന രീതി
പുനരുജ്ജീവന കൃഷി മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനും ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും പ്രാധാന്യം നൽകുന്ന സമഗ്ര കൃഷിരീതിയാണ്. ദീർഘകാല ഉൽപാദനക്ഷമതയും പ്രതിരോധശേഷിയും ഉറപ്പാക്കുകയാണ് മറ്റൊരു ലക്ഷ്യം. ആരോഗ്യമുള്ള മണ്ണ് കൂടുതൽ ഭക്ഷ്യ-പോഷക ഉൽപാദനത്തിന് സഹായിക്കും. കൂടുതൽ കാർബൺ സംഭരിക്കുകയും ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
നിലവിലുള്ള അവസ്ഥ സംരക്ഷിക്കുകയാണ് സുസ്ഥിര കൃഷിയുടെ പ്രധാന ലക്ഷ്യമെങ്കിൽ, അതിനെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് പുനരുജ്ജീവന കൃഷി ലക്ഷ്യമിടുന്നത്. മണ്ണിന്റെ ആരോഗ്യം സജീവമായി വീണ്ടെടുക്കുക, ജൈവവൈവിധ്യം കൂട്ടുക, പരിസ്ഥിതി സംവിധാനങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നിവ ഇതിന്റെ ഭാഗമാണ്.
മണ്ണിൽ അനാവശ്യമായ ഇടപെടൽ കുറയ്ക്കുക, ദീർഘകാല വിളകളുടെ ജീവനുള്ള വേരുകൾ സംരക്ഷിക്കുക, മണ്ണിന് ആവരണം നിലനിർത്തുക, കന്നുകാലികളെ കൃഷിയുമായി സംയോജിപ്പിക്കുക, രാസവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തുക, ജൈവവൈവിധ്യം വർധിപ്പിക്കുക എന്നിവയാണ് പ്രധാന തത്വങ്ങൾ. കൃഷിയുടെ സ്വാഭാവിക അടിത്തറ പുനഃസ്ഥാപിക്കുന്ന പ്രായോഗികമായ ഭാവിമാർഗമായാണ് ഈ രീതി അവതരിപ്പിക്കുന്നത്.
വെള്ളവും വളവും കാര്യക്ഷമമായി ഉപയോഗിക്കാം
ഡ്രിപ്പർ, സ്പ്രിങ്ക്ലർ, ഫോഗർ തുടങ്ങിയ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ വെള്ളം നേരിട്ട് ചെടികളുടെ വേരുകളിലെത്തിക്കുന്നു. ഇതിലൂടെ വെള്ളം പാഴാകുന്നത് കുറയ്ക്കുകയും ജല ഉപയോഗ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യാം. കൃഷിയിടത്തിലെ ജലപരിപാലനം മെച്ചപ്പെടുന്നതോടെ വിള ഉൽപാദനക്ഷമത വർധിക്കുകയും വരൾച്ചയെയും ജലക്ഷാമത്തെയും നേരിടാനുള്ള ശേഷി ശക്തമാകുകയും ചെയ്യും.
കാർഷിക യന്ത്രവത്കരണത്തിലൂടെ വിവിധ കൃഷിപ്പണികൾ യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് കാര്യക്ഷമമാക്കുന്നു. വെള്ളം, ഇന്ധനം, വളം തുടങ്ങിയവയുടെ ഉപയോഗം ക്രമീകരിക്കാൻ ഇതിലൂടെ സാധിക്കും. പാഴ്ച്ചെലവും കാർബൺ പുറന്തള്ളലും കുറയ്ക്കാനും കൃത്യസമയത്ത് കൃഷിപ്പണികൾ നടത്താനും ഇത് സഹായിക്കുന്നു. ഇതുവഴി വിഭവപരിപാലനവും ഉൽപാദനക്ഷമതയും മെച്ചപ്പെടുകയും കൃഷിയുടെ പരിസ്ഥിതി ആഘാതം കുറയുകയും ചെയ്യും.
