ന്യൂഡല്‍ഹി: പഹല്‍ഗാം മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സര്‍വകക്ഷിയോഗം അവസാനിച്ചു.യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കക്ഷികള്‍ ഉറപ്പുനല്‍കി. ഭീകരാക്രമണത്തേ തുടര്‍ന്ന് ബുധനാഴ്ച നടന്ന അടിയന്തരയോഗത്തില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വിശദീകരിച്ചു.
ബൈസരണ്‍ താഴ്‌വര തുറന്നുനല്‍കിയ കാര്യം സുരക്ഷാ ഏജന്‍സികളെ ധരിപ്പിച്ചിരുന്നില്ല
ബൈസരണ്‍ താഴ്‌വര വിനോദസഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയ കാര്യം പ്രാദേശിക അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ ധരിപ്പിച്ചിരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചതായി യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കായി ഏപ്രില്‍ 20ന് ബൈസരണ്‍ താഴ്‌വര തുറന്നത് സുരക്ഷാ ഏജന്‍സികളുടെ അറിവോടെയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചതായി ഹാരിസ് ബീരാന്‍ എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
സുരക്ഷാവീഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍
സാധാരണയായി അമര്‍നാഥ് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ജൂണ്‍ മാസത്തിലാണ് ബൈസരണ്‍ താഴ്‌വര തുറന്നുകൊടുക്കുന്നത്. അതിനാലാണ് സുരക്ഷാവീഴ്ചയുണ്ടായോ എന്ന ചോദ്യം പ്രതിപക്ഷകക്ഷികള്‍ യോഗത്തില്‍ ഉയര്‍ത്തിയത്. സുരക്ഷാവീഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ചുംപ്രതിപക്ഷ കക്ഷികൾ ചോദ്യം ഉന്നയിച്ചു.
കേന്ദ്രസര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് എല്ലാ കക്ഷികളും അറിയിച്ചു
ആക്രമണസംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതിനെ കുറിച്ചും യോഗത്തില്‍ ചോദ്യമുയര്‍ന്നിരുന്നു. ഭീകരാക്രമണം നടന്ന സ്ഥലത്തേക്ക് 45 മിനിറ്റ് കാല്‍നടയായി സഞ്ചരിക്കേണ്ടതുണ്ടെന്നും ഹെലികോപ്ടര്‍ എത്തിച്ചേരാന്‍ വൈകിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് എല്ലാ കക്ഷികളും അറിയിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീകരാക്രമണത്തെ എല്ലാ കക്ഷികളും അപലപിച്ചതായും ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷകക്ഷികള്‍ സര്‍ക്കാരിനൊപ്പം നിലകൊള്ളുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലിയായി രണ്ട് മിനിറ്റ് മൗനമാചരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്..
