ന്യൂഡൽഹി /2026 / ജൂലൈ 28
രാജ്യത്തെ പരമ്പരാഗത കാർഷിക ഉൽപ്പന്നങ്ങളും നാടൻ വിളയിനങ്ങളും വിത്തുകളും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ഗവേഷണം, വിത്ത് ഉൽപ്പാദനം, മൂല്യവർധന, വിപണനം, കർഷകർക്കുള്ള അംഗീകാരം എന്നിവയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി രാംനാഥ് ഠാക്കൂർ ലോക്സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
നാടൻ വിത്തുകൾ ദേശീയ ജീൻ ബാങ്കിലേക്ക്
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള ദേശീയ സസ്യ ജനിതക വിഭവ ബ്യൂറോയും ഗവേഷണ സ്ഥാപനങ്ങളും ചേർന്ന് നാടൻ സസ്യജനിതക ശേഖരങ്ങൾ കണ്ടെത്തുകയും ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നു. ഇവയുടെ സ്വഭാവം തിരിച്ചറിയൽ, വിലയിരുത്തൽ, സംരക്ഷണം, രേഖപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
സസ്യ ഇനങ്ങളുടെയും കർഷകരുടെയും അവകാശ സംരക്ഷണ നിയമം 2001 പ്രകാരം പരമ്പരാഗത ഇനങ്ങൾക്കും കർഷകർ വികസിപ്പിച്ച ഇനങ്ങൾക്കും ബൗദ്ധിക സ്വത്തവകാശം നൽകുന്നുണ്ട്. 2026 ജൂലൈ 15 വരെയുള്ള കണക്കുപ്രകാരം പരമ്പരാഗതമായി കൃഷി ചെയ്യുന്ന 5,346 കർഷക ഇനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതേ നിയമപ്രകാരം ദേശീയ ജീൻ ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. പരമ്പരാഗത സസ്യജനിതക വിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വിത്തുകളും വിളയിനങ്ങളും സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന കർഷകർക്കും സമൂഹങ്ങൾക്കും ആനുകൂല്യവിഹിതം, പുരസ്കാരം, അംഗീകാരം എന്നിവ നൽകുന്നു. കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പരിശീലനവും ശേഷിവികസന പ്രവർത്തനങ്ങളും ഇതിലൂടെ പിന്തുണയ്ക്കുന്നു.
ഇതുവരെ 45 സസ്യ ജീനോം സംരക്ഷക സമൂഹ പുരസ്കാരങ്ങളും 69 കർഷക പ്രതിഫലങ്ങളും 88 കർഷക അംഗീകാരങ്ങളും രാജ്യത്തെ കർഷകർക്കും കാർഷിക സമൂഹങ്ങൾക്കും നൽകിയിട്ടുണ്ട്.
വിത്ത് ഉൽപ്പാദനത്തിനും വിത്തുബാങ്കുകൾക്കും ധനസഹായം
ദേശീയ ഭക്ഷ്യസുരക്ഷാ-പോഷകാഹാര ദൗത്യത്തിന്റെ വിത്ത് പദ്ധതിയിൽ പരമ്പരാഗത ഇനങ്ങളുടെ വിത്ത് ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി പ്രത്യേക ഘടകം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പരമ്പരാഗത വിളയിനങ്ങളുടെ വിത്ത് വിതരണം, വിത്ത് ഉൽപ്പാദനം, കർഷകരുടെ ശേഷിവികസനം, വിത്തുബാങ്കുകളുടെ രൂപീകരണം എന്നിവയ്ക്ക് നിശ്ചിത മാനദണ്ഡപ്രകാരം ധനസഹായം നൽകുന്നു.
ഭക്ഷ്യസംസ്കരണ മേഖലയിൽ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി സൂക്ഷ്മ ഭക്ഷ്യസംസ്കരണ സംരംഭങ്ങളുടെ ഔപചാരികവത്കരണ പദ്ധതി നടപ്പാക്കുന്നു. ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന സമീപനത്തിലൂടെ ഓരോ ജില്ലയിലെയും പരമ്പരാഗത കാർഷിക-തോട്ടവിള ഉൽപ്പന്നങ്ങൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യം.
രാജ്യത്തെ 35 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 726 ജില്ലകൾക്കായി പ്രത്യേക ഉൽപ്പന്നങ്ങൾ അംഗീകരിച്ചിട്ടുണ്ട്. മഖാന, ഷാഹി ലിച്ചി, ജർദാലു മാങ്ങ തുടങ്ങിയ നാടൻ ഉൽപ്പന്നങ്ങളും ഇതിൽപ്പെടുന്നു. ഇവയുടെ സംസ്കരണം, മൂല്യവർധന, പൊതിയൽ, ബ്രാൻഡിങ്, വിപണനം എന്നിവയ്ക്ക് സാമ്പത്തികവും സാങ്കേതികവും വ്യാപാരപരവുമായ സഹായം നൽകുന്നുണ്ട്.