നൈട്രജൻ വള പരിപാലനം നൈട്രസ് ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം വിള ഉൽപാദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരിയായ വളം തിരഞ്ഞെടുക്കുകയും അത് നൽകേണ്ട സമയവും അളവും കൃത്യമാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ അടിസ്ഥാനം. സൂപ്പർ ഗ്രാനുലാർ യൂറിയ മണ്ണിന്റെ ആഴത്തിൽ നൽകൽ, ഇലയുടെ നിറം പരിശോധിച്ച് നൈട്രജന്റെ അളവ് വിലയിരുത്തൽ തുടങ്ങിയ രീതികളും ഉപയോഗിക്കുന്നു. സയനോബാക്ടീരിയ പോലുള്ള ജൈവ ഘടകങ്ങളും പയർവർഗങ്ങളുടെ ഇടവിള കൃഷിയും പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ നൈട്രജൻ ഉപയോഗ കാര്യക്ഷമത ഉയർത്തുകയും പരിസ്ഥിതിയിലേക്കുള്ള നഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.
പ്രകൃതി കൃഷി ഇന്ത്യയുടെ പരമ്പരാഗത അറിവിനെ അടിസ്ഥാനമാക്കിയുള്ള രാസവസ്തുരഹിത കൃഷിരീതിയാണ്. നാടൻ കന്നുകാലികളിൽ നിന്നുള്ള ഘടകങ്ങൾ ഉപയോഗിച്ച് കൃഷിയിടത്തിൽ തന്നെ തയ്യാറാക്കുന്ന ബീജാമൃത്, ജീവാമൃത്, ഘനജീവാമൃത്, നീമാസ്ത്ര, ദശപർണി തുടങ്ങിയ ജൈവ കൂട്ടുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. പരമ്പരാഗത വിത്തിനങ്ങളും കൃഷിയിടത്തിന്റെ അതിരുകളിൽ മരങ്ങളും പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശികമായി തയ്യാറാക്കുന്ന സസ്യാധിഷ്ഠിത കൂട്ടുകൾ ഉപയോഗിച്ചാണ് കീടനിയന്ത്രണം നടത്തുന്നത്.
തുടർച്ചയായ ആവരണവിള കൃഷി, ബഹുവിള കൃഷി, പുതയിടൽ, മണ്ണിലെ ഇടപെടൽ പരമാവധി കുറയ്ക്കൽ എന്നിവയും പ്രകൃതി കൃഷിയുടെ ഭാഗമാണ്. കന്നുകാലികളെ വൈവിധ്യമാർന്ന വിളകൃഷിയുമായി സംയോജിപ്പിക്കുന്നത് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പരിസ്ഥിതി പുനഃസ്ഥാപിക്കാനും കർഷകരുടെ ഉൽപാദനച്ചെലവ് കുറയ്ക്കാനും സഹായിക്കുന്നു.
പച്ചിലവള കൃഷി, ആവരണവിള കൃഷി, പുതയിടൽ തുടങ്ങിയ മണ്ണ് ആരോഗ്യ പരിപാലന രീതികൾക്കും പുനരുജ്ജീവന കൃഷിയിൽ വലിയ പങ്കുണ്ട്. പ്രത്യേക വിളകൾ വളർത്തി മണ്ണിൽ ചേർത്ത് ജൈവവസ്തുക്കളും പോഷകങ്ങളും വർധിപ്പിക്കുന്നതാണ് പച്ചിലവള കൃഷി. ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഘടനയും മെച്ചപ്പെടുത്തുകയും കാർബൺ സംഭരണം വർധിപ്പിക്കുകയും ചെയ്യുന്നു.
വിളവെടുക്കുന്നതിനെക്കാൾ മണ്ണിന് ആവരണം നൽകാൻ വിളകൾ വളർത്തുന്നതാണ് ആവരണവിള കൃഷി. ഇത് മണ്ണൊലിപ്പ് തടയുകയും മണ്ണിലെ ജൈവ കാർബൺ നിലനിർത്തുകയും പോഷകചക്രം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇല, വൈക്കോൽ തുടങ്ങിയ ജൈവ അവശിഷ്ടങ്ങൾ ഉപയോഗിച്ച് മണ്ണിന്റെ ഉപരിതലം മൂടുന്നതാണ് പുതയിടൽ. ഇതിലൂടെ ഈർപ്പം സംരക്ഷിക്കാനും മണ്ണിന്റെ താപനില നിയന്ത്രിക്കാനും കളകളെ തടയാനും ഗുണകരമായ സൂക്ഷ്മജീവികളുടെ പ്രവർത്തനം വർധിപ്പിക്കാനും കഴിയും.
