പ്രധാന വിവരങ്ങൾ
- ഇന്ത്യയിൽ എണ്ണൂറിലധികം ജി.ഐ. ഉൽപ്പന്നങ്ങളുണ്ട്.
- 2014 മുതൽ 607 അംഗീകാരങ്ങൾ അനുവദിച്ചു.
- അംഗീകാരം തൊഴിലാളികളുടെ വരുമാനം 30 ശതമാനംവരെ ഉയർത്താം.
- രജിസ്ട്രേഷൻ കാലാവധി പത്ത് വർഷമാണ്.
- 2030-ഓടെ 10,000 രജിസ്ട്രേഷനുകളാണ് ഇന്ത്യയുടെ ലക്ഷ്യം
ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 04
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങൾക്ക് കൂടുതൽ വരുമാനാവസരങ്ങൾ സൃഷ്ടിക്കുന്ന ശക്തമായ സംവിധാനമായി ഭൗമസൂചികാ അടയാളങ്ങൾ മാറുകയാണ്. ഉൽപ്പന്നങ്ങളെ അവയുടെ ഉത്ഭവസ്ഥലവുമായി ബന്ധിപ്പിക്കുന്ന ജി.ഐ. അംഗീകാരം പാരമ്പര്യ അറിവ് സംരക്ഷിക്കുകയും വ്യാജ ഉൽപ്പന്നങ്ങളുടെ ദുരുപയോഗം തടയുകയും ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു. കരകൗശല തൊഴിലാളികൾക്കും നെയ്ത്തുകാർക്കും കർഷകർക്കും ഉൽപ്പാദക കൂട്ടായ്മകൾക്കും മികച്ച വിപണി അംഗീകാരവും ഉയർന്ന വില ലഭിക്കുന്ന വിപണികളിലേക്കുള്ള പ്രവേശനവും ഇതിലൂടെ ലഭിക്കുന്നു. ശക്തമായ നിയമസംവിധാനം, പൊതുജന അവബോധം, സാമ്പത്തിക സഹായം, കയറ്റുമതി പ്രോത്സാഹനം, വിനോദസഞ്ചാര പദ്ധതികൾ, പ്രത്യേക വിപണനവേദികൾ എന്നിവയിലൂടെ ഇന്ത്യയിലെ ജി.ഐ. മേഖല വേഗത്തിൽ വളരുകയാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പശ്ചാത്തലക്കുറിപ്പ് പറയുന്നു.

ബനാറസി സാരിയുടെ യഥാർഥ വില തിരിച്ചറിയാൻ അടയാളം
ബനാറസിലെ ഒരു നെയ്ത്തുകാരൻ ഒരൊറ്റ ബനാറസി സാരി നിർമിക്കാൻ ആഴ്ചകളോളം അധ്വാനിക്കുന്നു. സൂക്ഷ്മമായ സരി ജോലികളുള്ള ഓരോ നൂലും വലിയ കൃത്യതയോടെയും വൈദഗ്ധ്യത്തോടെയുമാണ് നെയ്യുന്നത്. ഒറ്റരാത്രികൊണ്ട് പഠിക്കാനാവാത്ത ഈ വിദ്യ തലമുറകളിലൂടെ കൈമാറിയെത്തിയതാണ്. ഇത്രയും അധ്വാനമുണ്ടെങ്കിലും യഥാർഥ കൈത്തറി സാരികളും അനുകരണ ഉൽപ്പന്നങ്ങളും തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് പലപ്പോഴും കഴിയാത്തതിനാൽ, യഥാർഥ ബനാറസി സാരികൾ അർഹിക്കുന്നതിലും കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോകുന്നത്. പരമ്പരാഗത രീതിയിൽ ബനാറസിൽ തന്നെ നിർമിച്ചതാണെന്ന് ജി.ഐ. അടയാളം ഉറപ്പുനൽകുന്നു. ഇതോടെ ഉൽപ്പന്നത്തിന്റെ യാഥാർഥ്യം, ഗുണമേന്മ, സാംസ്കാരിക പൈതൃകം എന്നിവയിൽ വിശ്വാസം വർധിക്കുകയും ആഭ്യന്തര, വിദേശ വിപണികളിൽ കൂടുതൽ വില ലഭിക്കുകയും നെയ്ത്തുകാർക്ക് മികച്ച അംഗീകാരവും സാമ്പത്തിക നേട്ടവും ലഭിക്കുകയും ചെയ്യുന്നു.
