അങ്കമാലിയില്‍ ആദ്യകാല ഗുണ്ടാനേതാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുകാരുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കാരണമെന്ന് പോലീസ് നിഗമനം.

അങ്കമാലി : അങ്കമാലിയിൽ ആദ്യകാല ഗുണ്ട നേതാവ് കൊല്ലപ്പെട്ടു. കുറുമശ്ശേരി മാകോലി വീട്ടിൽ ജയപ്രകാശന്‍(54) ആണ് മരിച്ചത്. 27-08-2020, വ്യാഴാഴ്ച രാത്രിയാണ് സംഭവം. 28-08-2020 വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ ജയപ്രകാശിന്‍റെ വീട്ടിൽ വന്ന ബന്ധുവാണ് മൃതദേഹം കണ്ടത്. തലയിൽ നിന്നും ചോര വാർന്ന നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. കൂട്ടുകാരുമൊത്തമുള്ള മദ്യപാനത്തിനെതിരെ ഉണ്ടായ തർക്കത്തിലാണ് ജയപ്രകാശൻ കൊല്ലപ്പെട്ടത് എന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച മദ്യപിക്കാൻ എത്തിയ കുറുമശ്ശേരി സ്വദേശികളായ വിജേഷ്, അനിൽ, സൗമേഷ് എന്നിവരെ ചെങ്ങമനാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ലാത്ത ജയപ്രകാശൻ തനിച്ചാണ് താമസിച്ചിരുന്നത്. തനിച്ചു താമസിക്കുന്ന വീട്ടിൽ വാടക ഗുണ്ടകളായ സുഹൃത്തുക്കൾ പതിവായി എത്തി മദ്യപിച്ച് ബഹളം വെക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. വ്യാഴാഴ്ചയും കൂട്ടുകാർ വീട്ടിലെത്തിയിരുന്നു. തലയിൽ കമ്പി പോലുള്ള വസ്തു കൊണ്ട് ശക്തമായി അടി ഏറ്റിട്ടുണ്ട്.

സംഭവം അറിഞ്ഞ ഉടൻ ആലുവ ഡിവൈഎസ്പി വേണുവിന്റേയും ചെങ്ങമനാട് എസ്എച്ച്ഒ ടി കെ ജോസിയുടേയും നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി. ശനിയാഴ്ച ഇൻക്വസ്റ്റ് തയ്യാറാക്കും.

മുംബൈയിൽ വെച്ചുണ്ടായ കൊലപാതകക്കേസിൽ മൂന്നുവർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നിരവധി കേസുകൾ ഇപ്പോഴും നിലവിലുണ്ട്. മലപ്പുറത്ത് ഡിവൈഎസ്പിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തൽ, പാറക്കടവ് പറമ്പുശ്ശേരിയിൽ ഇഷ്ടിക വ്യാപാരിയെ കത്തികാട്ടി പണം തട്ടിയെടുക്കൽ തുടങ്ങി പല കേസുകളിലും പ്രതിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →