തിരുവനന്തപുരം | നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെ ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധത്തിന് പിറകെ ബിന്ദു സുന്ദറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി നിയമച്ചതിന് പിറകെയാണ് സസ്പെന്ഷന്. കുടുംബം പ്രതിഷേധം കടുപ്പിച്ചതോടെയാണ് ആരോഗ്യവകുപ്പ് ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടികളിലേക്ക് കടന്നത്. അതേ സമയം ഡോക്ടര്‍ക്കെതിരെ കൈക്കൂലി ആരോപണവും ഉയര്‍ന്നിട്ടുണ്ട്
വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തീസിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത് .
ഡോക്ടർക്കെതിരെ മറ്റ് രണ്ട് പരാതികള്‍ കൂടി ഡി എം ഒക്ക് ലഭിച്ചതായി ഡയറക്ടർ
ഡോ. ബിന്ദു സുന്ദറിനെതിരെ മറ്റ് രണ്ട് പരാതികള്‍ കൂടി ഡി എം ഒക്ക് ലഭിച്ചതായും ഇതുള്‍പ്പെടെ എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഡയറക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് (18.02.2026) നടക്കും.ആശുപത്രിയില്‍ ചികിത്സാ വീഴ്ചയുണ്ടായെന്ന പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ഡോക്ടര്‍ അഞ്ച് മിനുട്ട് മാത്രമെടുത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും ആരോപണമുണ്ട്.
.
പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നിരഞ്ജനയെ ഫെബ്രുവരി 17 ന് പുലര്‍ച്ചെ പരിശോധനക്കായി ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടോടെ സിസേറിയന് നടത്തി കുഞ്ഞിനെ പുറത്ത് എടുത്തുവെങ്കിലും കുഞ്ഞ് മരിച്ചു. ഡോക്ടര്‍ അഞ്ച് മിനുട്ട് മാത്രമെടുത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും ആരോപണമുണ്ട്. പ്രസവ വേദന ഇല്ലാതിരുന്നിട്ടും നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകള്‍ ലേബര്‍ റൂമില്‍ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചു. .