കരകൗശല ഉൽപ്പന്നങ്ങളുടെ യാഥാർഥ്യം ഉറപ്പാക്കുന്ന മുദ്രയായ ജി.ഐ. അടയാളം അനുകരണം, ദുരുപയോഗം, അനധികൃത വാണിജ്യവൽക്കരണം എന്നിവയിൽനിന്നും അവയെ സംരക്ഷിക്കുന്നു. കർണാടകയിലെ ചന്നപട്ടണ മേഖലയിൽ പ്രത്യേക ലാക്വർ കലാരീതിയിൽ നിർമിക്കുന്ന തടി കളിപ്പാട്ടങ്ങൾക്കാണ് 2006-ൽ ചന്നപട്ടണ കളിപ്പാട്ടങ്ങൾ എന്ന ജി.ഐ. അംഗീകാരം ലഭിച്ചത്. കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജി.ഐ. അംഗീകാരം ഗ്രാമീണ കരകൗശല തൊഴിലാളികളുടെ വരുമാനം 20 മുതൽ 30 ശതമാനംവരെ ഉയർത്താൻ സഹായിക്കും. ഉൽപ്പന്നത്തിന്റെ ഉത്ഭവവും പൈതൃകവും ഉറപ്പാക്കുന്നതിനാൽ വിപണിയിലെ സ്വീകാര്യത വർധിക്കും. യഥാർഥ ഉൽപ്പന്നങ്ങൾ തേടുന്ന ഉപഭോക്താക്കൾ കൂടുമ്പോൾ തൊഴിലാളികൾക്ക് കൂടുതൽ ദൃശ്യപരതയും ഉയർന്ന വിലയുള്ള വിപണികളിലേക്കുള്ള പ്രവേശനവും വിലപേശൽ ശേഷിയും ലഭിക്കും. പാരമ്പര്യ കലാവൈദഗ്ധ്യം അടുത്ത തലമുറയ്ക്കായി സംരക്ഷിക്കാനും സ്ഥിരമായ തൊഴിലും വരുമാനവും സൃഷ്ടിക്കാനും ഇത് സഹായിക്കുന്നു.
മുസാഫർനഗർ ശർക്കരയ്ക്ക് ലഭിച്ച ജി.ഐ. അംഗീകാരം അതിനെ പ്രത്യേക ഗുണമേന്മയും ഉത്ഭവവും ഉള്ള ഉയർന്ന നിലവാരമുള്ള ഉൽപ്പന്നമായി വളർത്തി. ഈ അംഗീകാരം പ്രയോജനപ്പെടുത്തി ബ്രിജ്നന്ദൻ അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി 2025-ൽ 30 മെട്രിക് ടൺ ശർക്കര ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്തു. ജി.ഐ. സർട്ടിഫിക്കേഷൻ വിദേശ വാങ്ങുന്നവരുടെ വിശ്വാസവും വിപണനസാധ്യതയും വർധിപ്പിച്ചു. ഇതോടെ കർഷകർ നേതൃത്വം നൽകുന്ന കമ്പനിക്ക് പുതിയ കയറ്റുമതി അവസരങ്ങളും 545 അംഗങ്ങൾക്ക് കൂടുതൽ വരുമാനസാധ്യതയും ലഭിച്ചു.
എണ്ണൂറിലധികം ഉൽപ്പന്നങ്ങൾ; കേരളത്തിന്റെ ആറന്മുളക്കണ്ണാടിയും പട്ടികയിൽ
ഇന്ത്യയിൽ നിലവിൽ എണ്ണൂറിലധികം ജി.ഐ. ഉൽപ്പന്നങ്ങളുണ്ട്. 2014 മുതൽ 607 ജി.ഐ. അംഗീകാരങ്ങളാണ് അനുവദിച്ചത്. പശ്ചിമ ബംഗാളിലെ ഡാർജിലിങ് തേയിലയാണ് ഇന്ത്യയിൽ ആദ്യം ജി.ഐ. അംഗീകാരം നേടിയ ഉൽപ്പന്നം. ഉൽപ്പന്നത്തിനും അതിന്റെ ചിഹ്നത്തിനും സംരക്ഷണം ലഭിച്ചു. കേരളത്തിന്റെ ആറന്മുളക്കണ്ണാടി, തെലങ്കാനയിലെ പോച്ചംപള്ളി ഇക്കത്ത് എന്നിവയും ആദ്യകാല അംഗീകാരങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജി.ഐ. അംഗീകൃത ഉപയോക്താക്കളുടെ എണ്ണം 365-ൽനിന്ന് 2025 ജനുവരിയോടെ 29,000 ആയി ഉയർന്നു. ബ്രിട്ടൻ, ഇറ്റലി, യു.എ.ഇ., ബഹ്റൈൻ, ഖത്തർ, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവയാണ് ഇന്ത്യൻ ജി.ഐ. ഉൽപ്പന്നങ്ങളുടെ പ്രധാന കയറ്റുമതി വിപണികൾ.

