ഡൽഹി / 2026 / ഓഗസ്റ്റ് 07
ഇന്ത്യൻ റെയിൽവേയിലെ യാത്രക്കാരുടെ റിസർവേഷൻ സംവിധാനം ക്യൂവിൽ നിന്ന് ഓൺലൈൻ ക്ലിക്കിലേക്കുള്ള വലിയ മാറ്റം കണ്ടിരിക്കുകയാണ്. 1986-ൽ ആരംഭിച്ച പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പൊതുജന റിസർവേഷൻ സംവിധാനങ്ങളിലൊന്നാണ്. ജോലി, പഠനം, ചികിത്സ, വ്യാപാരം, കുടുംബയാത്ര തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ദിവസേന ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ സംവിധാനം കൂടുതൽ വേഗത്തിലും വിശ്വാസ്യതയോടെയും പ്രവർത്തിക്കാൻ ഇന്ത്യൻ റെയിൽവേ സമഗ്രമായി നവീകരിക്കുകയാണ്. പുതിയ സംവിധാനം കൂടുതൽ ബുക്കിങ് ശേഷിയും യാത്രക്കാരെ കേന്ദ്രീകരിച്ച സൗകര്യങ്ങളും ശക്തമായ ഓൺലൈൻ അടിസ്ഥാനസൗകര്യവും നൽകും.
റിസർവേഷൻ കൗണ്ടറിൽ നിന്ന് രാജ്യവ്യാപക ഡിജിറ്റൽ സംവിധാനത്തിലേക്ക്
പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഇന്ത്യൻ റെയിൽവേയിലെ റിസർവ് ടിക്കറ്റുകളുടെ ബുക്കിങ്, മാറ്റം, റദ്ദാക്കൽ എന്നിവ കൈകാര്യം ചെയ്യുന്ന കംപ്യൂട്ടർ സംവിധാനമാണ്. സീറ്റ് അനുവദിക്കൽ, കാത്തിരിപ്പുപട്ടിക, റിസർവേഷൻ എഗെയിൻസ്റ്റ് കാൻസലേഷൻ, റിസർവേഷൻ ചാർട്ട്, യാത്രക്കാരുടെ അന്വേഷണങ്ങൾ എന്നിവയും ഇതിലൂടെയാണ് നടക്കുന്നത്. റിസർവേഷൻ കേന്ദ്രങ്ങളെയും ഓൺലൈൻ ബുക്കിങ് സംവിധാനങ്ങളെയും ബന്ധിപ്പിച്ചതോടെ റെയിൽവേ റിസർവേഷൻ കൂടുതൽ കാര്യക്ഷമവും സുതാര്യവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായി. കൈയെഴുത്ത് രജിസ്റ്ററുകളും കൗണ്ടർ ബുക്കിങ്ങും മാറ്റിയാണ് ഇലക്ട്രോണിക് സംവിധാനം വന്നത്. തുടർന്ന് രാജ്യവ്യാപക കംപ്യൂട്ടറൈസ്ഡ് എൻഹാൻസ്ഡ് റിസർവേഷൻ ആൻഡ് ടിക്കറ്റിങ് ശൃംഖലയിലൂടെ ഏത് ബന്ധിപ്പിച്ച റിസർവേഷൻ കേന്ദ്രത്തിൽ നിന്നും ട്രെയിനിന്റെ ആരംഭസ്ഥലമോ ലക്ഷ്യസ്ഥാനമോ പരിഗണിക്കാതെ രാജ്യത്തെ വിവിധ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിഞ്ഞു. പിന്നീട് വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും ബുക്കിങ് സംവിധാനത്തിന്റെ ഭാഗമായി. ഇന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും വഴിയാണ് ഓൺലൈൻ റിസർവേഷൻ ലഭിക്കുന്നത്.
