കട്ടക്ക് | ദുർഗ്ഗാ പൂജ ഘോഷയാത്രയും വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലിയും അക്രമാസക്തമായതിനെ തുടർന്ന് ഒഡീഷയിലെ കട്ടക്കിൽ പല പോലീസ് സ്റ്റേഷൻ പരിധികളിലും അധികൃതർ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. വർഗീയ സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാനാണ് നടപടി. അക്രമങ്ങളിൽ 25 ഓളം പോലീസുകാർക്ക് പരിക്കേറ്റു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് വി എച്ച് പി തിങ്കളാഴ്ച (ഒക്ടോബർ 6) 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം വിഗ്രഹം നിമജ്ജനം ചെയ്യുന്ന ഘോഷയാത്രയ്ക്കിടെ ചിലർ തമ്മിൽ വ്യക്തിപരമായ തർക്കമുണ്ടായി. ഇതിനെത്തുടർന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ശനിയാഴ്ച (ഒക്ടോബർ 5) കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നതായി പോലീസ് കമ്മീഷണർ എസ്. ദേവ് ദത്ത സിംഗ് പറഞ്ഞു. നിയമ-സമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിശ്വ ഹിന്ദു പരിഷത്ത് കട്ടക്കിൽ ഞായറാഴ്ച നടത്തിയ ബൈക്ക് റാലിക്ക് പോലീസ് കമ്മീഷണറേറ്റ് അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയX
പോലീസ് റാലി തടയാൻ ശ്രമിച്ചപ്പോഴാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വർഗീയ സംഘർഷങ്ങൾ ആളിക്കത്താൻ സാധ്യതയുള്ള ചില പ്രദേശങ്ങളിലേക്കാണ് റാലി നീങ്ങിയത്. റാലി മുന്നോട്ട് പോവുന്നത് പോലീസ് തടഞ്ഞപ്പോൾ പങ്കെടുത്തവർ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും റബ്ബർ ബുള്ളറ്റുകൾ പ്രയോഗിക്കുകയും ചെയ്തു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.
അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി 10 മണി മുതൽ 36 മണിക്കൂർ നേരത്തേക്കാണ് വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ പ്രഖ്യാപിച്ചത്. ആരോഗ്യ സംരക്ഷണം, പാൽ, പച്ചക്കറി വിതരണം, വിദ്യാർത്ഥികളുടെയും ഓഫീസ് ജീവനക്കാരുടെയും സഞ്ചാരം തുടങ്ങിയ അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
