ഡൽഹി: മെയ് 30.കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഉടനടി അണ്‍ബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടെന്നതിനാൽ തീരുമാനമെടുക്കുന്നതിനു മുമ്പായി സർക്കാരിന്റെ വാദം കേൾക്കാതെ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഐടി നിയമങ്ങൾക്കു കീഴിൽ ഒരു അവലോകന സമിതി വിലയിരുത്തണം
.
“രാജ്യസുരക്ഷ’യുടെ പേരിൽ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യുന്ന വിഷയം ഐടി നിയമങ്ങൾക്കു കീഴിൽ ഒരു അവലോകന സമിതി വിലയിരുത്തണമെന്നാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ യുവാക്കളുടെയുൾപ്പെടെ പിന്തുണയോടെ ഡിജിറ്റൽ മുന്നേറ്റമായി മാറുകയായിരുന്ന കോക്രോച്ച് ജനതാ പാർട്ടി എന്ന ആക്ഷേപഹാസ്യ “രാഷ്ട്രീയകക്ഷി’യുടെ എക്സ് അക്കൗണ്ട് കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാതെയായിരുന്നു കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തത്.
അക്കൗണ്ട് മുഴുവനായി തടഞ്ഞുവയ്ക്കരുതായിരുന്നുവെന്ന് അഭിജിത്തിന്റെ അഭിഭാഷകൻ .
അക്കൗണ്ടിൽ ആക്ഷേപകരമായ ചില പോസ്റ്റുകളുണ്ടെങ്കിൽ അതുമാത്രം ബ്ലോക്ക് ചെയ്യണമായിരുന്നുവെന്നും അക്കൗണ്ട് മുഴുവനായി തടഞ്ഞുവയ്ക്കരുതെന്നുമായിരുന്നു അഭിജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ കേന്ദ്രത്തിന്റെ പ്രതികരണം തേടി മാത്രമായിരിക്കും അണ്‍ബ്ലോക്ക് ചെയ്യുന്നതു സംബന്ധിച്ച ഉത്തരവുണ്ടാകൂ എന്ന് വ്യക്തമാക്കി ഹൈക്കോടതി കേന്ദ്രസർക്കാരിനു നോട്ടീസ് അയയ്ക്കുകയായിരുന്നു. കേസ് ഇനി ജൂലൈ ആറിനു പരിഗണിക്കും.