1986-ൽ കംപ്യൂട്ടറൈസ്ഡ് റെയിൽവേ റിസർവേഷൻ ആരംഭിച്ചു. 1990-കളിൽ റെയിൽവേ മേഖലകളിലുടനീളം ശൃംഖല വ്യാപിപ്പിച്ച് രാജ്യവ്യാപക ബന്ധിത സംവിധാനം രൂപപ്പെട്ടു. 2002-ൽ ഇന്റർനെറ്റ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 2014-ൽ ഓൺലൈൻ ബുക്കിങ് ശേഷിയും യാത്രാനുഭവവും മെച്ചപ്പെടുത്താൻ നെക്സ്റ്റ് ജനറേഷൻ ഇ-ടിക്കറ്റിങ് സംവിധാനം കൊണ്ടുവന്നു. 2025-ൽ റെയിൽവൺ ആപ്ലിക്കേഷൻ പുറത്തിറക്കി. അതേ വർഷം കൂടുതൽ ബുക്കിങ്, അന്വേഷണ ശേഷിയുള്ള അടുത്ത തലമുറ റിസർവേഷൻ സംവിധാനം വികസിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റിൽ നവീകരിച്ച സംവിധാനത്തിലേക്ക് ട്രെയിനുകളെ ഘട്ടംഘട്ടമായി മാറ്റിത്തുടങ്ങി. ഈ നടപടികൾ സുതാര്യതയും പ്രവർത്തനക്ഷമതയും കൂട്ടി.
65.08 കോടി ടിക്കറ്റുകൾ; 89 ശതമാനവും ഓൺലൈനിൽ
2025 ജൂണിനും 2026 ജൂണിനുമിടയിൽ പാസഞ്ചർ റിസർവേഷൻ സിസ്റ്റം വഴി 65.08 കോടി റിസർവ് ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്. ഇതിൽ 57.90 കോടി, അതായത് 89 ശതമാനം ടിക്കറ്റുകൾ ഓൺലൈനിലായിരുന്നു. റെയിൽ യാത്രക്കാർ ഡിജിറ്റൽ സേവനങ്ങളിലേക്ക് അതിവേഗം മാറുന്നതാണ് ഇത് കാണിക്കുന്നത്. ഇപ്പോഴത്തെ സംവിധാനം ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റെയിൽവേ ബുക്കിങ് സംവിധാനങ്ങളിലൊന്നാണ്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസാണ് ഇത് വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. വിവിധ ബുക്കിങ് വഴികളിലൂടെ ദിവസേന 20.5 ലക്ഷത്തിലധികം യാത്രക്കാർക്ക് ഇത് സേവനം നൽകുന്നു. ഇടപാടുകളിൽ ഏകദേശം 73 ശതമാനവും പണമില്ലാത്ത രീതിയിലാണ്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുജന ഓൺലൈൻ സംവിധാനങ്ങളിലൊന്നായി ഇത് മാറി.
വളരുന്ന ആവശ്യകത നിറവേറ്റാൻ കൂടുതൽ ഇടപാടുകൾ കൈകാര്യം ചെയ്യാനും വേഗത്തിലും വിശ്വാസ്യതയോടെയും സുരക്ഷിതമായും സേവനം നൽകാനും കഴിയുന്ന സംവിധാനം വേണമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. അതിനായി മുൻകൂർ റിസർവേഷൻ കാലയളവ് 120 ദിവസത്തിൽ നിന്ന് 60 ദിവസമാക്കി. 2025 ജൂലൈയിൽ ആധാർ സ്ഥിരീകരണമുള്ള തത്കാൽ ബുക്കിങ് ആരംഭിച്ചു. നീതിയും സുതാര്യതയും കൂട്ടാനായിരുന്നു നടപടി. പിന്നീട് ഓട്ടോമേറ്റഡ് ബോട്ടുകളും അനധികൃത ഏജന്റുമാരും ദുരുപയോഗം ചെയ്യുന്നത് തടയാൻ ഒറ്റത്തവണ പാസ്വേഡ് പരിശോധനയും കൂട്ടിച്ചേർത്തു. 2010-ൽ ഇറ്റാനിയം സർവറുകളിലും ഓപ്പൺ വി.എം.എസ്. പ്ലാറ്റ്ഫോമിലും സ്ഥാപിച്ച നിലവിലെ സംവിധാനം ഇന്നത്തെ ഡിജിറ്റൽ ആവശ്യത്തിന് വേണ്ടിയുള്ളതല്ല. അതുകൊണ്ടാണ് ക്ലൗഡ് അധിഷ്ഠിത അടുത്ത തലമുറ റിസർവേഷൻ സംവിധാനത്തിലേക്ക് ഇത് ഉയർത്തുന്നത്.
