തിരുവനന്തപുരം | വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം..ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്നും അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും അടക്കം വാഹന പരിശോധനയില്‍ സുപ്രധാന നിര്‍ദേശങ്ങളാണ് ഗതാഗത കമ്മീഷണറുടെ ഉത്തരവിലുള്ളത്. ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കേസെടുക്കുന്നത് നിയമവിരുദ്ധവും വകുപ്പിന് അപകീര്‍ത്തി ഉണ്ടാക്കുന്നതുമാണ്. അതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം നിയമപരമല്ലാത്ത കേസുകളിലൂടെ വാഹന ഉടമകളെ.ബുദ്ധിമുട്ടിക്കാന്‍ പാടില്ല.
വാഹനങ്ങളുടെ റൂഫ് ലഗേജ് ക്യാരിയര്‍ അനധികൃത ഓള്‍ട്ടറേഷനായി പരിഗണിക്കാന്‍ കഴിയില്ല
അടിസ്ഥാനരഹിതമായ കേസുകള്‍ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിക്കുകയും അന്വേഷണത്തിലൂടെ നിയമപരമായ നടപടികളാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. വാഹനങ്ങളുടെ റൂഫ് ലഗേജ് ക്യാരിയര്‍ അനധികൃത ഓള്‍ട്ടറേഷനായി പരിഗണിക്കാന്‍ മോട്ടോര്‍വാഹന നിയമത്തിലോ മറ്റ് സര്‍ക്കാര്‍ ഉത്തരവുകളിലോ നിര്‍ദേശിക്കുന്നില്ല.
ടൂറിസം മേഖലയെയും ദോഷകരമായി ബാധിച്ചേക്കാം.
വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ധാരാളമായി ഉപയോഗിക്കുന്ന ടാക്സി വാഹനങ്ങളിലെ ലഗേജ് ക്യാരിയറുകല്‍ക്കെതിരെ നിയമപരമല്ലാത്ത ഇത്തരം പിഴ ചുമത്തുന്നതുമൂലം പൊതുജനങ്ങള്‍ കള്ള ടാക്സിയെയും മറ്റും കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാകാം. ഇത്തരം നടപടികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയെയും ദോഷകരമായി ബാധിച്ചേക്കാം. നിയമപരമല്ലാത്ത ഇത്തരം നടപടികള്‍ വകുപ്പിനു കളങ്കമേല്‍പ്പിക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. .
