ഹൈലൈറ്റുകൾ
- ആറളം ഫാമിലാണ് സംഭവം.
- ചെത്ത് തൊഴിലാളി സിനേഷ് മരത്തിൽ കുടുങ്ങി.
- കാട്ടാന തെങ്ങിൻ ചുവട്ടിൽ മണിക്കൂറുകളോളം നിന്നു.
- മാറ്റുകയർ വഴി മറ്റൊരു തെങ്ങിലേക്ക് മാറി.
- ആന റോഡിലേക്ക് പോയതോടെയാണ് രക്ഷപ്പെട്ടത്.

News Portal

ഇരിട്ടി, 2026 ജൂൺ 5 –
ആറളം ഫാമിൽ കള്ള് ചെത്തിനിടെ കാട്ടാന തെങ്ങിൻ ചുവട്ടിൽ നിലയുറപ്പിച്ചതിനെ തുടർന്ന് ചെത്ത് തൊഴിലാളിക്ക് മണിക്കൂറുകളോളം മരമുകളിൽ കഴിയേണ്ടിവന്നു. ബ്ലോക്ക് അഞ്ചിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വിളക്കോട് സ്വദേശി സിനേഷാണ് കാട്ടാന ഭീതിയിൽ തെങ്ങിൻ മുകളിൽ കുടുങ്ങിയത്. പിടിയാനയാണ് പ്രദേശത്ത് ഏറെ നേരം ഭീതി പരത്തിയത്.
രാവിലെ പതിവുപോലെ കള്ള് ചെത്താനായി തെങ്ങിൽ കയറിയ സിനേഷ്, താഴെ അസാധാരണ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തെങ്ങിൻ ചുവട്ടിൽ കാട്ടാനയെ കണ്ടത്. തെങ്ങിൻതോട്ടങ്ങളിൽ എത്തുന്ന കാട്ടാനകൾ സാധാരണയായി തെങ്ങ് കുലുക്കുകയോ തള്ളിയിടുകയോ ചെയ്യാറുള്ളതിനാൽ സിനേഷ് ശബ്ദമുണ്ടാക്കാതെ മുകളിൽ തന്നെ തുടർന്നു. ഏറെ നേരമായിട്ടും ആന മടങ്ങിപ്പോകാതിരുന്നതോടെ സമീപത്തെ തെങ്ങിലേക്ക് കെട്ടിയിരുന്ന മാറ്റുകയർ വഴി അപകടകരമായ രീതിയിൽ മറ്റൊരു തെങ്ങിലേക്ക് മാറി രക്ഷപ്പെടാൻ ശ്രമിച്ചു.
അടുത്ത തെങ്ങിൽ സുരക്ഷിതനാണെന്ന് ഉറപ്പാക്കിയ ശേഷമാണ് സിനേഷ് ഫോൺ ഉപയോഗിച്ച് ആനയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഏറെ നേരം പ്രദേശത്ത് ചുറ്റിക്കറങ്ങിയ കാട്ടാന പിന്നീട് സമീപത്തെ റോഡിലേക്ക് മാറിയതോടെയാണ് ഭീതി ഒഴിഞ്ഞത്. തുടർന്ന് സിനേഷ് സുഹൃത്തുക്കളെയും മറ്റുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു.