ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലും വിദ്യാർഥിനികൾക്കു ബയോ ഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ സൗജന്യമായി ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. സ്കൂളിന്റെ ശുചിമുറിയുടെ സമീപം സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വഴി കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിധത്തിൽ ഇതു സജ്ജീകരിക്കണം. അതിനു സാധ്യമല്ലാത്ത സാഹചര്യത്തിൽ സാനിറ്ററി പാഡുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ ആവശ്യമായ ക്രമീകരണം നടത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗം
ആർത്തവ ശുചിത്വത്തിനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനയുടെ 21-ാം അനുഛേദ പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്.
ആർത്തവ ശുചിത്വം ഔദാര്യമല്ല. ജീവിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിൽനിന്ന് ഉളവാകുന്ന ഭരണഘടനാപരമായ അവകാശമാണെന്നു പറഞ്ഞ കോടതി, നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാരായിരിക്കും ഉത്തരവാദിയെന്നും വ്യക്തമാക്കി. ആർത്തവസമയത്ത് അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതും അതുമായി ബന്ധപ്പെട്ട് നേരിടുന്ന അപമാനവുമൊക്കെ സ്വകാര്യതയെ മാത്രമല്ല പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ദോഷകരമായി ബാധിക്കാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയുടെ നിർദേശങ്ങൾ
ആർത്തവ ശുചിത്വം ഉറപ്പാക്കേണ്ടതിന്റെ ഭാഗമായി സ്കൂളുകളിൽ പെണ്‍കുട്ടികൾക്ക് പ്രത്യേകം ശുചിമുറികൾ ഉറപ്പാക്കണം.
ഭിന്നശേഷിയുള്ള കുട്ടികൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ ശുചിമുറികൾ ലഭ്യമാക്കണം. അതിൽ വെള്ളത്തിനും കൈ കഴുകി ശുചിയാക്കുന്നതിനും ആവശ്യമായ സൗകര്യം ഉറപ്പു വരുത്തണം..
സോപ്പും വെള്ളവും ശുചിമുറിയിൽ ഏതു സമയത്തും ലഭ്യമാക്കണം.
എല്ലാ സ്കൂളുകളിലും ആർത്തവ ശുചിത്വ മാനേജ്മെന്റിന് (മെനസ്ട്രൽ ഹൈജീൻ മാനേജ്മെന്റ് എംഎച്ച്എം) ഒരു പ്രത്യേക സംവിധാനമുണ്ടെന്ന് സംസ്ഥാനസർക്കാരുകൾ ഉറപ്പുവരുത്തണം.
ആർത്തവവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തിൽ പെണ്‍കുട്ടികൾക്ക് അടിവസ്ത്രം, യൂണിഫോം, ഡിസ്പോസിബിൾ ബാഗ് എന്നിവ സ്കൂളിലെ എംഎച്ച്എം വഴി ലഭ്യമാക്കണം.
ഉപയോഗിച്ച പാഡുകൾ സംസ്കരിക്കുന്നതിന് ആവശ്യമായ സജ്ജീകരണം വേണം.
സാനിറ്ററി വസ്തുക്കൾ ശേഖരിക്കുന്നതിന് വിദ്യാർത്ഥിനികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ മൂടിയുള്ള വേസ്റ്റ് ബിൻ ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു.
കേസിന് അടിസ്ഥാനമായ സംഭവം
ആർത്തവസമയമായതിനാൽ ജോലിക്കെത്താൻ കഴിയില്ലെന്ന് അറിയിച്ച ശുചീകരണ തൊഴിലാളികളായ രണ്ടു സ്ത്രീകളോട് അതിനു തെളിവായി ധരിച്ചിരിക്കുന്ന പാഡിന്റെ ഫോട്ടോ വാട്സാപ്പിൽ അയയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ട സംഭവം പ്രതിഷേധത്തിനു കാരണമായിരുന്നു. ഹരിയാനയിലെ മഹർഷി ദയാനന്ദ് സർവകലാശാലയിലെ ഈ സംഭവമാണ് കേസിന് അടിസ്ഥാനം.
