ന്യൂഡൽഹി, ജൂലൈ 4-
ലഡാക്കിന്റെ ഭൂമി, സംസ്കാരം, പ്രാദേശിക താല്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി ഭരണഘടനയിലെ ആർട്ടിക്കിൾ 371 പ്രകാരം പ്രത്യേക ഭരണമാതൃക നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരട് രേഖ തയാറാക്കി. ഇതുസംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ കരട് രേഖ തുടർചർച്ചകൾക്കായി ലഡാക്കിലെ വിവിധ പ്രതിനിധി സംഘടനകൾക്ക് കൈമാറിയിട്ടുണ്ട്.
സംസ്ഥാന പദവി ഇല്ല; എങ്കിലും കൂടുതൽ അധികാരങ്ങൾ
നിലവിലെ സാഹചര്യത്തിൽ ലഡാക്കിന് ഉടൻ തന്നെ പൂർണ്ണ സംസ്ഥാന പദവി നൽകാൻ സാധ്യമല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എങ്കിലും ജനപ്രതിനിധികൾക്ക് നിയമനിർമാണത്തിനും ഭരണ-സാമ്പത്തിക കാര്യങ്ങൾക്കും വിപുലമായ അധികാരം നൽകുന്ന, നിയമസഭയ്ക്ക് സമാനമായ പ്രത്യേക സംവിധാനമാണ് കേന്ദ്രം പരിഗണിക്കുന്നത്. രാജ്യത്തെ നിലവിലുള്ള മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മാതൃകകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ലഡാക്കിനായി ഒരുക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
തുടർചർച്ചകൾ നിർണായകമാകും
2019-ൽ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയതിന് പിന്നാലെ സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള (Sixth Schedule) സംരക്ഷണം എന്നിവ ആവശ്യപ്പെട്ട് പ്രാദേശിക സംഘടനകൾ വലിയ രീതിയിൽ രംഗത്തെത്തിയിരുന്നു. ഈ ആവശ്യങ്ങൾ കൂടി കണക്കിലെടുത്താണ് ആർട്ടിക്കിൾ 371 അടിസ്ഥാനമാക്കിയുള്ള ഭരണമാതൃക രൂപീകരിച്ചിരിക്കുന്നത്. കരട് നിർദേശങ്ങളിലെ അന്തിമ തീരുമാനം പ്രതിനിധികളുമായുള്ള തുടർചർച്ചകൾക്ക് ശേഷമായിരിക്കും.