ന്യൂഡൽഹി | കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് മാറ്റാനുള്ള നിർണ്ണായക തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന കേരള നിയമസഭയുടെ ഐകകണ്ഠ്യേനയുള്ള ശുപാർശ പരിഗണിച്ചാണ് ഈ നടപടി. പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ‘കേരളം’ എന്നാക്കി ഭേദഗതിചെയ്യണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിന് അനുച്ഛേദം 3 പ്രകാരം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിരുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണമെന്ന ഈ സുപ്രധാന ആവശ്യമാണ് കേന്ദ്രം ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
