തിരുവനന്തപുരം /2026 ജൂണ് 20
സംസ്ഥാന ബജറ്റിൽ രജിസ്ട്രേഷൻ വകുപ്പിന്റെ പ്രവർത്തനക്ഷമതയും ജനസൗഹൃദ സേവനങ്ങളും വർധിപ്പിക്കുന്നതിനായി 27.7 കോടി രൂപ വകയിരുത്തിയത് വകുപ്പിന്റെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്കും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾക്കുമാണ് ഈ തുക വിനിയോഗിക്കുക.
ഭൂമിയുടെ ന്യായവില വിപണി യാഥാർഥ്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്രമായി പരിഷ്കരിക്കാൻ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. നിലവിലുള്ള എല്ലാ ന്യായവില അപ്പീലുകളും പ്രത്യേക അദാലത്തുകളിലൂടെ ഈ വർഷം ഒക്ടോബർ 31-നകം സമയബന്ധിതമായി തീർപ്പാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷവും സുതാര്യതയും ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സ്റ്റാമ്പിങ് സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയെക്കൂടി ഡിജിറ്റൽ സ്റ്റാമ്പിങ്ങിന്റെ പരിധിയിൽ കൊണ്ടുവരുന്നതിലൂടെ പേപ്പർ രഹിത ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാൻ സാധിക്കും.
ദീർഘകാലമായി കെട്ടിക്കിടക്കുന്ന അണ്ടർ വാലുവേഷൻ കേസുകൾ പരിഹരിക്കാൻ ആകർഷകമായ ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (OTS) ആവിഷ്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം 2010 മാർച്ച് 31 വരെയുള്ള പതിനായിരം രൂപയിൽ താഴെയുള്ള ചെറുകിട കുടിശ്ശികകൾ പൂർണമായും എഴുതിത്തള്ളാൻ തീരുമാനിച്ചത് സാധാരണക്കാരായ പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകും.
ലൈസൻസുള്ള വെണ്ടർമാരുടെ സ്റ്റാമ്പ് പേപ്പർ വില്പന പരിധി നിലവിലെ ഒരു ലക്ഷം രൂപയിൽ നിന്നും 3 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. കൂടാതെ കെ-റേരയിൽ (K-RERA) രജിസ്റ്റർ ചെയ്ത പരിസ്ഥിതി സൗഹൃദ വില്ലകൾക്ക് മുദ്രവില നിരക്ക് 4 ശതമാനമായി കുറച്ചതും സംസ്ഥാനത്തെ നിർമാണ-റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് വലിയ ഉത്തേജനം നൽകും.
അണ്ടർവാല്യുവേഷൻ കേസുകളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിച്ച ശേഷവും കുടിശ്ശിക വരുത്തുന്ന തുക, ബന്ധപ്പെട്ട വസ്തുവിന്മേലുള്ള ബാധ്യതയായി (Liability) കണക്കാക്കാനുള്ള പുതിയ വ്യവസ്ഥ ബജറ്റിലുണ്ട്. ഇത് സർക്കാരിന്റെ റവന്യൂ വരുമാനം കാര്യക്ഷമമായി സംരക്ഷിക്കുന്നതോടൊപ്പം, ഭാവിയിൽ മറ്റുള്ളവരിൽ നിന്ന് വസ്തു വാങ്ങുന്ന പൊതുജനങ്ങൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കാൻ സഹായിക്കുമെന്നും മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു.