തിരുവനന്തപുരം, 2026 ജൂൺ 15 –
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗി നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഐസിഎംആർ മാനദണ്ഡപ്രകാരം രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണൽ ആന്റിബോഡി നൽകിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗബാധിതന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ഒരു ആരോഗ്യപ്രവർത്തകയുടെ രണ്ടാം പരിശോധനാഫലവും നെഗറ്റീവാണ്.
നിപ രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷിച്ചുവരികയാണ്. ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഏഴ് പേരിൽ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ രണ്ട് പേരെ രോഗലക്ഷണങ്ങൾ മാറിയതിനെ തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തേ തന്നെ നെഗറ്റീവായിരുന്നു. അതേസമയം, ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രോഗിയുടെ അടുത്ത ബന്ധുവായ ഒരാളെ ഇന്ന് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. നിലവിൽ ആറ് പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള ഒരു ആരോഗ്യപ്രവർത്തകയുടെ സാമ്പിളും ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സമ്പർക്കപ്പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തിയതുമില്ല. നിലവിൽ 103 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ നാല് പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിലും 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും 85 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 45 പേർ ആരോഗ്യപ്രവർത്തകരാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.