തിരുവല്ല, 2026 ജൂൺ 12 –
തിരുവല്ല റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിലും പാർക്കിംഗ് ഫീസിൽ തുടർച്ചയായി വർധന വരുത്തുന്നതായി യാത്രക്കാരുടെ പരാതി. പാർക്കിംഗ് സ്ഥലത്ത് മേൽക്കൂരയോ സി.സി.ടി.വി സംവിധാനങ്ങളോ ഇല്ലാത്തതിനാൽ വാഹനങ്ങൾ വെയിലും മഴയും ഏൽക്കുകയാണ്. വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ഷെഡ് ഉള്ളത്. വാഹനങ്ങൾ ഉടമകളുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് പാർക്ക് ചെയ്യേണ്ടത്. സ്റ്റേഷൻ പരിസരത്ത് നിന്ന് വാഹനങ്ങൾ മോഷണം പോകുന്നതായും വാഹനങ്ങളിലെ പെട്രോൾ, മിററുകൾ തുടങ്ങിയവ നഷ്ടപ്പെടുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു. ഫീസ് അടച്ച ശേഷവും സുരക്ഷ ഉറപ്പില്ലെന്നാണ് യാത്രക്കാരുടെ വിമർശനം.
അടുത്തിടെ പാർക്കിംഗ് നിരക്കുകളും കുത്തനെ വർധിപ്പിച്ചു. രണ്ട് മണിക്കൂർ വരെ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളുടെ ഫീസ് അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയായി ഉയർത്തി. നാലുചക്ര വാഹനങ്ങളുടെ നിരക്ക് പത്ത് രൂപയിൽ നിന്ന് മുപ്പത് രൂപയാക്കി. ഇരുചക്ര വാഹനങ്ങളുടെ പ്രതിമാസ പാർക്കിംഗ് ഫീസ് 200 രൂപയിൽ നിന്ന് 600 രൂപയാക്കി മൂന്നിരട്ടിയായി വർധിപ്പിച്ചു. സ്റ്റേഷൻ വികസനത്തോടൊപ്പം പാർക്കിംഗ് ഏരിയയുടെ വിസ്തൃതി വർധിച്ചതും യാത്രക്കാരുടെ എണ്ണം കൂടിയതും വരുമാനം വർധിപ്പിച്ചിട്ടുണ്ടെങ്കിലും സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ നടപടി ഉണ്ടായിട്ടില്ലെന്നാണ് പരാതി.