ഹൈലൈറ്റുകൾ
- കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി 16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം മലേഷ്യ പൂർണമായി നിരോധിച്ചു.
- പുതിയ നിയമം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു.
- പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ പ്രായം നിർബന്ധമായും പരിശോധിക്കണം.
- നിലവിലെ അക്കൗണ്ടുകളുടെ പ്രായപരിശോധന ആറുമാസത്തിനകം പൂർത്തിയാക്കണം.
- നിയമലംഘനത്തിന് 10 ലക്ഷം റിംഗിറ്റ് വരെ പിഴ; എന്നാൽ മാതാപിതാക്കൾക്ക് ശിക്ഷയില്ല
ക്വാലാലംപുർ: 2026 ജൂൺ 2
കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി 16 വയസിൽ താഴെയുള്ളവർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് പൂർണമായി വിലക്കി മലേഷ്യ. ജൂൺ 1തിങ്കളാഴ്ചയാണ് ഈ പുതിയനിയമം രാജ്യത്ത് നിലവിൽ വന്നത്. പുതിയ നിയമപ്രകാരം, എല്ലാ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളും ഉപയോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. 16 വയസിൽ താഴെയുള്ള കുട്ടികൾ പുതിയ അക്കൗണ്ട് എടുക്കുന്നത് കമ്പനികൾ തടയണമെന്നും നിയമത്തിൽ പറയുന്നു.
പ്രായപരിശോധന അടുത്ത ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണം
നിലവിലുള്ള അക്കൗണ്ടുകളുടെ പ്രായപരിശോധന അടുത്ത ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണം. 16 വയസിൽ താഴെയുള്ളവരുടേതെന്നു കണ്ടെത്തുന്ന അക്കൗണ്ടുകളിലെ ചിത്രങ്ങളും വിവരങ്ങളും ഡൗൺലോഡ് ചെയ്തത് മാറ്റാൻ ഒരുമാസത്തെ സമയം അനുവദിക്കും.
പുതിയ നിയമങ്ങൾ പാലിക്കാത്ത സാമൂഹിക മാധ്യമങ്ങൾക്കു വൻ പിഴ
പുതിയ നിയമങ്ങൾ പാലിക്കാത്ത സാമൂഹിക മാധ്യമങ്ങൾക്കു വൻ പിഴയാണ് മലേഷ്യൻ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം ലംഘിച്ചാൽ 10 ദശലക്ഷം റിംഗിറ്റ് (ഏകദേശം 21 കോടിയിലധികം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തും. എന്നാൽ, നിയമം ലംഘിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കെതിരേ ശിക്ഷാനടപടികൾ ഉണ്ടായിരിക്കില്ല.
ചില ആശങ്കകളും ഉയരുന്നുണ്ട്
സൈബർ ആക്രമണങ്ങളിൽനിന്നും കുട്ടികൾക്ക് ദോഷകരമാക്കുന്ന ഉള്ളടക്കങ്ങളിൽനിന്നും അവരെ സംരക്ഷിക്കാനാണ് ഈ നടപടിയെന്നു സർക്കാർ വ്യക്തമാക്കി. അതേസമയം, പുതിയ നിയമത്തിനെതിരേ ചില ആശങ്കകളും ഉയരുന്നുണ്ട്. പൂർണമായ നിരോധനം കൗമാരക്കാരെ സുരക്ഷിതമായ ആപ്പുകളിൽനിന്നു മാറ്റി നിയന്ത്രണങ്ങളില്ലാത്ത മറ്റ് അപകടകരമായ വെബ്സൈറ്റുകളിലേക്കു തിരിയാൻ പ്രേരിപ്പിച്ചേക്കുമെന്ന് മെറ്റാ കമ്പനി വക്താവ് ക്ലാര കോ അഭിപ്രായപ്പെട്ടു.