സംയോജിത കൃഷിയും കാർഷിക വനവത്കരണവും
സംയോജിത കൃഷിരീതിയിൽ വിളകൾ, കന്നുകാലികൾ, മത്സ്യകൃഷി, തോട്ടവിളകൾ, കാർഷിക വനവത്കരണം, തേനീച്ച വളർത്തൽ തുടങ്ങിയവയെ ഒരൊറ്റ സംവിധാനത്തിൽ കൂട്ടിച്ചേർക്കുന്നു. ഇടവിള കൃഷി, വിളപരിക്രമണം, ബഹുവിള കൃഷി, സമ്മിശ്ര കൃഷി എന്നിവയിലൂടെ ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. വിളനാശ സാധ്യത കുറയ്ക്കാനും വരുമാന മാർഗങ്ങൾ വൈവിധ്യവത്കരിക്കാനും വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ കാലാവസ്ഥാ പ്രതിസന്ധികളെ നേരിടാനും ഇത് സഹായിക്കുന്നു.
കാർഷിക വനവത്കരണത്തിൽ ദീർഘകാലം നിലനിൽക്കുന്ന മരങ്ങളെ പഴവർഗങ്ങളും തോട്ടവിളകളുമായി സംയോജിപ്പിക്കുന്നു. ഇത് കർഷകർക്ക് അധിക വരുമാനം നൽകുന്നതിനൊപ്പം മണ്ണിലെ ഈർപ്പം മെച്ചപ്പെടുത്താനും പ്രാദേശിക താപനില നിയന്ത്രിക്കാനും കൂടുതൽ കാർബൺ സംഭരിക്കാനും സഹായിക്കുന്നു. മഴയെ ആശ്രയിച്ചുള്ള പ്രദേശങ്ങളിൽ നശിച്ച ഭൂമി പുനരുജ്ജീവിപ്പിക്കുന്നതിലും ഇതിന് പ്രധാന പങ്കുണ്ട്. ക്രമം തെറ്റിയ മഴയുടെ ആഘാതം കുറയ്ക്കാനും കാർഷിക പ്രതിരോധശേഷി വർധിപ്പിക്കാനും ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
കാലാവസ്ഥാ പ്രതിരോധ കൃഷിയിൽ മാറുന്ന കാലാവസ്ഥയെ നേരിടാൻ വിവിധ തന്ത്രങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു. പോഷകങ്ങളും വളങ്ങളും സന്തുലിതമായി ഉപയോഗിക്കൽ, ഫലപ്രദമായ കീടനിയന്ത്രണം, വെള്ളത്തിന്റെ കാര്യക്ഷമവും വിവേകപൂർവവുമായ ഉപയോഗം, കൃഷിയിടത്തിൽ മണ്ണിലെ ഈർപ്പം സംരക്ഷിക്കൽ, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്ന രീതിയിൽ നിലമൊരുക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജല പങ്കിടൽ കൂട്ടായ്മകൾ, വിത്ത്-കാലിത്തീറ്റ സംവിധാനങ്ങൾ, സമൂഹ നഴ്സറികൾ, കൂട്ടായ വിപണന സംവിധാനം തുടങ്ങിയ പുതുമകളും ഇതിന്റെ ഭാഗമാണ്. ഇവ കാലാവസ്ഥാ സമ്മർദങ്ങളെയും അപ്രതീക്ഷിത ആഘാതങ്ങളെയും നേരിടാനുള്ള കാർഷിക മേഖലയുടെ ശേഷി വർധിപ്പിക്കുന്നു.
