ബംഗളൂരു: ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാനുള്ള നിര്‍ദേശമില്ലെന്നും ബഹിരാകാശ പരിഷ്കാരങ്ങള്‍ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്നില്ലെന്നും ചെയര്മാന് കെ ശിവന്. ബഹിരാകാശമേഖലയിലെ എല്ലാ പ്രവര്‍ത്തനത്തിലും സ്വകാര്യപങ്കാളിത്തം അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ജൂലൈയില്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം ഐഎസ്ആര്‍ഒയെ ദുര്‍ബലപ്പെടുത്തുമെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വിശദീകരണം.
സ്വകാര്യകമ്പനികളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കുന്ന ബഹിരാകാശ പരിഷ്കരണത്തിന്റ അര്‍ത്ഥം ഐഎസ്ആര്‍ഒ സ്വകാര്യവല്ക്കരിക്ക പ്പെടുന്നുവെന്നല്ല. ഐഎസ്ആര്‍ഒ ഇപ്പോള്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അത് പോലെ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഐഎസ്ആര്‍ഒയുടെ സൗകര്യം സ്വകാര്യ കമ്പനികള്‍ക്കും ഉപയോഗിക്കാം. പൊതുമേഖലയില്‍ സ്ഥാപിച്ച ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനവും സ്വകാര്യവല്‍ക്കരണ പ്രക്രിയയെ സഹായിക്കുന്നതിനായി നിലകൊള്ളും. സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിലൂടെ ഐഎസ്ആര്‍ഒക്ക് ഗവേഷണ, വികസനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതേസമയം, ബഹിരാകാശ പരിഷ്കാരങ്ങള്‍ സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തം എന്‍ഡ്-ടു-എന്‍ഡ് ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ അനുവദിക്കുകയാണ്. ഐഎസ്ആര്‍ഒ സാങ്കേതിക വികസനം ഉള്‍പ്പെടെയുള്ള പുതിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സാങ്കേതിക സെക്രട്ടറി ഉമമഹേശ്വരന് പറഞ്ഞു. സ്വകാര്യ സംരംഭങ്ങള്‍ക്കായി ബഹിരാകാശ മേഖല തുറക്കുന്നത് ബഹിരാകാശ സാങ്കേതികവിദ്യയില്‍ നിന്നുള്ള നേട്ടങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കൊവിഡ് -19 ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളെ ബാധിച്ചതായും കെ. ശിവന് പറഞ്ഞു. വിക്ഷേപണത്തിനുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനായി ഐഎസ്ആര്‍ഒ സ്വകാര്യ മേഖലയെ ആശ്രയിച്ചിരിക്കുന്നു. ഐഎസ്ആര്‍ഒയ്ക്ക് ഉപകരണങ്ങള്‍ നല്കുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ലോക്ക്ഡൗണ്‍ മൂലം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതും അദ്ദേഹം അറിയിച്ചു.