ബൗദ്ധികസ്വത്തിന്റെ ഭാഗമായി ജി.ഐ. അടയാളങ്ങൾക്ക് വ്യവസായ സ്വത്ത് സംരക്ഷണത്തിനുള്ള പാരിസ് ഉടമ്പടിയിലും ലോക വ്യാപാര സംഘടനയുടെ വ്യാപാരബന്ധിത ബൗദ്ധികസ്വത്തവകാശ ഉടമ്പടിയിലും അന്താരാഷ്ട്ര അംഗീകാരമുണ്ട്. ഇന്ത്യയിൽ 1999-ലെ ഭൗമസൂചികാ ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷനും സംരക്ഷണവും സംബന്ധിച്ച നിയമപ്രകാരമാണ് ചെന്നൈയിലെ ജി.ഐ. രജിസ്ട്രി രജിസ്ട്രേഷനും സംരക്ഷണവും നിയന്ത്രിക്കുന്നത്. 2002-ൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. നിയമസംവിധാനം 2003-ൽ പ്രവർത്തനക്ഷമമായി. 2004-05 കാലഘട്ടത്തിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. 2025-ലെ ഭേദഗതിയിലൂടെ അപേക്ഷാ ഫീസും ബന്ധപ്പെട്ട നടപടികളുടെ ഫീസും 80 ശതമാനം കുറച്ചു. പുതുക്കൽ ഫീസ് 3,000 രൂപയിൽനിന്ന് 500 രൂപയാക്കി.
2025 ഡിസംബർവരെ 445 കരകൗശല ഉൽപ്പന്നങ്ങളും 27 ഉൽപ്പന്ന ചിഹ്നങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ പഷ്മിന, പശ്ചിമ ബംഗാളിലെ ബാലുചരി സാരി, ഉത്തർപ്രദേശിലെ ബനാറസ് ഗുലാബി മീനാകാരി എന്നിവ ഇതിൽപ്പെടുന്നു. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ബസ്മതിയല്ലാത്ത അരി എന്നിവ ഉൾപ്പെടെ 251 കാർഷിക ഉൽപ്പന്നങ്ങൾക്കും അംഗീകാരമുണ്ട്. നാസിക് വാലി വൈൻ, കനൗജ് സുഗന്ധദ്രവ്യം എന്നിവയടക്കം 64 നിർമാണ ഉൽപ്പന്നങ്ങളും 66 ഭക്ഷ്യ ഉൽപ്പന്നങ്ങളും രജിസ്റ്റർ ചെയ്തു. ബർധമാൻ മിഹിദാന, സീതാഭോഗ്, കേന്ദ്രപ്പാറ രസബലി, തിരുപ്പതി ലഡ്ഡു എന്നിവ ഭക്ഷ്യവിഭാഗത്തിൽപ്പെടുന്നു. രാജസ്ഥാനിലെ മക്രാന മാർബിൾ, ഉത്തർപ്രദേശിലെ ചുനാർ മണൽക്കല്ല്, പശ്ചിമ ബംഗാളിലെ പുരുലിയ ലാക്ക്, മധ്യപ്രദേശിലെ പന്ന വജ്രം, ഗുജറാത്തിലെ അംബാജി വെളുത്ത മാർബിൾ എന്നീ അഞ്ച് പ്രകൃതിദത്ത ഉൽപ്പന്നങ്ങൾക്കും ജി.ഐ. അംഗീകാരമുണ്ട്. 81 ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശാണ് സംസ്ഥാനങ്ങളിൽ മുന്നിൽ. തമിഴ്നാട്ടിൽ 76 ഉൽപ്പന്നങ്ങളും മഹാരാഷ്ട്രയിൽ 55 ഉൽപ്പന്നങ്ങളുമുണ്ട്.
