കോഴിക്കോട്, 2026 ജൂൺ 27 –
കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി മാറ്റിവെച്ചത്. കഴിഞ്ഞ പതിനാറാം തീയതി മുതൽ ജിതിൻ ഭാസ്കർ റിമാൻഡിലാണ്.
കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ പോലീസ് റിപ്പോർട്ടിൽ ആശങ്കയുണ്ടെന്ന് പരാതിക്കാരനായ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. എം. ടി. അഫ്നാസ് കോടതിയെ അറിയിച്ചു. പ്രതിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന നിലപാടാണ് റിപ്പോർട്ടിലുള്ളതെന്നും അത് ജാമ്യം ലഭിക്കാൻ സാഹചര്യമൊരുക്കുമെന്നും അദ്ദേഹം വാദിച്ചു.
നേരത്തെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇരുന്നൂറോളം പേർക്ക് വിവാദ സ്ക്രീൻഷോട്ട് അയച്ചെന്നും പിന്നീട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജില്ലാ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയിലും ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.