ചണ്ഡീഗഡ്| 117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയില്‍ 93 എം എല്‍ എമാർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വിശ്വാസ വോട്ട് നേടി. ആം ആദ്മി പാര്‍ട്ടിക്ക് സഭയില്‍ നിലവില്‍ 92 എം എല്‍ എമാരാണുള്ളത്. പ്രമേയത്തിന് എതിരെ വോട്ടുകളൊന്നും രേഖപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമായി.
പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് സര്‍ക്കാര്‍ വിശ്വാസപ്രമേയം പാസാക്കിയത്
അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് സര്‍ക്കാര്‍ വിശ്വാസപ്രമേയം പാസാക്കിയത്. സംസ്ഥാന സര്‍ക്കാരില്‍ വിള്ളലുണ്ടെന്ന ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അപ്രതീക്ഷിതമായി വിശ്വാസ വോട്ട് തേടിയത്. തന്റെ സര്‍ക്കാര്‍ പാറ പോലെ ഉറച്ചതാണെന്നും എം എല്‍ എമാരെ വിലക്കെടുക്കാനുളള ബി ജെ പിയുടെ ശ്രമങ്ങള്‍ പഞ്ചാബില്‍ നടക്കില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വോട്ടെടുപ്പിന് ശേഷം പറഞ്ഞു. പാര്‍ട്ടി വിട്ട എം പിമാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും എന്നാല്‍ എം എല്‍ എമാര്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ നടപടികള്‍ ബഹിഷ്കരിച്ച ബി.ജെ.പി അംഗങ്ങള്‍ സഭക്ക് പുറത്ത് പ്രതിഷേധിച്ചു.
എന്നാല്‍ സഭയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങളാണ് നടന്നു. മുഖ്യമന്ത്രി മദ്യപിച്ച് സഭയിലെത്തിയോ എന്ന് പരിശോധിക്കാന്‍ ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെക്കുകയും സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നിയമസഭ നടപടികള്‍ ബഹിഷ്കരിച്ച ബി.ജെ.പി അംഗങ്ങള്‍ സഭക്ക് പുറത്ത് സമാന്തരമായി ജനകീയ സഭ സംഘടിപ്പിച്ച് പ്രതിഷേധിച്ചു. .


