സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് 11 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

കടുത്തുരുത്തി: സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വൈദികൻ്റെ 11 ലക്ഷം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ഗുജറാത്ത് വഡോദര ന്യൂ സാമ റോഡിൽ പഞ്ചം ഹൈറ്റ്സിന് സമീപം ഹരികപൂർ സൊസൈറ്റിയിൽ 108 ൽ മന്ദീപ് സിങ്ങാണ് അറസ്റ്റിലായത്. കോട്ടയം കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ, ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഓഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.

സിബിഐ ചമഞ്ഞ് വെർച്വൽ അറസ്റ്റിന് വിധേയനാക്കുകയായിരുന്നു

. കടുത്തുരുത്തിയിലെ വൈദികനെ സിബിഐ ചമഞ്ഞ് വെർച്വൽ അറസ്റ്റിന് വിധേയനാക്കുകയായിരുന്നു. സിബിഐ ഉദ്യോഗസ്ഥർ ആണെന്ന് പറയുകയും അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നതായി ധരിപ്പിക്കുകയും ചെയ്തു. വ്യാജ രേഖകൾ കാട്ടി ഭീഷണിപ്പെടുത്തിയും തട്ടിപ്പ് സംഘം വൈദികനെ കുടുക്കി. തുടർന്ന് ഇദ്ദേഹത്തിൻ്റെ അക്കൗണ്ടിൽ നിന്നും 11 ലക്ഷം രൂപ കൈമാറ്റം ചെയ്തു.

കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രുപീകരിച്ചു

പിന്നീട് വീണ്ടും തട്ടിപ്പ് സംഘം വൈദികനെ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വൈദികൻ കടുത്തുരുത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിൻ്റെ നിർദേശാനുസരണം കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രുപീകരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം വൈക്കം ഡിവൈഎസ്പി ടി.ബി. വിജയൻ്റെ മേൽനോട്ടത്തിൽ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ, ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കൽ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഇ.എ അനീഷ് , അജീഷ് പി , സുമൻ ടി മണി എന്നിവർ ഗുജറാത്തിലേക്ക് തിരിച്ചു.

വഡോദരയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലാണ് വൈദികൻ്റെ പണം എത്തിയിരുന്നത്.

ഗുജറാത്ത് വഡോദരയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലാണ് വൈദികൻ്റെ പണം എത്തിയിരുന്നത്. തുടർന്ന് ഈ അക്കൗണ്ട് പരിശോധിച്ചപ്പോൾ 11 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തി. ഗുജറാത്തിൽ താമസിക്കുന്ന ഹരിയാന സ്വദേശിയായ മന്ദീപ് സിങ്ങാണ് പണം പിൻവലിച്ചത്. രണ്ട് ചെക്കുകൾ ഉപയോഗിച്ച് ബാങ്കിൽ നേരിട്ട് എത്തി ഇയാൾ പണം പിൻവലിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഗുജറാത്ത് കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിൽ എത്തിക്കും.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →