പ്രധാന വിവരങ്ങൾ
- സി.എച്ച്.ആർ കേസിൽ സർക്കാർ ഇടപെടും.
- കർഷകർക്ക് അനുകൂല വിധിക്കായി ശ്രമം.
- ഭൂപ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
- കർഷകർക്ക് ഉറപ്പ് നൽകി.

News Portal

ഇടുക്കി, 2026 ജൂൺ 26 –
സി.എച്ച്.ആർ കേസിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്നും കർഷകർക്ക് അനുകൂലമായ വിധി നേടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ ഉറപ്പ് നൽകി. ജില്ലയിലെ ഏലം കർഷക സംഘടനകളുടെ കൂട്ടായ്മയായ കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ ജില്ലയിലെ ജനപ്രതിനിധികളോടൊപ്പം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയപ്പോഴായിരുന്നു പ്രതികരണം.
ജില്ലയിലെ ഭൂപ്രശ്നങ്ങളും സി.എച്ച്.ആർ കേസുമായി ബന്ധപ്പെട്ട ആശങ്കകളും നിവേദകസംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിച്ച് കർഷകർക്ക് അനുകൂലമായ വിധി നേടാൻ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകി. കുത്തകപ്പാട്ട ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ജനപ്രതിനിധികൾ ഉന്നയിച്ചു.
തുടർന്ന് നിവേദകസംഘം വനംമന്ത്രിയെയും കണ്ട് വനവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിച്ചു. അടിസ്ഥാന രേഖകളില്ലാതെ സി.എച്ച്.ആർ പ്രദേശം വനമാണെന്ന വനവകുപ്പിന്റെ വാദം തെറ്റാണെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെടുത്തിയതായും, ഇക്കാര്യത്തിൽ ഇടപെടാമെന്ന് വനംമന്ത്രി ഉറപ്പ് നൽകിയതായും ഫെഡറേഷൻ അറിയിച്ചു.