രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പരിശോധനയും പരിഷ്കരണവും സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ 3 റിപ്പോർട്ടർമാർ അതിനെ അടിസ്ഥാനമാക്കി ഗവൺമെൻറ് ഓഫ് ഇന്ത്യക്കും കത്തയച്ചിരിക്കുകയാണ്. ഈ കത്തുകൾ കാര്യമായി പരസ്യമായിട്ടില്ല. അതോ പരസ്യമാകുന്നതോടെ ഗൗരവമുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കും വിവാദങ്ങൾക്കും വേണമെങ്കിൽ സമരങ്ങൾക്കും ഇന്ത്യയിൽ അവസരമുണ്ട്. സംഘടന സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളാണ്. അതിൻറെ അടിസ്ഥാനത്തിൽ കെട്ടിപ്പൊക്കിയിട്ടുള്ള ജനജീവിതമാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ ഇത്തരം റിപ്പോർട്ടുകൾ തെരുവിലേക്ക് എത്തും. തെരുവിന് തെരുവിൻറെ ഭാഷയും ശരീരഭാഷയും ആണ് ഉള്ളത്. കലാപങ്ങളുടെ സമകാലീന അനുഭവങ്ങൾ രാജ്യത്തിലുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കുവാൻ ഐക്യ രാഷ്ട്രസഭ പോലെയുള്ള ലോക വേദികളെ ഉപയോഗിക്കുവാൻ പാടില്ല. കത്തിന്റെ ഉള്ളടക്കം ഗൗരവമുള്ളതാണ്. അഞ്ചു പേജും മനുഷ്യാവകാശങ്ങൾ സംബന്ധിച്ച പ്രസക്തഭാഗങ്ങൾ ചൂണ്ടിക്കാട്ടിയ രണ്ടു പേജിൻറെ ഉള്ളടക്കവുമാണ് ഈ കത്തിലുള്ളത്. ഗുരുതര ആരോപണങ്ങൾ കത്തിലുള്ളത് താഴെ പറയുന്ന പ്രകാരമാണ്.
ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രത്യേക റിപ്പോർട്ടർമാർ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു. എസ്.ഐ.ആർ നടപടിയിലൂടെ കോടിക്കണക്കിന് വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും, അതിൽ മുസ്ലിംകൾ, ബംഗാളി വംശജർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ അനുപാതത്തിലേറെ ബാധിക്കപ്പെട്ടിരിക്കാമെന്ന വിവരങ്ങൾ ലഭിച്ചതായും കത്തിൽ പറയുന്നു. സാധുവായ രേഖകൾ ഉണ്ടായിട്ടും ആളുകൾ വോട്ടവകാശം നഷ്ടപ്പെട്ടെന്ന പരാതികൾ, വോട്ടർ വിവരങ്ങളിലെ “ക്രമക്കേടുകൾ” കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ, ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ വിവേചനപരമായ അന്തരീക്ഷം ശക്തിപ്പെടുത്തിയെന്ന ആശങ്ക, ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് അപ്പീലുകൾ തീർപ്പാക്കേണ്ടി വന്ന സാഹചര്യം എന്നിവയും യു.എൻ. ചൂണ്ടിക്കാട്ടുന്നു. ഈ ആരോപണങ്ങൾ ശരിവയ്ക്കുകയല്ല, മറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യാ സർക്കാരിനോട് വിശദീകരണം തേടുകയാണെന്ന് റിപ്പോർട്ടർമാർ കത്തിൽ വ്യക്തമാക്കുന്നുണ്ട്.
അഞ്ചു പേജുള്ള കത്തിലെ ഗുരുതര ആരോപണങ്ങൾക്കിടയിൽ ഒരു സെന്റെൻസിൽ ഇതു സംബന്ധിച്ച് വസ്തുതകൾ സർക്കാരിൽ നിന്ന് അറിയുന്നതിന് വേണ്ടിയാണ് എന്ന് പറയുന്നുണ്ട്. പക്ഷേ അതു മാറ്റിവെച്ച് ബാക്കിയുള്ള കാര്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിന്റെ ഭാഗമാണ് എന്ന നിലയിൽ രാജ്യത്ത് വിവാദങ്ങൾ ഉയരും എന്ന് സംശയമില്ല. അവിടെയാണ് അതിൻറെ കുഴപ്പം കുടികൊള്ളുന്നത്.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർമാർ തയ്യാറാക്കിയ റിപ്പോർട്ടായതിനാൽ സ്വാഭാവികമായും അതിന് ലോകശ്രദ്ധയും ആധികാരികതയും ലഭിക്കുന്നു. എന്നാൽ റിപ്പോർട്ടിലെ കണ്ടെത്തലുകളെ സമകാലീന ഇന്ത്യ നേരിടുന്ന സുരക്ഷാ, സാമൂഹിക, രാഷ്ട്രീയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ ചില അടിസ്ഥാന ചോദ്യങ്ങൾ ഉയരുന്നു. ഇന്ത്യയുടെ ചരിത്രപരമായ അനുഭവങ്ങളെയും അതിർത്തി സംസ്ഥാനങ്ങളുടെ യാഥാർഥ്യങ്ങളെയും പൂർണമായി പരിഗണിക്കാതെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നതെന്ന വിമർശനത്തിന് ഈ റിപ്പോർട്ട് ഇടവരുത്തുന്നു.
