ഗോവ / 2026 / ഓഗസ്റ്റ് 20
ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി സമുദ്ര-ധ്രുവ ശാസ്ത്ര സാങ്കേതികവിദ്യ സംബന്ധിച്ച ബ്രിക്സ് പ്രവർത്തകസമിതിയുടെ എട്ടാമത് യോഗം ഗോവയിൽ നടന്നു. ഓഗസ്റ്റ് 12 മുതൽ 14 വരെ നടന്ന യോഗം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സംഘടിപ്പിച്ചു. ദേശീയ ധ്രുവ-സമുദ്ര ഗവേഷണ കേന്ദ്രമായ എൻ.സി.പി.ഒ.ആർ ആയിരുന്നു ആതിഥേയർ. ബ്രസീൽ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ. എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വിദഗ്ധരും പ്രതിനിധികളും പങ്കെടുത്തു. സമുദ്ര-ധ്രുവ ഗവേഷണത്തിലെ ശാസ്ത്രീയ സഹകരണം കൂടുതൽ ശക്തമാക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
എട്ട് രാജ്യങ്ങളുടെ പ്രതിനിധികൾ ഗോവയിൽ
ബ്രിക്സ് സമുദ്ര-ധ്രുവ ശാസ്ത്ര സാങ്കേതികവിദ്യ പ്രവർത്തകസമിതി രൂപീകരിച്ചതുമുതൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമായി ഏകോപിപ്പിച്ചാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവർത്തനങ്ങൾ നടത്തുന്നത്. ബ്രിക്സ് അംഗരാജ്യങ്ങൾ തമ്മിലുള്ള ശാസ്ത്ര, സാങ്കേതികവിദ്യ, നവീകരണ സഹകരണത്തിന്റെ ചട്ടക്കൂടിലാണ് പ്രവർത്തനങ്ങൾ. പരസ്പര താൽപര്യമുള്ള മേഖലകളെക്കുറിച്ച് ചർച്ച ചെയ്യാനും സമുദ്ര-ധ്രുവ ശാസ്ത്ര സാങ്കേതികവിദ്യയിലെ സഹകരണം കൂടുതൽ ശക്തമാക്കാനുമാണ് വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ ഒത്തുകൂടിയത്.
ഓഗസ്റ്റ് 12ന് എൻ.സി.പി.ഒ.ആർ ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത് യോഗം ഉദ്ഘാടനം ചെയ്തു. ആട്രിയ സർവകലാശാല വൈസ് ചാൻസലറും ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറിയുമായ ഡോ. മാധവൻ നായർ രാജീവൻ മുഖ്യാതിഥിയായി. മൂന്ന് ദിവസത്തെ യോഗത്തിന് എൻ.സി.പി.ഒ.ആർ ഡയറക്ടർ അധ്യക്ഷനായി. ഭൗമശാസ്ത്ര മന്ത്രാലയത്തിലെയും ശാസ്ത്ര സാങ്കേതിക വകുപ്പിലെയും ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമായിരുന്നു ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്. ഭൗമശാസ്ത്ര മന്ത്രാലയത്തിലെ സയന്റിസ്റ്റ് ജിയും ഉപദേഷ്ടാവുമായ ഡോ. സന്ദീപ് കുമാർ മുഖോപാധ്യായാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.
തീരനഗരങ്ങളുടെ സംരക്ഷണം പ്രധാന ചർച്ചയായി
സമുദ്ര-ധ്രുവ ഗവേഷണ മേഖലയിൽ ശാസ്ത്രീയ സഹകരണം, അറിവ് കൈമാറ്റം, ശേഷിവികസനം, സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള വേദിയായി യോഗം മാറി. തീരമേഖലകൾ നേരിടുന്ന വെല്ലുവിളികളും പ്രത്യേകിച്ച് തീരനഗരങ്ങളുടെ സംരക്ഷണവും ചർച്ചയായി. ശക്തവും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ സമുദ്ര വിവര സേവനങ്ങൾ വികസിപ്പിക്കുന്നതിന് സംയുക്ത സംഭാവനകളിലൂടെ ആഗോള സമുദ്ര നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതും ചർച്ച ചെയ്തു.