ഭൗമസൂചികയും പ്രത്യേക ബോർഡുകളും കരുത്താകും
സവിശേഷമായ ഭൂമിശാസ്ത്ര പ്രത്യേകതകളുള്ള പരമ്പരാഗത കാർഷിക ഉൽപ്പന്നങ്ങൾക്ക് ഭൗമസൂചിക ചരക്കുകളുടെ രജിസ്ട്രേഷനും സംരക്ഷണവും സംബന്ധിച്ച 1999ലെ നിയമപ്രകാരം സംരക്ഷണം നൽകുന്നു. വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഉൽപ്പന്നങ്ങളുടെ വ്യക്തിത്വം, ബ്രാൻഡ് മൂല്യം, വിപണി വില എന്നിവ ഉയർത്താൻ ഇത് സഹായിക്കുന്നു.
തേയില ബോർഡ്, കാപ്പി ബോർഡ്, സുഗന്ധവ്യഞ്ജന ബോർഡ്, കാർഷിക-സംസ്കരിച്ച ഭക്ഷ്യോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി, ദേശീയ ഔഷധസസ്യ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും പരമ്പരാഗത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഗുണനിലവാരം മെച്ചപ്പെടുത്തൽ, ബ്രാൻഡിങ്, മൂല്യവർധന, കയറ്റുമതി പ്രോത്സാഹനം, വിപണി വികസനം എന്നിവയ്ക്കാണ് പിന്തുണ.
മഖാനയുടെ ഉൽപ്പാദനം, സംസ്കരണം, മൂല്യവർധന, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കാൻ ദേശീയ മഖാന ബോർഡും സർക്കാർ സ്ഥാപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന് പിന്നാലെ ദേശീയ ഭക്ഷ്യസുരക്ഷാ-പോഷകാഹാര ദൗത്യത്തിലൂടെ ശ്രീഅന്ന എന്നറിയപ്പെടുന്ന പരമ്പരാഗത ചെറുധാന്യങ്ങൾക്കും പ്രത്യേക പരിഗണന നൽകി. ഹൈദരാബാദിലെ ഇന്ത്യൻ ചെറുധാന്യ ഗവേഷണ സ്ഥാപനം ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര ഗവേഷണ-വികസനത്തിനുള്ള ആഗോള മികവിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നു.
2023നെ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഭക്ഷ്യസംസ്കരണ വ്യവസായത്തിനുള്ള ഉൽപ്പാദനബന്ധിത പ്രോത്സാഹന പദ്ധതിയിൽ ചെറുധാന്യ ഉൽപ്പന്നങ്ങൾക്കായി പ്രത്യേക ഘടകവും ഉൾപ്പെടുത്തി. ചെറുധാന്യങ്ങളുടെ മൂല്യവർധനയും വാണിജ്യവത്കരണവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
കാലാവസ്ഥയെ അതിജീവിക്കുന്ന നാടൻ വിളയിനങ്ങൾ
നാടൻ കാർഷിക ഉൽപ്പന്നങ്ങളും വിത്തുകളും മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങൾക്ക് സർക്കാർ പ്രോത്സാഹനവും സഹായവും നൽകുന്നുണ്ട്. ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ 13 പ്രത്യേക ഗവേഷണ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, ജൈവസാങ്കേതികവിദ്യ വകുപ്പ്, ശാസ്ത്ര-സാങ്കേതിക വകുപ്പ് എന്നിവയാണ് പദ്ധതികൾക്ക് പിന്തുണ നൽകുന്നത്.
ഗോതമ്പ്, നെല്ല്, ചോളം, എള്ള്, പയർ, വെള്ളരി, തക്കാളി തുടങ്ങിയ വിളകളിലെ നാടൻ ജനിതക ശേഖരങ്ങൾ, പരമ്പരാഗത ഇനങ്ങൾ, വന്യബന്ധു ഇനങ്ങൾ എന്നിവ തിരിച്ചറിയുകയും വിലയിരുത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കാർഷിക ജൈവവൈവിധ്യം, ജനിതക ശേഖരങ്ങളുടെ പരിശോധന, തന്മാത്രാ പ്രജനനം, ജനിതക പഠനം, ജീൻ തിരുത്തൽ തുടങ്ങിയ മേഖലകളിലാണ് ഗവേഷണം. കൂടുതൽ വിളവും കാലാവസ്ഥാ മാറ്റത്തെയും രോഗങ്ങളെയും പ്രതിരോധിക്കുന്ന ശേഷിയുമുള്ള വിളയിനങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
പരമ്പരാഗത ബസുമതി ഇനങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിലൂടെ പൂസ ബസുമതി നെല്ലിനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബസുമതി അരി കയറ്റുമതിയിൽ ഈ ഇനങ്ങൾക്കാണ് പ്രധാന പങ്ക്.
