കാങ്ര, 2026 ജൂൺ 14
നിയമ-നീതി മന്ത്രാലയത്തിന് കീഴിലുള്ള നീതി വകുപ്പ്, സമഗ്ര നീതി ലഭ്യതയ്ക്കായുള്ള നവീന പരിഹാരങ്ങൾ രൂപകൽപന ചെയ്യുന്ന പദ്ധതി പ്രകാരമുള്ള മേഖലാ ശിൽപശാലയും പരിഷ്കാരോത്സവവും ജൂൺ 15-ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ഹിമാചൽ പ്രദേശിലെ കാങ്ര ജില്ലയിലെ ധർമ്മശാലയിലെ സർക്കാർ ഡിഗ്രി കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. നീതി ലഭ്യത ശക്തിപ്പെടുത്തുക, നിയമ അവബോധം വർധിപ്പിക്കുക, പൊതുനന്മയ്ക്കായുള്ള നിയമസേവന സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
ഹിമാചൽ പ്രദേശ് ഗവർണറും മുഖ്യമന്ത്രിയും നിയമ-നീതി സഹമന്ത്രിയും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീതി വകുപ്പിന്റെ സെക്രട്ടറി സ്വാഗതപ്രസംഗം നടത്തും. ഒരു വർഷം നീളുന്ന നിയമ അവബോധ പ്രചാരണമായ “ന്യായ പ്രബോധ്” പരിപാടിയുടെ ഉദ്ഘാടനം പ്രധാന ആകർഷണമായിരിക്കും. പൗരന്മാരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള അറിവ് വർധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. “തൊണ്ണൂറ് സെക്കൻഡിൽ നിങ്ങളുടെ അവകാശങ്ങൾ”, “ന്യായ ക്വിസ്”, “പൊതുനന്മ നിയമസേവന പ്രതിജ്ഞ” എന്നീ ജനകീയ പരിപാടികളും ഇതോടൊപ്പം ആരംഭിക്കും. ഗ്രാമതലത്തിലെ സാങ്കേതിക സഹായത്തോടെയുള്ള നിയമസേവനങ്ങളുടെ പ്രയോജനം വ്യക്തമാക്കുന്ന അനുഭവപങ്കിടലുകളും തത്സമയ സംവാദങ്ങളും നടക്കും.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ പരിഷ്കാരങ്ങളും നേട്ടങ്ങളും പരിപാടിയിൽ അവതരിപ്പിക്കും. കോടതികളുടെ ഡിജിറ്റൽ മാറ്റം, നീതിന്യായ അടിസ്ഥാനസൗകര്യ വികസനം, നിയമസഹായം, നിയമ അവബോധം, നീതിന്യായ ശേഷി വർധന എന്നിവയാണ് പ്രധാന വിഷയങ്ങൾ. വിവിധ നീതിന്യായ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, അഭിഭാഷകർ, നിയമ വിദ്യാർഥികൾ, സർക്കാർ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവരടക്കം വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഓൺലൈൻ വഴിയും പങ്കെടുക്കും.