ലഖ്നൗ / 2026 / ഓഗസ്റ്റ് 21
ഉത്തർപ്രദേശിലെ ചിത്രകൂട്, ബാന്ദ ജില്ലകളിലെ ആറിടങ്ങളിൽ പ്രവർത്തിച്ചിരുന്ന രഹസ്യ പാൻമസാല, സുഗന്ധ ജർദ, ഗുട്ഖ നിർമ്മാണ ശൃംഖല ജി.എസ്.ടി ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ ലഖ്നൗ മേഖലാ യൂണിറ്റ് കണ്ടെത്തി. പ്രത്യേക രഹസ്യവിവരത്തെ തുടർന്ന് ഓഗസ്റ്റ് 18ന് അർധരാത്രിയോടെ ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന ആരംഭിച്ചു. പാൻമസാലയും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന ഒരു സ്ഥാപനവും വ്യാപാരത്തിൽ ഏർപ്പെട്ട മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു പരിശോധന. ഇതുവരെ ഏകദേശം 185 കോടി രൂപയുടെ ജി.എസ്.ടി, സെസ്, കേന്ദ്ര എക്സൈസ് തീരുവ വെട്ടിപ്പ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പ്രഖ്യാപിക്കാത്ത 27 പാക്കിങ് യന്ത്രങ്ങൾ കണ്ടെത്തി
പരിശോധനയിൽ രജിസ്റ്റർ ചെയ്യാത്ത 27 പൗച്ച് പാക്കിങ് യന്ത്രങ്ങളാണ് കണ്ടെത്തിയത്. ഇതിൽ സുഗന്ധ ജർദയ്ക്കുള്ള ആറ് യന്ത്രങ്ങളും പാൻമസാലയ്ക്കുള്ള ഒമ്പത് യന്ത്രങ്ങളും ദൊഹാര അല്ലെങ്കിൽ ദേശി ഗുട്ഖയ്ക്കുള്ള 12 യന്ത്രങ്ങളും ഉൾപ്പെടുന്നു. മിശ്രണം ചെയ്യുന്നതിനും അടയ്ക്ക ചതയ്ക്കുന്നതിനും ഉണക്കുന്നതിനുമുള്ള യന്ത്രങ്ങളും കണ്ടെത്തി. പാൻമസാല, ചവയ്ക്കുന്ന പുകയില, സുഗന്ധ ജർദ, സുഗന്ധിത സുപ്പാരി എന്നിവയുടെ 15,50,922 പൗച്ചുകളും പിടിച്ചെടുത്തു.
അടയ്ക്കയും പുകയിലയും ഉൾപ്പെടെ വൻതോതിൽ അസംസ്കൃത വസ്തുക്കൾ
പരിശോധനയിൽ 32.9 മെട്രിക് ടൺ അടയ്ക്കയും മുറിച്ച അടയ്ക്കയും, 2.8 മെട്രിക് ടൺ പുകയിലയും പിടിച്ചെടുത്തു. 8.4 മെട്രിക് ടൺ പാക്കിങ് സാമഗ്രികൾ, പൗച്ചുകൾ, ലാമിനേറ്റുകൾ എന്നിവയും കണ്ടെത്തി. ഇതിന് പുറമെ 470 കിലോഗ്രാം കത്തപ്പൊടി, 850 കിലോഗ്രാം ഗ്ലിസറിൻ, 545 കിലോഗ്രാം എസൻസ്, പാക്ക് ചെയ്യാത്ത 256 കിലോഗ്രാം പാൻമസാല എന്നിവയും പിടിച്ചെടുത്തു.
രജിസ്റ്റർ ചെയ്യാത്ത കേന്ദ്രങ്ങളിലൂടെ രഹസ്യ നിർമ്മാണമെന്ന് കണ്ടെത്തൽ
രജിസ്റ്റർ ചെയ്യാത്ത കേന്ദ്രങ്ങളിലും പ്രഖ്യാപിക്കാത്ത യന്ത്രങ്ങളിലുമാണ് ഉൽപ്പാദനം നടന്നിരുന്നതെന്നാണ് ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്. ബാധകമായ ജി.എസ്.ടി, ഹെൽത്ത് സെക്യൂരിറ്റി സെ നാഷണൽ സെക്യൂരിറ്റി സെസ്, കേന്ദ്ര എക്സൈസ് തീരുവ എന്നിവ അടയ്ക്കാതെ ഉൽപ്പന്നങ്ങൾ രഹസ്യമായി പുറത്തേക്ക് കടത്തിയെന്നും കണ്ടെത്തി. രഹസ്യ നിർമ്മാണവും വിൽപ്പനയും സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തത് നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.
സ്ഥാപന ഉടമ അറസ്റ്റിൽ; അന്വേഷണം തുടരുന്നു
നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയെ ഓഗസ്റ്റ് 19ന് ഹെൽത്ത് സെക്യൂരിറ്റി സെ നാഷണൽ സെക്യൂരിറ്റി സെസ് നിയമം 2025-ലെ വകുപ്പ് 26, കേന്ദ്ര എക്സൈസ് നിയമം 1944-ലെ വകുപ്പ് 13 എന്നിവ പ്രകാരം അറസ്റ്റ് ചെയ്തു. ലഖ്നൗവിലെ സ്പെഷ്യൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണം തുടരുകയാണ്. കൂടുതൽ വസ്തുക്കൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി മുതൽ രാജ്യത്താകെ 668 കോടി രൂപയുടെ വെട്ടിപ്പ്
പാൻമസാല, പുകയില മേഖലയിൽ ഉൽപ്പാദന ശേഷിയെ അടിസ്ഥാനമാക്കിയുള്ള സെസ്, നികുതി സംവിധാനം 2026 ഫെബ്രുവരി ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. പാക്കിങ് യന്ത്രങ്ങളുടെ എണ്ണം, തരം, ഉൽപ്പാദന ശേഷി എന്നിവ അടിസ്ഥാനമാക്കി പാൻമസാലയ്ക്ക് പ്രതിമാസ സെസ് കണക്കാക്കുന്നു. ചവയ്ക്കുന്ന പുകയില, ജർദ, ഗുട്ഖ എന്നിവയ്ക്കും സമാന രീതിയിൽ കേന്ദ്ര എക്സൈസ് തീരുവ ബാധകമാണ്. പ്രഖ്യാപിക്കാത്ത യന്ത്രങ്ങൾ രഹസ്യമായി ഉപയോഗിച്ച് നികുതി ഒഴിവാക്കാനുള്ള ശ്രമങ്ങൾ തടയാൻ ജി.എസ്.ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ഡാറ്റാ വിശകലനവും ഏകോപിത പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ശേഷം രാജ്യത്താകെ 27 കേസുകൾ രജിസ്റ്റർ ചെയ്തു. 668 കോടി രൂപയുടെ തീരുവ, നികുതി, സെസ് വെട്ടിപ്പാണ് കണ്ടെത്തിയത്. അന്വേഷണത്തിനിടെ 11.7 കോടി രൂപ സ്വമേധയാ അടച്ചു. ആകെ 131 പൗച്ച് പാക്കിങ് യന്ത്രങ്ങൾ പിടിച്ചെടുക്കുകയും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
.