പുനരുജ്ജീവന കൃഷി മണ്ണിലെ ജൈവവസ്തുക്കൾ പുനഃസ്ഥാപിക്കുകയും മണ്ണിന്റെ ഘടനയും ദീർഘകാല ഫലഭൂയിഷ്ഠതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പരാഗണം നടത്തുന്ന ജീവികൾ, ഗുണകരമായ പ്രാണികൾ, മണ്ണിലെ സൂക്ഷ്മജീവികൾ എന്നിവ ഉൾപ്പെടെയുള്ള ജൈവവൈവിധ്യത്തിനും അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. പുറന്തള്ളുന്നതിനേക്കാൾ കൂടുതൽ കാർബൺ ആഗിരണം ചെയ്ത് സംഭരിക്കാൻ ഇത്തരം സംവിധാനങ്ങൾക്ക് കഴിയുന്നതിലൂടെ കാർഷിക മേഖലയിലെ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കാനും സഹായിക്കുന്നു.
ആരോഗ്യമുള്ള മണ്ണിന് കൂടുതൽ വെള്ളം പിടിച്ചുനിർത്താൻ കഴിയും. വെള്ളം ഒഴുകിപ്പോകുന്നത് കുറയുന്നതിനാൽ മണ്ണൊലിപ്പും നദികളിലേക്കും തടാകങ്ങളിലേക്കും മണ്ണും മലിനവസ്തുക്കളും ഒഴുകിയെത്തുന്നതും കുറയ്ക്കാം. രാസവളം, കീടനാശിനി, ജലസേചനം എന്നിവയിലുള്ള ആശ്രയം കുറയുന്നതോടെ ഉൽപാദനച്ചെലവ് കുറയ്ക്കാനും വിളവ് സ്ഥിരപ്പെടുത്താനും കർഷകരുടെ അറ്റവരുമാനം വർധിപ്പിക്കാനും കഴിയും. കൃഷി, ഉപദേശ സേവനങ്ങൾ, സാങ്കേതികവിദ്യ, പരിസ്ഥിതി പരിപാലനം തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തെയും വിപണിയിലെ ചാഞ്ചാട്ടത്തെയും നേരിടാനുള്ള കൃഷിയിടങ്ങളുടെ ശേഷിയും ഉയരുന്നു.
പുനരുജ്ജീവന കൃഷി സുസ്ഥിര വികസന ലക്ഷ്യം 13 ആയ കാലാവസ്ഥാ പ്രവർത്തനവുമായി അടുത്ത ബന്ധമുള്ളതാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങളെയും പ്രകൃതിദുരന്തങ്ങളെയും നേരിടാനുള്ള പ്രതിരോധശേഷിയും പൊരുത്തപ്പെടാനുള്ള ശേഷിയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം 13.1. ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്ന പുനരുജ്ജീവന രീതികൾ കൃഷിയിടങ്ങളിലെ കാലാവസ്ഥാ അപകടസാധ്യത കുറയ്ക്കുകയും മാറുന്ന കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
കർഷകർക്ക് സഹായമായി വിവിധ സർക്കാർ പദ്ധതികൾ
പ്രകൃതി-ജൈവ കൃഷി, കാർഷിക വനവത്കരണം, സൂക്ഷ്മ ജലസേചനം, സംയോജിത കൃഷി, ശാസ്ത്രീയ മണ്ണ് ആരോഗ്യ പരിപാലനം എന്നിവ പ്രോത്സാഹിപ്പിക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
2024ൽ ആരംഭിച്ച ദേശീയ പ്രകൃതി കൃഷി ദൗത്യം കർഷകരെ ഘട്ടംഘട്ടമായി പ്രകൃതി കൃഷിയിലേക്ക് മാറ്റാൻ സഹായിക്കുന്ന പിന്തുണാ സംവിധാനം ഒരുക്കുന്നു. ഒരു കർഷകന് പരമാവധി ഒരേക്കർ വരെ രണ്ടുവർഷത്തേക്ക് പ്രതിവർഷം ഏക്കറിന് 4,000 രൂപ ഉൽപാദനാധിഷ്ഠിത പ്രോത്സാഹനം നൽകുന്നു. ജീവാമൃത്, ബീജാമൃത് തുടങ്ങിയ ജൈവ ഘടകങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ആവശ്യാനുസരണം 10,000 ജൈവ ഉൽപാദന വിഭവ കേന്ദ്രങ്ങൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
പ്രകൃതി കൃഷി കൂട്ടായ്മകൾ രൂപീകരിക്കുകയും ഓരോ കൂട്ടായ്മയ്ക്കും കർഷകരെ സഹായിക്കാൻ രണ്ട് സമൂഹ വിഭവ പ്രവർത്തകരെ നിയോഗിക്കുകയും ചെയ്യുന്നു. 2026 മാർച്ച് അഞ്ചുവരെ രാജ്യത്ത് 18,786 കൂട്ടായ്മകൾ രൂപീകരിച്ചു. ഇവ 8.80 ലക്ഷം ഹെക്ടർ പ്രദേശം ഉൾക്കൊള്ളുന്നു. 18.19 ലക്ഷം കർഷകരെ പദ്ധതിയിൽ ചേർത്തു. കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, കാർഷിക സർവകലാശാലകൾ, പ്രാദേശിക പ്രകൃതി കൃഷി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 33,676 സമൂഹ വിഭവ പ്രവർത്തകർക്ക് പരിശീലനം നൽകി.
