ചെന്നൈ: റഷ്യയിലെ വോള്‍ഗാ നദിയില്‍ മുങ്ങിമരിച്ച തമിഴ് നാട്ടുകാരായ നാല് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് കുടുംബങ്ങള്‍. തമിഴ് നാട്ടിലെ തിരുപ്പൂര്‍, ഗൂഡല്ലൂര്‍, ചെന്നൈ സ്വദേശികളായ 20നും 24നും ഇടയില്‍ പ്രായമുള്ള വിഘ്നേഷ്, മനോജ് ആനന്ദ്, മുഹമ്മദ് ആഷിഖ്, എം. സ്റ്റീഫന്‍ എന്നിവരാണ് മരണപ്പെട്ടത്. അതേസമയം, കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
നാലുപേരും റഷ്യയിലെ വോള്‍ഗാ ഗാര്‍ഡ് മെഡിക്കല്‍ സര്‍വ്വകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിലെത്താന്‍ ആറുമാസം ബാക്കിനില്‍ക്കേയാണ് മരണം കവര്‍ന്നതെന്ന് മാതാപിതാക്കള്‍ അറിയിച്ചു.
10 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം അവധി ദിവസം ബോട്ടുയാത്രയ്ക്കായി പോയതായിരുന്നു. പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ബോട്ടുമറിയുകയായിരുന്നു. മറ്റ് ആറുപേരും നീന്തി രക്ഷപെട്ടു. കൂട്ടുകാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഘ്നേഷും ഒഴുക്കില്‍പ്പെട്ടത്. നാലുപേരുടേയും മൃതദേഹങ്ങള്‍ ലഭിച്ചതായി വോള്‍ഗാ ഗാര്‍ഡ് പോലീസ് അറിയിച്ചു.