സംയുക്ത ധ്രുവ ഗവേഷണം വികസിപ്പിക്കുക, അന്റാർട്ടിക് പര്യവേക്ഷണത്തിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുക, പ്രത്യേകിച്ച് യുവ ഗവേഷകർക്ക് ശേഷിവികസനത്തിനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്നിവയിലും ചർച്ചകൾ കേന്ദ്രീകരിച്ചു.
തീരപ്രതിരോധത്തിനും ധ്രുവ ജൈവവൈവിധ്യ പഠനത്തിനും ധാരണ
തീരമേഖലകളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനം നടത്താൻ ബ്രിക്സ് രാജ്യങ്ങളുടെ പ്രതിനിധികൾ ധാരണയിലെത്തി. ധ്രുവസമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ച് സംയുക്ത പഠനം നടത്താനും അഞ്ചാമത് അന്താരാഷ്ട്ര ധ്രുവവർഷത്തിനായി നാഴികക്കല്ലുകൾ നിശ്ചയിക്കാനും യുവ ഗവേഷകരുടെ ശേഷിവികസനം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു.
ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിക്കിടെ പ്രവർത്തകസമിതിക്കായുള്ള മാർഗരേഖ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഇന്ത്യ ഏകോപനം നടത്തും. ഹ്രസ്വകാല നടപ്പാക്കലിനുള്ള പ്രവർത്തനപദ്ധതിയും ഇതിന്റെ ഭാഗമാകും.
ഗവേഷണം മുതൽ വിദ്യാർഥി കൈമാറ്റം വരെ
യോഗത്തിന്റെ സമാപന സമ്മേളനത്തെ ഓൺലൈനായി അഭിസംബോധന ചെയ്ത കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ടി. ശ്രീനിവാസ കുമാർ തുമ്മല, മൂന്ന് ദിവസത്തെ ചർച്ചകളെയും അതിലൂടെ ഉണ്ടായ ഫലങ്ങളെയും അഭിനന്ദിച്ചു. സമുദ്ര-ധ്രുവ ശാസ്ത്ര മേഖലകളിലെ ശാസ്ത്രീയ സഹകരണം ശക്തിപ്പെടുത്താനുള്ള വിലപ്പെട്ട വേദിയാണ് യോഗം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാന മുൻഗണനാ മേഖലകളിൽ രൂപപ്പെട്ട ധാരണയിൽ അദ്ദേഹം സംതൃപ്തി അറിയിച്ചു. യോഗത്തിലെ തീരുമാനങ്ങൾ വ്യക്തമായ സംയുക്ത പ്രവർത്തനങ്ങളാക്കി മാറ്റാൻ അംഗരാജ്യങ്ങളെ പ്രോത്സാഹിപ്പിച്ചു. സംയുക്ത ഗവേഷണ പദ്ധതികൾ, ശാസ്ത്രജ്ഞരുടെയും വിദ്യാർഥികളുടെയും കൈമാറ്റം, ഗവേഷണ അടിസ്ഥാനസൗകര്യങ്ങൾ പങ്കിടൽ, സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് ബ്രിക്സ്
യോഗത്തിലെ ശുപാർശകളും ഫലങ്ങളും സമുദ്ര-ധ്രുവ ശാസ്ത്ര സാങ്കേതികവിദ്യയിലെ ബ്രിക്സ് സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് ഡോ. ടി. ശ്രീനിവാസ കുമാർ തുമ്മല ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംയുക്ത പ്രവർത്തനങ്ങളിലൂടെയും ശക്തമായ പങ്കാളിത്തത്തിലൂടെയും സമുദ്ര-ധ്രുവ ശാസ്ത്ര സാങ്കേതികവിദ്യ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രതിബദ്ധത ബ്രിക്സ് രാജ്യങ്ങൾ വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് യോഗം അവസാനിച്ചത്.
.