2015ൽ ആരംഭിച്ച പരമ്പരാഗത കൃഷി വികാസ് യോജന ഇന്ത്യയുടെ ജൈവകൃഷി പദ്ധതിയിലെ പ്രധാന ഘടകമായി മാറി. പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കാനും ജൈവ സർട്ടിഫിക്കേഷൻ നേടാനും സുസ്ഥിര ഉൽപാദനത്തിന് മികച്ച വിപണി കണ്ടെത്താനും പദ്ധതി സഹായിക്കുന്നു. ജൈവകൃഷി സ്വീകരിക്കുന്ന കർഷകർക്ക് മൂന്നുവർഷത്തേക്ക് ഹെക്ടറിന് 31,500 രൂപ സഹായം നൽകുന്നു. 2025 ഒക്ടോബർ 31 വരെ പദ്ധതി ആരംഭിച്ചതുമുതൽ 16.90 ലക്ഷം ഹെക്ടർ പ്രദേശം ഇതിൽ ഉൾപ്പെടുത്തി.
2015-16 മുതൽ രാജ്യത്തുടനീളം നടപ്പാക്കുന്ന ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ പദ്ധതി ഡ്രിപ്പ്, സ്പ്രിങ്ക്ലർ ജലസേചനത്തിലൂടെ കൃഷിയിടത്തിലെ ജല ഉപയോഗ കാര്യക്ഷമത വർധിപ്പിക്കുന്നു. ഡ്രിപ്പ് സംവിധാനത്തിൽ പൈപ്പുകളും ജലവിതരണ ഉപകരണങ്ങളും വഴി വെള്ളം നേരിട്ട് ചെടിയുടെ വേരിലെത്തിക്കുന്നു. സ്പ്രിങ്ക്ലർ സംവിധാനത്തിൽ പൈപ്പുകളും നോസിലുകളും ഉപയോഗിച്ച് വയലിലേക്ക് ഒരേപോലെ വെള്ളം തളിക്കുന്നു.
