തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം നീണ്ടു നില്ക്കുന്നത് കാർഷിക രംഗത്തെയും വലിയതോതിൽ പ്രതികൂലമായി ബാധിക്കുമെന്നു റിപ്പോർട്ട്. ഇന്ത്യയിലേക്ക് ഉൾപ്പെടെ കാർഷിക മേഖലയിലേക്ക് വേണ്ട കീടനാശിനികളുടേയും രാസവളങ്ങളുടേയും വിലയിൽ വലിയ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇവയുടെ ഉത്പാദനത്തിന് കാലതാമസം നേരിടുമെന്നുമാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ ക്രോപ്പ് ലൈഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കീടനാശിനികളും രാസവസ്തുക്കളും എത്തിക്കാൻ ചെലവുകൂടും.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ മറ്റു പല റൂട്ടുകളെയും ആശ്രയിച്ചാണ് കീടനാശിനികളും രാസവസ്തുക്കളും എത്തിക്കുന്നത്. ഇതിനായി കൂടുതൽ സാമ്പത്തിക ചെലവ് വേണ്ടി വരും. കൂടാതെ ഉത്പന്നങ്ങളുടെ നിർമാണത്തിനായി കൂടുതൽ സമയവും വേണ്ടിവരും. കേരളത്തിലെ കർഷകരെ ഉൾപ്പെടെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ ഉത്പാദന ചെലവ് 20 മുതൽ 25 ശതമാനം വരെ വർധിക്കാനാണ് സാധ്യത. കമ്പനികൾക്ക് അധികമായി വരുന്ന ചെലവ് ഉത്പന്നത്തിൽ നിന്നാവും ഈടാക്കുക. രാസവളങ്ങളുടെ വിലയിൽ നിലവിൽത്തന്നെ വലിയതോതിലുള്ള വർധനയാണ് ഉള്ളത്.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പല രാസവസ്തുക്കളുടേയും കീടനാശിനികളുടേയും ഉത്പാദനത്തിന് തടസമുണ്ടാക്കും. ഇത് ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്ന് ക്രോപ്പ് ലൈഫ് ഇന്ത്യയുടെ ചെയർമാൻ അങ്കുർ അഗർവാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ തടസം തുടർന്നാൽ ഇന്ത്യയിൽ സൾഫറിന് ക്ഷാമം നേരിട്ടേക്കാമെന്നും റിപ്പോർട്ടുണ്ട്.