പുതിയ സംവിധാനത്തിൽ മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. നിലവിൽ ഇത് 32,000 ആണ്. മിനിറ്റിൽ 40 ലക്ഷത്തിലധികം അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനാകും. ഇപ്പോഴത്തെ ശേഷി 4 ലക്ഷമാണ്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ബഹുഭാഷാ, ഉപയോക്തൃസൗഹൃദ സംവിധാനം ലഭിക്കും. ഭാവിയിലെ യാത്രക്കാരുടെ ആവശ്യം നിറവേറ്റാൻ കൂടുതൽ വ്യാപിപ്പിക്കാവുന്നതും വഴക്കമുള്ളതും വിശ്വാസ്യതയുള്ളതുമായ സംവിധാനമായിരിക്കും ഇത്.
പുതിയ വെബ്സൈറ്റും റെയിൽവൺ ആപ്പും; യാത്രക്കാരന് കൂടുതൽ സൗകര്യം
യാത്രക്കാരുടെ സൗകര്യങ്ങൾ കൂട്ടുന്നതിനായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ വെബ്സൈറ്റും പുതുക്കുകയാണ്. 2026 ജൂലൈയിൽ പുറത്തിറക്കിയ ബീറ്റാ പതിപ്പിൽ ലളിതമായ രൂപകൽപ്പനയും കുറച്ച ബുക്കിങ് ഘട്ടങ്ങളും എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യതയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പോർട്ടൽ അടുത്ത തലമുറ റിസർവേഷൻ സംവിധാനവുമായി ബന്ധിപ്പിക്കും. റെയിൽ ടിക്കറ്റിന് പുറമെ ഹോട്ടൽ ബുക്കിങ്, റിട്ടയറിങ് റൂം, ലോഞ്ച് ബുക്കിങ്, ടൂർ പാക്കേജ്, വിമാനടിക്കറ്റ്, ബസ് ടിക്കറ്റ് എന്നിവയും ടൂറിസം പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്.
1986-ൽ സ്ഥാപിതമായ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ഇന്ത്യൻ റെയിൽവേയുടെ വിവരസാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. റെയിൽവേ ബുക്കിങ് കംപ്യൂട്ടറൈസ് ചെയ്തതിൽ നിന്ന് സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്ന സ്ഥാപനമായി നാലു പതിറ്റാണ്ടിനിടെ ഇത് വളർന്നു. ഇന്ന് ദശലക്ഷക്കണക്കിന് യാത്രക്കാരും റെയിൽവേ ജീവനക്കാരും ഇതിന്റെ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.
റിസർവേഷൻ ഇല്ലാത്ത യാത്രയ്ക്കുള്ള പേപ്പർരഹിതവും മൊബൈൽ അധിഷ്ഠിതവുമായ ടിക്കറ്റിങ് അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം നൽകുന്നു. നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം ട്രെയിനിന്റെ തത്സമയ ഓട്ടസ്ഥിതി, സമയക്രമം, എത്തിച്ചേരൽ, പുറപ്പെടൽ വിവരങ്ങൾ നൽകുന്നു. 2017-ൽ വന്ന റെയിൽകണക്ട് മൊബൈൽ ആപ്ലിക്കേഷൻ റിസർവേഷൻ സേവനങ്ങൾ സ്മാർട്ട്ഫോണിലെത്തിച്ചു. ടിക്കറ്റ് ബുക്കിങ്, റദ്ദാക്കൽ, പി.എൻ.ആർ. അന്വേഷണം എന്നിവ അതിൽ ലഭ്യമായി.
