പാലക്കാട്, 2026 ജൂൺ 13 –
പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെ മണ്ണാർക്കാട് വട്ടമ്പലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്നാണ് മരണമെന്ന് റിപ്പോർട്ട്.
അതേസമയം തൃശൂർ ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. വടക്കാഞ്ചേരി മംഗലത്ത് ഏഴും നാലും വയസ്സുള്ള രണ്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അവധി ആഘോഷിക്കാൻ തമിഴ്നാട്ടിലെ അമ്മവീട്ടിൽ പോയി തിരിച്ചെത്തിയ ശേഷമാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്. നിലവിൽ ഇരുവരും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഷിഗെല്ല രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാൻ ആരോഗ്യപ്രവർത്തകർ ജാഗ്രതാ നടപടികൾ സ്വീകരിച്ചുവരികയാണ്. രോഗബാധിതരുടെ സമ്പർക്ക പട്ടികയും യാത്രാ വിവരങ്ങളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്.