തിരുവനന്തപുരം ഒക്ടോബര്‍ 31: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നു. മണിക്കൂറില്‍ 15 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിമീ ദൂരത്തായാണ് ചുഴലിക്കാറ്റിന്‍റെ സ്ഥാനം. ഇന്ന് ഉച്ചയ്ക്ക് ‘മഹ’ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്ത് പ്രാപിക്കുമെന്നാണ് കരുതുന്നത്.
മഹയുടെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാല്‍, സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ്ണനിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.