കിഴക്കൻ ഉത്തർപ്രദേശിലെ പ്രത്യേക ഭൗമസൂചിക പ്രദേശങ്ങൾക്കായി പൂസ നരേന്ദ്ര കെ.എൻ. ഒന്ന്, പൂസ സി.ആർ.ഡി. കെ.എൻ. രണ്ട് എന്നീ രണ്ട് ഉയർന്ന വിളവുള്ള ഇനങ്ങളും പുറത്തിറക്കി. പരമ്പരാഗത കാലാനമക് നെല്ലിനത്തേക്കാൾ കൂടുതൽ വിളവും നിലംപതിക്കാത്ത സ്വഭാവവുമാണ് ഇവയുടെ പ്രത്യേകത.
ദേശീയ സസ്യ ജനിതക വിഭവ ബ്യൂറോ ജനിതക വിഭവങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി പട്ടിക തയ്യാറാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു. ഗവേഷകർക്കും സസ്യപ്രജനന വിദഗ്ധർക്കും നാടൻ ജനിതക ശേഖരങ്ങൾ സുരക്ഷിതമായും വേഗത്തിലും ഉപയോഗിക്കാൻ ഇത് സഹായിക്കുന്നു. 2026 ജൂലൈ 15 വരെ ഒരു ലക്ഷത്തിലധികം പരമ്പരാഗത വിളയിനങ്ങൾ ദേശീയ ജീൻ ബാങ്കിൽ സംരക്ഷിച്ചിട്ടുണ്ട്.
അമ്പതോളം സാമൂഹിക വിത്തുബാങ്കുകൾ
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ അലയൻസ് ബയോവേഴ്സിറ്റി-സി.ഐ.എ.ടി.യും ദേശീയ കാർഷിക ഗവേഷണ സംവിധാനവും ചേർന്ന് സംയുക്ത പ്രവർത്തന പദ്ധതി നടപ്പാക്കുന്നുണ്ട്. 25 വിളകളിലെ അയ്യായിരത്തിലധികം നാടൻ ഇനങ്ങൾ രേഖപ്പെടുത്തി. 11 സംസ്ഥാനങ്ങളിൽ കർഷകരുടെ പങ്കാളിത്തത്തോടെ ഇവ വിലയിരുത്തുകയും ചെയ്തു. ഇതിലൂടെ വ്യാപക കൃഷിക്ക് അനുയോജ്യമായ മുന്നൂറോളം മികച്ച പരമ്പരാഗത ഇനങ്ങൾ കണ്ടെത്തി.
പദ്ധതിയുടെ ഭാഗമായി രാജ്യത്ത് അമ്പതോളം സാമൂഹിക വിത്തുബാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. 25ലധികം വിളകളിലെ നാലായിരത്തിലധികം പരമ്പരാഗത ഇനങ്ങളാണ് ഇവിടെ സംരക്ഷിക്കുന്നത്.
മൂവായിരത്തിലധികം നാടൻ വിളയിനങ്ങളുടെ പോഷകഗുണ പരിശോധനയും നടത്തി. ഇവയുടെ ബ്രാൻഡിങ്, വാണിജ്യവത്കരണം, വിപണിശൃംഖലയുമായുള്ള ബന്ധം എന്നിവയ്ക്കും പിന്തുണ നൽകി. നേറ്റീവ് ബാസ്കറ്റ്, മൗണ്ടൻ ഗ്രെയിൻസ്, ധർത്തി നാച്വറൽസ് തുടങ്ങിയ ബ്രാൻഡുകളിലൂടെയാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.
പ്രധാനമന്ത്രി കിസാൻ സമ്പദ യോജനയുടെ മനുഷ്യവിഭവ-സ്ഥാപന ഘടകത്തിൽ ഉൾപ്പെട്ട ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ ഗവേഷണ-വികസന പദ്ധതി ഇതുവരെ 257 ഗവേഷണ നിർദേശങ്ങൾക്ക് അംഗീകാരം നൽകി. ചെറുധാന്യ ഉൽപ്പന്നങ്ങൾ, മഹുവ, മുരിങ്ങ തുടങ്ങിയ പരമ്പരാഗത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.