കണ്ണൂര്‍ | പേര് വിളിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്ദേശമയച്ച് മുഖ്യമന്ത്രി. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നും കരുതല്‍ തുടരുമെന്നും വ്യക്തമാക്കുന്ന സന്ദേശമാണ് ജീവനക്കാർക്ക് ലഭിച്ചത്. ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ മുതലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സാപ്പിലേക്ക് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയത്. എല്ലാവരുടെയും പേര് പറഞ്ഞും നമസ്കാരം പറഞ്ഞുമാണ് സന്ദേശം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ പൂര്‍ണമായും അനുവദിച്ചിരിക്കുന്നു
കഴിഞ്ഞ ബജറ്റില്‍ നല്കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുകയാണ്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ സര്‍ക്കാര്‍ പൂര്‍ണമായും അനുവദിച്ചിരിക്കുന്നു. ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ അനുവദിച്ച മൂന്ന് ശതമാനത്തിന് പുറമെ, ബാക്കിയുള്ള 10 ശതമാനം ഡിഎ കൂടി അനുവദിച്ച് ഉത്തരവിറങ്ങി. ഇതോടെ ആകെ ഡിഎ 35 ശതമാനമായി വര്‍ധിപ്പിച്ചു. മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ധിപ്പിച്ച മൂന്ന് ശതമാനം ഡിഎയും ഏപ്രില്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍.വര്‍ധിപ്പിച്ച 10 ശതമാനം ഡിഎയും നിങ്ങളുടെ കൈകളിലെത്തും.
സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടെന്ന ഉറപ്പ്
സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ എന്ന് പറഞ്ഞ് അവസാനിക്കുന്ന സന്ദേശത്തില്‍ ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടെന്ന ഉറപ്പും നൽകുന്നുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തോടുകൂടിയുള്ള പോസ്റ്ററും സന്ദേശത്തോടൊപ്പം ഉണ്ട്. കഴിഞ്ഞ ദിവസം പെന്ഷന് വാങ്ങുന്നവര്‍ക്കും സന്ദേശം അയച്ചിരുന്നു..
