തിരുവനന്തപുരം, ജൂൺ 29 –
കേരളത്തിൽ മയക്കുമരുന്ന് ശൃംഖലയ്ക്കെതിരായ ഏറ്റവും വലിയ നടപടിയാണ് ഓപ്പറേഷൻ തൂഫാനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം ആശങ്കാജനകമായ നിലയിലെത്തിയെന്നും ഓപ്പറേഷന്റെ ഭാഗമായി ഇതിനകം അയ്യായിരം പേരെ അറസ്റ്റ് ചെയ്യുകയും നാലായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി മന്ത്രി അറിയിച്ചു. മയക്കുമരുന്ന് ലോബികളുടെ അന്ത്യം കുറിക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി മിഠായികൾ പിടിച്ചെടുത്തത് ആശങ്ക വർധിപ്പിച്ചു
കാസർകോട് പൊലീസ് നടത്തിയ റെയ്ഡിൽ മിഠായി നിർമ്മാണ സ്ഥാപനത്തിൽ നിന്ന് മയക്കുമരുന്ന് കലർത്തിയ മിഠായികൾ പിടിച്ചെടുത്തതായി മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് ലഹരി മിഠായികൾ സ്കൂൾ കുട്ടികളിലെത്തിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കേസുകളിൽ കാപ്പ ചുമത്തുന്നതിനും പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പൊലീസ് സംവിധാനത്തിലും മാറ്റങ്ങൾ വരുമെന്ന് പ്രഖ്യാപനം
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് സേനയെ കാലാനുസൃതമായി ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. കുറ്റാന്വേഷണ രീതികളിൽ സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരുമെന്നും പൊലീസിന്റെ എണ്ണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത പരിശോധിക്കാൻ പൊലീസ് ഓഡിറ്റ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസുകൾക്കും സ്റ്റേഷനുകളിലെ വാഹനങ്ങൾക്കും പ്രത്യേക ഓഡിറ്റ്
കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നുണ്ടോ എന്നതടക്കം പൊലീസ് പ്രവർത്തനം ഓഡിറ്റിലൂടെ വിലയിരുത്തും. പൊലീസ് സ്റ്റേഷനുകളിൽ നിയമനടപടികൾ പൂർത്തിയായിട്ടും കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അപകടത്തിൽപ്പെടുന്ന പൊലീസുകാർക്ക് ധനസഹായ പദ്ധതി
കാസർകോട് വാഹനാപകടത്തിൽ പൊലീസുകാർക്ക് പരിക്കേറ്റ സംഭവവും മന്ത്രി പരാമർശിച്ചു. ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെടുന്ന പൊലീസുകാർക്ക് പ്രത്യേക ധനസഹായ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.