തിരുവനന്തപുരം: കേരളത്തില്‍ തൈറോയ്ഡ് ക്യാന്‍ സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ദേശീയ ക്യാന്‍സര്‍ രജിസ്റ്ററി പ്രോഗ്രാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഈ രണ്ടു ജില്ലകളിലേയും സ്ത്രീകളില്‍ സ്തനാര്‍ബുദവും, പുരുഷന്മാരില്‍ ശ്വാസകോശ ക്യാന്‍സറും ബാധിക്കാനുളള സാധ്യതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റിസേര്‍ച്ചും,(ഐസിഎംആര്‍) നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മാറ്റിക്കസ് ആന്റ് റിസര്‍ച്ചും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സ തേടിയ സ്ത്രീകളില്‍ 50 ശതമാന ത്തിനും തൈറോയിഡ് ക്യാന്‍സര്‍ ആയിരുന്നു. റേഡിയോ ആക്ടീവ് മൂലകമായ തോറിയം കൊണ്ട് സമ്പുഷ്ടമായ മണലിന്റെ സാന്നിദ്ധ്യം ഇവിടങ്ങളില്‍ കൂടുതലായതിനാലാവാം ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധര്‍. നിലവില്‍ അരുണാചല്‍ പ്രദേശിലാണ് തൈറോയിഡ് ക്യാന്‍സര്‍ രോഗികള്‍ കൂടുതലുളളത്.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുളളത്. 13.9 ലക്ഷം ക്യാന്‍സര്‍ രോഗികളാണ് ഇപ്പോഴുളളത്. 2025 ഓടെ ഇത് 15.7 ലക്ഷമാകുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2016 ല്‍ 12.3 ലക്ഷവും 2019 ല്‍ 13.6 ലക്ഷവുമായിരുന്നു ക്യാന്‍സര്‍ രോഗികളുടെ എണ്ണം.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് രോഗസാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025 ആകുമ്പോഴേക്കും സ്തനാര്‍ബുദം സര്‍വ്വ സാധാരണമാവുമെന്നും 2.4 ലക്ഷം പേര്‍ക്കെങ്കിലും സ്തനാര്‍ബുദ സാധ്യതയുളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്വാസകോശാര്‍ബുദം 1.1 ലക്ഷം, വായിലെ ക്യാന്‍സര്‍ 90,000, എന്നിങ്ങനെയാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ക്യാന്‍സറിന്റെ 27 ശതമാനത്തിലും വില്ലന്‍ പുകയിലയാണെന്നും ചൂണ്ടിക്കാണിക്കുന്നു. 24.8 ശതമാനം സ്തനാര്‍ബുദം, 5.4 ശതമാനം സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗികളുമാണ്. പുരുഷന്മാരേയും സ്ത്രീകളേയും ഒരുപോലെ ബാധിക്കുന്നതാണ് ഗ്യാസ്‌ട്രോ ഇന്‍സ്‌റ്റൈനില്‍ എന്ന രോഗാവസ്ഥ.ആകെ രോഗികളുടെ 19.7 ശതമാനം വരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