ഈ സംവിധാനങ്ങൾ സ്ഥാപിക്കാൻ ചെറുകിട, നാമമാത്ര കർഷകർക്ക് 55 ശതമാനവും മറ്റ് കർഷകർക്ക് 45 ശതമാനവും സർക്കാർ സാമ്പത്തിക സഹായം നൽകുന്നു. ചില സംസ്ഥാനങ്ങൾ സ്വന്തം ബജറ്റിൽ നിന്ന് അധിക സബ്സിഡിയും നൽകുന്നുണ്ട്. 2026 മേയ് വരെ ഏകദേശം 109 ലക്ഷം ഹെക്ടർ പദ്ധതിയിൽ ഉൾപ്പെടുത്തി. കേന്ദ്രസഹായമായി ആകെ 26,325 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
2014-15 മുതൽ നടപ്പാക്കുന്ന മഴയെ ആശ്രയിച്ചുള്ള പ്രദേശ വികസന പദ്ധതി, പ്രദേശാധിഷ്ഠിത കൂട്ടായ്മാ രീതിയിൽ സംയോജിത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. ബഹുവിള കൃഷി, വിളപരിക്രമണം, ഇടവിള കൃഷി, സമ്മിശ്ര കൃഷി എന്നിവ തോട്ടവിള, കന്നുകാലി വളർത്തൽ, മത്സ്യകൃഷി, തേനീച്ച വളർത്തൽ തുടങ്ങിയ അനുബന്ധ മേഖലകളുമായി ബന്ധിപ്പിക്കുന്നു. കർഷകരുടെ വരുമാനവും ഉപജീവന സുരക്ഷയും വർധിപ്പിക്കുകയും കാലാവസ്ഥാ പ്രതിസന്ധികളെ നേരിടാനുള്ള ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ഒന്നോ അതിലധികമോ സമീപ ഗ്രാമങ്ങളിലായി ഏകദേശം 20 ഹെക്ടർ വീതമുള്ള കൂട്ടായ്മകളാണ് വികസിപ്പിക്കുന്നത്. സംയോജിത കൃഷി സ്വീകരിക്കാൻ ഒരു കുടുംബത്തിന് 30,000 രൂപ സാമ്പത്തിക സഹായവും പരിശീലനത്തിനും ശേഷിവികസനത്തിനുമായി ഓരോ കൂട്ടായ്മയ്ക്കും 10,000 രൂപ അധിക സഹായവും നൽകുന്നു. പദ്ധതി ആരംഭിച്ചതുമുതൽ സംസ്ഥാനങ്ങൾക്ക് 2,251.98 കോടി രൂപ കേന്ദ്രസഹായം നൽകി. 2025 ഡിസംബർ വരെ 9.53 ലക്ഷം ഹെക്ടർ പദ്ധതിയിൽ ഉൾപ്പെടുത്തി 15.73 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.
കൃഷി വിജ്ഞാന കേന്ദ്രങ്ങൾ പ്രദേശത്തിന് അനുയോജ്യമായ സംയോജിത കൃഷിമാതൃകകളുടെ പ്രദർശനവും പരിശീലനവും നൽകുന്നു. 2024-25ൽ 4,416 പ്രദർശനങ്ങൾ നടത്തുകയും 96,013 കർഷകർക്ക് വിവിധ മാതൃകകളിൽ പരിശീലനം നൽകുകയും ചെയ്തു. 2025-26 സാമ്പത്തിക വർഷത്തിൽ മഴയെ ആശ്രയിച്ചുള്ള പ്രദേശ വികസന പദ്ധതി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 343.86 കോടി രൂപ അനുവദിച്ചു. ഇതിന് കീഴിൽ 96,013 കർഷകർക്ക് പരിശീലനം ലഭിച്ചു.
മുൻകാല കാർഷിക വനവത്കരണ ഉപദൗത്യം 2023-24 മുതൽ പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ കാർഷിക വനവത്കരണ ഘടകമായി പുനഃസംഘടിപ്പിച്ചു. കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കാൻ കാർഷിക വനവത്കരണ നഴ്സറികൾ സ്ഥാപിക്കുന്നതിന് പദ്ധതി സഹായിക്കുന്നു.
പുതിയ നഴ്സറികൾ സ്ഥാപിക്കൽ, നിലവിലുള്ള നഴ്സറികളിൽ തൈകൾ വളർത്തൽ, ടിഷ്യു കൾച്ചർ യൂണിറ്റുകൾ സ്ഥാപിക്കൽ, നൈപുണ്യ വികസനവും ബോധവത്കരണവും, ഗവേഷണവും വികസനവും, നിരീക്ഷണവും വിലയിരുത്തലും, പ്രത്യേക സാങ്കേതിക പ്രവർത്തനങ്ങൾ, കാർഷിക മേഖലയിലെ സ്വമേധയാ കാർബൺ വിപണിക്കുള്ള പദ്ധതികൾ തയ്യാറാക്കൽ, പ്രാദേശിക പദ്ധതികൾ എന്നിവ ഇതിന്റെ ഭാഗമാണ്. സർക്കാർ ഏജൻസികൾക്ക് 100 ശതമാനം സഹായവും സ്വകാര്യ ഗുണഭോക്താക്കൾക്ക് വായ്പയുമായി ബന്ധിപ്പിച്ച 50 ശതമാനം സഹായവും നൽകുന്നു.