രജിസ്ട്രേഷൻ പത്ത് വർഷം; വ്യാജവിവരം നൽകിയാൽ റദ്ദാക്കാം
ഉൽപ്പാദകരുടെ കൂട്ടായ്മകൾക്കും സംഘടനകൾക്കും നിയമപ്രകാരം രൂപീകരിച്ച അതോറിറ്റികൾക്കും ജി.ഐ. രജിസ്ട്രേഷനായി അപേക്ഷിക്കാം. അപേക്ഷകൻ നിയമപരമായ സ്ഥാപനമായിരിക്കണം. ബന്ധപ്പെട്ട ഉൽപ്പന്നത്തിന്റെ ഉൽപ്പാദകരുടെ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കുന്നുവെന്ന് തെളിയിക്കണം. അപേക്ഷയും മറ്റു രേഖകളും ചെന്നൈയിലെ ജി.ഐ. രജിസ്ട്രിയിൽ നേരിട്ട് നൽകാം. തപാൽ, രജിസ്റ്റർഡ് തപാൽ, സ്പീഡ് പോസ്റ്റ്, കൊറിയർ എന്നിവ വഴിയും സമർപ്പിക്കാം. രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലുമുള്ള അപേക്ഷകൾ കൈകാര്യം ചെയ്യാനുള്ള അധികാരം ചെന്നൈ രജിസ്ട്രിക്കാണ്.

ഉത്ഭവരാജ്യത്തിൽ സംരക്ഷണമില്ലാത്ത പൊതുവായ ഉൽപ്പന്നപ്പേരുകൾ രജിസ്റ്റർ ചെയ്യാനാവില്ല. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യത്യസ്തമായ ഉത്ഭവസ്ഥലം വ്യാജമായി കാണിക്കുന്നതോ ആയ സൂചനകളും അനുവദിക്കില്ല. മതവികാരം വ്രണപ്പെടുത്തുന്നതോ അപകീർത്തികരമോ അശ്ലീലമോ ആയ പേരുകൾക്കും നിയമസംരക്ഷണം ലഭിക്കില്ല. നിലവിലുള്ള നിയമം ലംഘിക്കുന്ന സൂചനകളും രജിസ്റ്റർ ചെയ്യാനാവില്ല. ഒരു ജി.ഐ. രജിസ്ട്രേഷന്റെ കാലാവധി പത്ത് വർഷമാണ്. പിന്നീട് അത് പുതുക്കാം. വഞ്ചനയിലൂടെയോ തെറ്റായ വിവരത്തിലൂടെയോ അംഗീകാരം നേടിയാൽ രജിസ്ട്രേഷൻ റദ്ദാക്കാം. ഉത്ഭവരാജ്യത്ത് സംരക്ഷണം നഷ്ടപ്പെട്ടാലോ ഉപയോഗത്തിൽനിന്ന് പൂർണമായി മാറിയാലോ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതിയിൽ ഉപയോഗിച്ചാലോ നിയമം ലംഘിച്ചാലോ അംഗീകാരം പിൻവലിക്കാം. പരാതിയുള്ള വ്യക്തിക്ക് രജിസ്ട്രാറെയോ ബന്ധപ്പെട്ട അതോറിറ്റിയെയോ സമീപിക്കാം. രജിസ്ട്രാറിനും അപ്പീൽ ബോർഡിനും സ്വമേധയാ നടപടിയെടുക്കാം.
മാളുകൾ മുതൽ വിനോദസഞ്ചാരപാതകൾവരെ സർക്കാർ പിന്തുണ
ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ ലക്ഷ്യങ്ങളുടെ ഭാഗമായി ജി.ഐ. ഉൽപ്പന്നങ്ങൾക്ക് വിപണി, കയറ്റുമതി, നിയമസംരക്ഷണം, പ്രചാരണം എന്നിവ ശക്തിപ്പെടുത്തുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കുന്നു. ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിയിലെ വസ്തുക്കൾ, ജി.ഐ. ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വിൽക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി ഏകതാ മാളുകൾ സ്ഥാപിക്കാൻ 2023-24 സാമ്പത്തികവർഷത്തിൽ 5,000 കോടി രൂപ അനുവദിച്ചു. ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതിയിലൂടെ റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക വിൽപ്പനകേന്ദ്രങ്ങൾ ഒരുക്കി കരകൗശല തൊഴിലാളികൾക്കും നെയ്ത്തുകാർക്കും കർഷകർക്കും നേരിട്ട് വിപണിയിലെത്താൻ അവസരമൊരുക്കുന്നു.
