ലക്നോ: ഉത്തർപ്രദേശിൽ സ്കൂളിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികൾ ബോധരഹിതരായി. സാൻഡില പട്ടണത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. 16 വിദ്യാർഥികളാണ് ബോധരഹിതരായത്. എല്ലാ വിദ്യാർഥികളെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്നോവിലേക്ക് മാറ്റി.
വാതകത്തിന്റെ രൂക്ഷഗന്ധം പടർന്നതിനെ തുടർന്ന് അധ്യാപകർ എല്ലാ വിദ്യാർഥികളെയും ഒഴിപ്പിച്ചു..
സ്കൂൾ പരിസരത്ത് വാതകത്തിന്റെ രൂക്ഷഗന്ധം പടർന്നിരുന്നുവെന്നും ഇതേതുടർന്ന് പരിഭ്രാന്തരായ കുട്ടികൾ ക്ലാസ് മുറിയിൽ നിന്നും പുറത്തേക്ക് ഓടിയെന്നും അധികൃതർ പറഞ്ഞു. അധ്യാപകർ ഉടൻ തന്നെ എല്ലാ വിദ്യാർഥികളെയും ഒഴിപ്പിക്കുകയും രക്ഷിതാക്കളെയും അധികൃതരെയും വിവരമറിയിക്കുകയും ചെയ്തു.
കുട്ടികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും സമഗ്രമായ അന്വേഷണം നടത്താനും നിർദേശം
അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചോർച്ചയുടെ കാരണം സ്ഥിരീകരിച്ചുകഴിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുന്നതായും ജില്ലാ മജിസ്ട്രേറ്റ് അനുനായ് ഝാ പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റ്, പോലീസ് സൂപ്രണ്ട് അശോക് കുമാർ മീണ എന്നിവർ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തി ചികിത്സയിൽ കഴിയുന്ന കുട്ടികളെയും സന്ദർശിച്ചു. കുട്ടികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി യോഗി ആദ്ത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി,
