ന്യൂഡൽഹി, 2026 ജൂൺ 6 –
സംസ്ഥാന ധനകാര്യ കമ്മിഷനുകൾക്കായുള്ള വിവരസഞ്ചയങ്ങളെക്കുറിച്ചുള്ള സമിതി റിപ്പോർട്ട് 2026 ജൂൺ 8ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. പഞ്ചായത്തിരാജ് മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യാ സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ റിപ്പോർട്ട് പ്രകാശനം ചെയ്യും. തുടർന്ന് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തെയും തെളിവ് അധിഷ്ഠിത ധനകാര്യ ഭരണത്തെയും കുറിച്ച് അദ്ദേഹം മുഖ്യപ്രഭാഷണവും നടത്തും.
പഞ്ചായത്തിരാജ് മന്ത്രാലയ സെക്രട്ടറി വിവേക് ഭരദ്വാജിന്റെയും ദേശീയ പൊതുധനകാര്യ-നയ പഠന സ്ഥാപനത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. മനീഷ് ഗുപ്തയുടെയും സാന്നിധ്യത്തിലാണ് റിപ്പോർട്ട് പുറത്തിറക്കുന്നത്. ഗവേഷണ സ്ഥാപനങ്ങളിലെയും നയരൂപീകരണ മേഖലയിലെയും പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. പ്രാദേശിക ഭരണകൂടങ്ങളുടെ ധനകാര്യം, ജനസംഖ്യ, അടിസ്ഥാനസൗകര്യങ്ങൾ, സേവന വിതരണം, ആസ്തി പരിപാലനം തുടങ്ങിയ മേഖലകളിലെ വിശ്വസനീയവും സമയബന്ധിതവും വിശദവുമായ വിവരങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുകയാണ് റിപ്പോർട്ടിന്റെ പ്രധാന ലക്ഷ്യം.
ഭരണഘടനയിലെ 243-ഐ അനുച്ഛേദപ്രകാരം രൂപീകരിക്കുന്ന സംസ്ഥാന ധനകാര്യ കമ്മിഷനുകൾ പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുകയും സാമ്പത്തിക വിഭവങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ശുപാർശകൾ നൽകുകയും ചെയ്യുന്ന പ്രധാന ഭരണഘടനാ സംവിധാനങ്ങളാണ്. 2024 നവംബറിൽ നടന്ന ധനകാര്യ കമ്മിഷനുകളുടെ സമ്മേളനത്തിൽ വിവിധ വകുപ്പുകളിലെയും ഏജൻസികളിലെയും സമഗ്ര വിവരങ്ങൾ ലഭ്യമാകുന്നതിലെ ബുദ്ധിമുട്ട് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് ഈ സമിതി രൂപീകരിച്ചത്. വിവരലഭ്യത, മാനദണ്ഡവൽക്കരണം, പരസ്പര പ്രവർത്തനക്ഷമത, സ്ഥാപനങ്ങളുടെ ശേഷിവികസനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്കും സംസ്ഥാന ധനകാര്യ കമ്മിഷനുകൾക്കും ഗവേഷകർക്കും ഇത് പ്രധാന റഫറൻസ് രേഖയാകുമെന്നാണ് പ്രതീക്ഷ.
.
.