തിരുവനന്തപുരം, 2026 ജൂൺ 15 –
നിയമസഭാ തിരഞ്ഞെടുപ്പിൽ “എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്” എന്ന മുദ്രാവാക്യം ശരിയായിരുന്നില്ലെന്ന് മുൻമന്ത്രി പി. രാജീവ് പറഞ്ഞു. ആ മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം വിലയിരുത്തി. വർഗ ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന നിലപാട് രേഖകളിൽ മാത്രമായി ഒതുങ്ങുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തെറ്റുപറ്റിയെന്ന് പി. രാജീവ് സമ്മതിച്ചു. വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ഭാവിയിൽ എങ്ങനെ ഇടപെടണമെന്നത് അനുഭവങ്ങളിൽ നിന്ന് മനസ്സിലായെന്നും കമ്പ്യൂട്ടറിൽ ചെയ്യുന്നതുപോലെ പഴയ തീരുമാനങ്ങൾ തിരുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള കേസിൽ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും പാർട്ടിയുടെ സംഘടനാ സാങ്കേതികതകൾക്കപ്പുറം വിഷയത്തിന്റെ ഗൗരവമാണ് പരിഗണിക്കേണ്ടിയിരുന്നതെന്ന വിലയിരുത്തൽ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീലാക്കിയ സംഭവവും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ പാർട്ടി പരിശോധന നടത്തിയിരുന്നുവെന്നും വികസന പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ട് തുടർഭരണം ലഭിക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നതെന്നും പി. രാജീവ് പറഞ്ഞു.