2025 ജൂലൈയിൽ പുറത്തിറക്കിയ റെയിൽവൺ വിവിധ റെയിൽവേ സേവനങ്ങളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിൽ കൂട്ടിച്ചേർക്കുന്നു. ജൂലൈ 22 വരെ ആൻഡ്രോയ്ഡ്, ഐ.ഒ.എസ്. ഉപകരണങ്ങളിലായി 4.55 കോടിയിലധികം ഡൗൺലോഡുകൾ രേഖപ്പെടുത്തി. ദിവസേന ഏകദേശം 9.65 ലക്ഷം ടിക്കറ്റ് ബുക്കിങ്ങുകളും ഇതിലൂടെ നടക്കുന്നു. കാത്തിരിപ്പുപട്ടികയിലെ ടിക്കറ്റ് യാത്രയ്ക്കുമുമ്പ് ഉറപ്പാകാനുള്ള സാധ്യത ബുക്കിങ് സമയത്തുതന്നെ കണക്കാക്കുന്ന കൃത്രിമബുദ്ധി അധിഷ്ഠിത സൗകര്യവും ഇതിലുണ്ട്. ഈ പ്രവചനത്തിന്റെ കൃത്യത 53 ശതമാനത്തിൽ നിന്ന് 94 ശതമാനമായി ഉയർന്നു. യാത്ര തീരുമാനിക്കാൻ ഇത് സഹായിക്കുന്നു.
റെയിൽമദദ് മുതൽ ചരക്കുനീക്കം വരെ ഒരേ ഡിജിറ്റൽ അടിത്തറ
റെയിൽമദദ് യാത്രക്കാരുടെ പരാതികൾ, അഭിപ്രായങ്ങൾ, സേവന അഭ്യർഥനകൾ എന്നിവയ്ക്കുള്ള സംയോജിത സംവിധാനമാണ്. വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സന്ദേശസേവനം, റെയിൽവേ ഹെൽപ്ലൈൻ 139 എന്നിവ വഴി സഹായം തേടാം. പരാതികൾ സ്വയം ബന്ധപ്പെട്ട വിഭാഗത്തിലേക്ക് നൽകുകയും ആവശ്യമെങ്കിൽ സ്വയം ഉയർന്ന തലത്തിലേക്ക് കൈമാറുകയും ചെയ്യുന്ന സംവിധാനവും ഇതിലുണ്ട്. 2023-24ൽ 99.98 ശതമാനം, 2024-25ൽ 99.99 ശതമാനം, 2025-26ൽ 99.98 ശതമാനം പരാതികൾ പരിഹരിച്ചു. കോച്ച്മിത്ര യാത്രയ്ക്കിടെ ശുചീകരണവും മറ്റ് സഹായങ്ങളും ആവശ്യപ്പെടാൻ സഹായിക്കുന്നു. റെയിൽ സുഗം റെയിൽവേ സേവനങ്ങൾ, ചരക്ക്, യാത്രാസൗകര്യങ്ങൾ എന്നിവയുടെ വിവരങ്ങൾ നൽകുന്നു. റെയിൽ രാജ്ഭാഷ ഡിജിറ്റൽ ഉപകരണങ്ങളിലൂടെ റെയിൽവേ ഭരണത്തിൽ ഹിന്ദിയുടെ ഉപയോഗത്തെ പിന്തുണയ്ക്കുന്നു.
യാത്രക്കാരുടെ സേവനങ്ങൾക്കപ്പുറം റെയിൽവേയുടെ പ്രവർത്തനക്ഷമത കൂട്ടാൻ വിവിധ ഡിജിറ്റൽ സംവിധാനങ്ങളും സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് വികസിപ്പിച്ചിട്ടുണ്ട്. ഫ്രൈറ്റ് ഓപ്പറേഷൻസ് ഇൻഫർമേഷൻ സിസ്റ്റം ചരക്കുനീക്കം, വാഗൺ മാനേജ്മെന്റ്, ലോജിസ്റ്റിക് പദ്ധതി എന്നിവ ഡിജിറ്റലാക്കുന്നു. ക്രൂ മാനേജ്മെന്റ് സിസ്റ്റം ജീവനക്കാരുടെ ഷെഡ്യൂൾ, വിന്യാസം, നിരീക്ഷണം എന്നിവ ലളിതമാക്കുന്നു. ഇ-ദൃഷ്ടി റെയിൽവേ പ്രകടനവും പ്രവർത്തന സൂചികകളും നിരീക്ഷിക്കാൻ ഡാഷ്ബോർഡുകൾ നൽകുന്നു. ആപൂർത്തി വാങ്ങലും ടെൻഡർ നടപടികളും ഡിജിറ്റലാക്കുന്നു. ചാലക് ദൾ, കൈയിൽ കൊണ്ടുനടക്കാവുന്ന ടെർമിനലുകൾ എന്നിവ ഫീൽഡ് പ്രവർത്തനം, പരിശോധന, തത്സമയ നിരീക്ഷണം എന്നിവയ്ക്ക് സഹായിക്കുന്നു.
കൃത്രിമബുദ്ധിയും ക്ലൗഡും ചേർന്ന അടുത്ത തലമുറ റിസർവേഷൻ
റെയിൽവേ സാങ്കേതികവിദ്യ കൂടുതൽ നവീകരിക്കാൻ കൃത്രിമബുദ്ധി, മെഷീൻ ലേണിങ്, ബിഗ് ഡേറ്റ അനലിറ്റിക്സ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവ സ്വീകരിച്ചുവരുന്നു. ബ്ലോക്ക്ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവയും റെയിൽവേ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നു. ട്രെയിൻ വൈകൽ പ്രവചിക്കൽ, കാത്തിരിപ്പുപട്ടിക ടിക്കറ്റ് ഉറപ്പാകാനുള്ള സാധ്യത കണക്കാക്കൽ, ട്രെയിൻ റൂട്ടുകളും സമയക്രമവും മെച്ചപ്പെടുത്തൽ, ഊർജ ഉപഭോഗം മുൻകൂട്ടി കണക്കാക്കൽ, റെയിൽവേ ആസ്തികളുടെ മുൻകരുതൽ പരിപാലനം, ആസൂത്രണവും പ്രവർത്തന തീരുമാനങ്ങളും മെച്ചപ്പെടുത്തൽ എന്നിവയ്ക്കാണ് ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത്.
ഇതേ സാങ്കേതിക അടിത്തറയിലാണ് അടുത്ത തലമുറ പാസഞ്ചർ റിസർവേഷൻ സിസ്റ്റം നിർമ്മിക്കുന്നത്. ക്ലൗഡ് അധിഷ്ഠിത അടിസ്ഥാനസൗകര്യവും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളും ചേർത്ത് കൂടുതൽ വേഗമുള്ളതും ബുദ്ധിമാനുമായും ആവശ്യത്തിന് അനുസരിച്ച് വികസിപ്പിക്കാവുന്നതുമായ റിസർവേഷൻ പ്ലാറ്റ്ഫോമാണ് ലക്ഷ്യം. ഏകദേശം നാലു പതിറ്റാണ്ടായി നടന്ന ഇന്ത്യൻ റെയിൽവേയുടെ ഡിജിറ്റൽ മാറ്റത്തിന്റെ പ്രതിഫലനമാണ് നിലവിലെ റിസർവേഷൻ സംവിധാനം. രാജ്യത്തെ ദശലക്ഷക്കണക്കിന് യാത്രക്കാർ ഇന്ന് ഇത് ആശ്രയിക്കുന്നു. ഈ അടിത്തറയിൽ അടുത്ത തലമുറ സംവിധാനം കൂടി വരുന്നതോടെ വേഗത്തിലും വിശ്വാസ്യതയോടെയും തടസ്സമില്ലാതെയും സേവനം നൽകുന്ന, ഭാവിയിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ റിസർവേഷൻ സംവിധാനം ഒരുക്കുകയാണ് ഇന്ത്യൻ റെയിൽവേ.