ഫ്രാൻസിലെ വൈൻ യാത്രകളുടെ മാതൃകയിൽ ജി.ഐ. ഉൽപ്പാദനകേന്ദ്രങ്ങളെ വിനോദസഞ്ചാരപാതകളുമായി ബന്ധിപ്പിക്കുന്ന പരീക്ഷണങ്ങളും നടക്കുന്നു. പോച്ചംപള്ളി ഇക്കത്ത് നെയ്ത്തുഗ്രാമ സന്ദർശനവും ഡാർജിലിങ് തേയിലത്തോട്ട യാത്രയും ഇതിന്റെ ഉദാഹരണങ്ങളാണ്. ഗ്രാമീണ ഉൽപ്പാദകരിൽനിന്ന് ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. 2026 ജൂണിൽ അസമിൽ മുഗ സിൽക്ക് പാതയും സിൽക്ക് വിനോദസഞ്ചാര പാർക്കും മുഗ ഉത്സവങ്ങളും പ്രഖ്യാപിച്ചു. പട്ട് പൈതൃക വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായി അസമിനെ ഉയർത്തുകയാണ് ലക്ഷ്യം.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നൂതന പദ്ധതി പ്രകാരം ജി.ഐ. രജിസ്ട്രേഷനുള്ള ചെലവിന്റെ നൂറുശതമാനംവരെ തിരിച്ചുനൽകും. ഓരോ രജിസ്ട്രേഷനും പരമാവധി രണ്ട് ലക്ഷം രൂപയാണ് ലഭിക്കുക. ജി.ഐ. അവകാശങ്ങൾ നടപ്പാക്കുന്നതിനും നിയമച്ചെലവുകൾക്കുമായി കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള കരകൗശല വികസന കമ്മീഷണറുടെ ഓഫീസ് പരമാവധി ഒന്നര ലക്ഷം രൂപ നൽകും. ഉൽപ്പന്ന രൂപകൽപ്പനകളുടെ രജിസ്ട്രേഷൻ, ഉദ്യോഗസ്ഥ പരിശീലനം, അംഗീകാരത്തിന്റെ കാര്യക്ഷമമായ നടപ്പാക്കൽ എന്നിവയ്ക്കും സഹായമുണ്ട്. ദേശീയ കൈത്തറി വികസന പദ്ധതിയുടെ വിപണനസഹായ ഘടകത്തിൽ 2026 ജൂൺവരെ 104 ജി.ഐ. കൈത്തറി ഉൽപ്പന്നങ്ങളും 53 രജിസ്ട്രേഷനുകളും പിന്തുണയ്ക്കുന്നു.
പുതിയ വിദേശ വിപണികളിലേക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ
കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി ഗുണമേന്മ മെച്ചപ്പെടുത്തൽ, പരിശീലനം, അടിസ്ഥാനസൗകര്യം, വിപണിപ്രചാരണം എന്നിവയിലൂടെ ജി.ഐ. കാർഷിക ഉൽപ്പന്നങ്ങളുടെ വിദേശ സാന്നിധ്യം ശക്തിപ്പെടുത്തുന്നു. 2026-ൽ പുതിയ രാജ്യങ്ങളിലേക്ക് ആദ്യമായി നടത്തിയ കയറ്റുമതികൾ കർഷകർക്കും ഉൽപ്പാദക കൂട്ടായ്മകൾക്കും മികച്ച വില ലഭിക്കാൻ സഹായിച്ചു. കർണാടകയിലെ ജി.ഐ. പഴങ്ങൾ മാലദ്വീപിലേക്ക് അയച്ചപ്പോൾ കർഷകർക്ക് 40 മുതൽ 50 ശതമാനംവരെ അധിക വരുമാനം ലഭിച്ചു. സേലം സാബുദാന കാനഡയിലേക്കും ജോഹ അരി ബ്രിട്ടനിലേക്കും ഇറ്റലിയിലേക്കും തേസ്പൂർ ലിച്ചി ദുബായിലേക്കും കയറ്റുമതി ചെയ്തു. ലിച്ചി കർഷകർക്ക് ഏകദേശം പത്ത് ശതമാനം കൂടുതൽ വില ലഭിച്ചു.