2025 ഒക്ടോബർ 31 വരെയുള്ള 2025-26 കാലയളവിൽ 27 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 78.31 കോടി രൂപയുടെ അനുമതി നൽകി. 135 പുതിയ നഴ്സറികൾ സ്ഥാപിച്ചു. നിലവിലുള്ള 614 നഴ്സറികളിൽ തൈ ഉൽപാദനം നടത്തി. ഏകദേശം 176.59 ലക്ഷം തൈകൾ വളർത്തി. ഇതിലൂടെ ഏകദേശം 25,693 കർഷകർക്ക് പ്രയോജനം ലഭിച്ചു.
2015ൽ ആരംഭിച്ച മണ്ണ് ആരോഗ്യ കാർഡ് പദ്ധതി ഓരോ കൃഷിയിടത്തിനും ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള മണ്ണ് പരിശോധനാ റിപ്പോർട്ട് നൽകുന്നു. പ്രധാന പോഷകങ്ങൾ, സൂക്ഷ്മ പോഷകങ്ങൾ, മണ്ണിന്റെ നിർണായക സ്വഭാവങ്ങൾ എന്നിവ ഉൾപ്പെടെ 12 പ്രധാന ഘടകങ്ങളാണ് പരിശോധിക്കുന്നത്. രണ്ടുവർഷത്തിലൊരിക്കൽ നൽകുന്ന കാർഡ് മണ്ണിലെ പോഷക നിലയും ഭൗതിക-രാസ സ്വഭാവവും മനസ്സിലാക്കാൻ കർഷകരെ സഹായിക്കുന്നു.
വിളയ്ക്ക് അനുയോജ്യമായി രാസവളം, ജൈവവളം, ജൈവ ഘടകങ്ങൾ, മണ്ണ് പരിപാലന മാർഗങ്ങൾ എന്നിവ എങ്ങനെ ഉപയോഗിക്കണമെന്ന നിർദേശവും കാർഡിൽ ലഭിക്കും. 2026 മാർച്ച് 13 വരെ പദ്ധതി ആരംഭിച്ചതുമുതൽ 25.89 കോടി മണ്ണ് ആരോഗ്യ കാർഡുകൾ തയ്യാറാക്കി. സന്തുലിത വളപ്രയോഗം പ്രോത്സാഹിപ്പിക്കാൻ ഏകദേശം 7.17 ലക്ഷം പ്രദർശനങ്ങളും നടത്തി.
കാർഷിക സാങ്കേതിക പരിപാലന ഏജൻസിയുടെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെയും പിന്തുണയോടെയുള്ള നിർദേശങ്ങളിലൂടെയാണ് ഈ പ്രദർശനങ്ങൾ നടത്തിയത്. ഗ്രാമതലത്തിൽ മണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എത്തിക്കാൻ 70,002 കൃഷി സഖിമാർക്കും പരിശീലനം നൽകി.
പുനരുജ്ജീവന കൃഷി ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവിയെ ക്രമേണ മാറ്റുകയാണ്. പ്രകൃതി കൃഷി, കാർഷിക വനവത്കരണം, സൂക്ഷ്മ ജലസേചനം, സംയോജിത കൃഷി എന്നിവ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാനും കാലാവസ്ഥാ പ്രതിസന്ധികളെ നേരിടാനും സഹായിക്കുന്നു. കൂടുതൽ കർഷകർ ഈ രീതികളിലേക്ക് എത്തുന്നതോടെ പരിസ്ഥിതിക്ക് അനുയോജ്യവും സാമ്പത്തികമായി നേട്ടമുള്ളതുമായ കാർഷിക സംവിധാനം വികസിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. ആരോഗ്യമുള്ള മണ്ണിൽ നിന്ന് കൂടുതൽ പ്രതിരോധശേഷിയുള്ള കൃഷിയിടങ്ങളിലേക്കും സുരക്ഷിതമായ ഉപജീവനത്തിലേക്കുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