ആസാം പ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് ഒരു സാങ്കൽപ്പിക രാഷ്ട്രീയ പ്രചാരണമല്ലെന്ന് കാണാം. അതിർത്തി കടന്നുള്ള അനധികൃത കുടിയേറ്റം, തദ്ദേശവാസികളുടെ ഭൂമി, വിഭവങ്ങൾ, ജനസംഖ്യാപരമായ സന്തുലിതാവസ്ഥ എന്നിവയിൽ ഉണ്ടായ മാറ്റങ്ങൾ എന്നിവയാണ് ആ പ്രക്ഷോഭത്തിന് ആക്കം കൂട്ടിയത്. ആസാമിലെ ആദിവാസി സമൂഹത്തിന്റെ ഭൂമിയും ജീവിതരീതിയും തകർന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നിരവധി സായുധ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടത്. അവയുടെ പ്രത്യാഘാതങ്ങൾ ഇന്നും പൂർണമായി അവസാനിച്ചിട്ടില്ല. സമാന ആശങ്കകൾ മേഘാലയ, ത്രിപുര, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലും വിവിധ രൂപങ്ങളിൽ നിലനിൽക്കുന്നു.
ബംഗാളിന്റെ ചരിത്രവും ഇതിൽ നിന്ന് വേർതിരിച്ച് കാണാനാവില്ല. ഒരേ ഭാഷയും സംസ്കാരവും പൈതൃകവും പങ്കിട്ടിരുന്ന ഒരു ജനതയാണ് വിഭജനത്തോടെ രണ്ട് രാജ്യങ്ങളിലായി മാറിയത്. ആ ചരിത്രബന്ധം യാഥാർഥ്യമാണെങ്കിലും, അതോടൊപ്പം രണ്ട് വ്യത്യസ്ത പരമാധികാര രാഷ്ട്രങ്ങളാണ് നിലവിലുള്ളതെന്നതും അത്രതന്നെ യാഥാർഥ്യമാണ്. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയവരുടെ സാന്നിധ്യം ബംഗാളിന്റെ രാഷ്ട്രീയത്തെയും സാമൂഹിക സന്തുലിതാവസ്ഥയെയും സ്വാധീനിക്കുന്ന വിഷയമാണെന്ന വാദം അവിടുത്തെ പൊതുചർച്ചകളിൽ വർഷങ്ങളായി നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ അത്തരം ആളുകൾ ഇന്ത്യൻ പൗരന്മാരാകുന്നതിനെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനെയും എതിർക്കുന്ന ജനവികാരവും ബംഗാളിൽ ശക്തമാണ്.
ഇത് ഇന്ത്യ മാത്രം നേരിടുന്ന പ്രശ്നമല്ല. അമേരിക്കയിലും യൂറോപ്പിലുമെല്ലാം കുടിയേറ്റവും അതിർത്തി നിയന്ത്രണവും ഇന്ന് ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങളിലൊന്നാണ്. ഇന്ത്യയുടെ കിഴക്കൻ അതിർത്തി സംസ്ഥാനങ്ങളായ ആസാം, മേഘാലയ, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിൽ ഈ പ്രശ്നം കൂടുതൽ സങ്കീർണമായ രൂപത്തിലാണ് നിലനിൽക്കുന്നത്. ലക്ഷക്കണക്കിന് ബംഗ്ലാദേശി കുടിയേറ്റക്കാർ ഇന്ത്യയിൽ കഴിയുന്നുണ്ടെന്നത് പൊതുചർച്ചകളിൽ പതിറ്റാണ്ടുകളായി ഉയരുന്ന വിഷയമാണ്. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ജനസംഖ്യയുടെ വലിപ്പവും രേഖാസംവിധാനങ്ങളുടെ സങ്കീർണതയും കാരണം ഇന്ത്യയിൽ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നത് എളുപ്പമല്ല. അതിനാൽ രേഖകൾ പരിശോധിച്ച് മതിയായ തെളിവുകൾ ഇല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിയെ നേരിട്ട് വംശീയമോ വർഗീയമോ ആയി ചിത്രീകരിക്കുന്നതാണ് റിപ്പോർട്ടിന്റെ പ്രധാന ദൗർബല്യമെന്ന് വിമർശകർ ചൂണ്ടിക്കാട്ടും.
ഐക്യരാഷ്ട്രസഭയുടെ സമീപനം ആഗോള മനുഷ്യാവകാശ മാനദണ്ഡങ്ങളെയാണ് അടിസ്ഥാനമാക്കുന്നത്. ആ ചട്ടക്കൂടിനുള്ളിൽ നിന്ന് നോക്കുമ്പോൾ വോട്ടവകാശം, വിവേചനം, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായി പരിഗണിക്കപ്പെടുക. അതുകൊണ്ടാണ് റിപ്പോർട്ടിൽ മനുഷ്യാവകാശ ലംഘനങ്ങളെയും വിവേചനത്തിനുള്ള സാധ്യതകളെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ശക്തമായി പ്രതിഫലിക്കുന്നത്. എന്നാൽ അതേ വിഷയത്തിന്റെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവും സുരക്ഷാപരവുമായ പശ്ചാത്തലം റിപ്പോർട്ടിൽ താരതമ്യേന കുറച്ച് മാത്രമാണ് പ്രതിഫലിക്കുന്നതെന്ന വിമർശനവും ഉയരുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലേക്ക് നടന്നിട്ടുള്ള കുടിയേറ്റത്തിന്റെ സങ്കീർണതകളും പ്രത്യാഘാതങ്ങളും വേണ്ടത്ര പരിശോധിക്കാതെ ഉള്ള വിലയിരുത്തലുകൾ ആണ് റിപ്പോർട്ടിൽ ഉള്ളത്.