സ്വതന്ത്ര വ്യാപാര ഉടമ്പടികൾ വ്യാപാരതടസ്സങ്ങൾ കുറയ്ക്കുന്നതിനാൽ ജി.ഐ. ഉൽപ്പന്നങ്ങളുടെ വിപണി മൂല്യം വർധിപ്പിക്കുന്നു. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിക്ക് പിന്നാലെ 2025 ഡിസംബറിൽ കർണാടകയിലെ മൂന്ന് മെട്രിക് ടൺ ഇൻഡി നാരങ്ങ ഒമാനിലേക്ക് കയറ്റുമതി ചെയ്തു. ഇന്ത്യൻ ജി.ഐ. ഉൽപ്പന്നങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാമെന്ന് ന്യൂസിലൻഡും സമ്മതിച്ചിട്ടുണ്ട്. നിലവിൽ യൂറോപ്യൻ യൂണിയന് മാത്രമുള്ള ഈ സൗകര്യം ഡാർജിലിങ് തേയില, ബസ്മതി അരി, പ്രാദേശിക കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ന്യൂസിലൻഡിൽ ഔദ്യോഗിക സംരക്ഷണം നൽകും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര ചർച്ചകളിൽ പ്രത്യേക ജി.ഐ. ഉടമ്പടിയേക്കുറിച്ചും ചർച്ച തുടരുകയാണ്.
കരകൗശല മേളകൾ, ദില്ലി ഹാട്ട് പരിപാടികൾ, പ്രദർശനങ്ങൾ, ഉച്ചകോടികൾ, ശില്പശാലകൾ എന്നിവയിലൂടെ ജി.ഐ. ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നു. ‘ജി.ഐ. ആൻഡ് ബിയോണ്ട്: വിരാസത് സെ വികാസ് തക്’ പോലുള്ള പരിപാടികൾ കൈത്തറി ഉൽപ്പന്നങ്ങളുടെ പൈതൃകവും യാഥാർഥ്യവും വൈദഗ്ധ്യവും പരിചയപ്പെടുത്തുന്നു. വേൾഡ് ഫുഡ് ഇന്ത്യ 2025, ട്രൈബൽ ബിസിനസ് കോൺക്ലേവ് 2025, ഇന്ത്യ എ.ഐ. ഇംപാക്ട് സമ്മിറ്റ് 2026 എന്നിവയിലും ജി.ഐ. ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. വാരാണസി, ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലും ഡൽഹി മെട്രോയിലും പ്രദർശന സംവിധാനങ്ങളിലൂടെ പ്രചാരണം നടത്തി. ബ്രിട്ടനിലെ ബർമിങ്ങാമിൽ നടന്ന ഓട്ടം ഫെയർ ഇന്റർനാഷണൽ 2024, ജർമനിയിലെ ബസാർ ബെർലിൻ 2024 എന്നിവയിലും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തത്സമയ നിർമാണപ്രദർശനങ്ങളും വിൽപ്പനമേളകളും സംഘടിപ്പിച്ചു.

പാരമ്പര്യവും പുതിയ സാമ്പത്തിക അവസരങ്ങളും തമ്മിലുള്ള പാലമായി ഇന്ത്യയുടെ ജി.ഐ. സംവിധാനം വളരുകയാണ്. പൈതൃകം സംരക്ഷിക്കുകയും പ്രാദേശിക ഉൽപ്പാദകരെ ശക്തിപ്പെടുത്തുകയും ആഭ്യന്തര, വിദേശ വിപണികളിലേക്കുള്ള പ്രവേശനം കൂട്ടുകയും ചെയ്യുന്നതിലൂടെ സ്ഥിരമായ സാമ്പത്തിക മൂല്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. 2030-ഓടെ രാജ്യത്ത് 10,000 ജി.ഐ. രജിസ്ട്രേഷനുകൾ നേടാനാണ് ലക്ഷ്യമിടുന്നത്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

