പി.വി. അൻവറിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വക്കീല്‍ നോട്ടീസ്

കണ്ണൂർ: വാർത്തസമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെ പി.വി. അൻവറിന് വക്കീല്‍ നോട്ടീസ് അയച്ച്‌ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമസഭയില്‍ അഴിമതിയാരോപണമുന്നയിച്ചത് പി. ശശി ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് അൻവർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പി. ശശി നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്.

പ്രസ്താവന പിൻവലിച്ച്‌ അൻവർ ഖേദം പ്രകടിപ്പിക്കണമെന്ന് പി.ശശി.

പ്രസ്താവന പിൻവലിച്ച്‌ അൻവർ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം സിവില്‍-ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അൻവറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് പി. ശശി ജനുവരി 13 ന് വാർത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപെടാനാണ് ശ്രമിക്കുന്നതെന്നും പി. ശശി കുറ്റപ്പെടുത്തി.

ഒരുപാട് പാപഭാരങ്ങള്‍ ചുമന്നാണ് താൻ നടക്കുന്നത്.

സില്‍വർ ലൈൻ അട്ടിമറിക്കാൻ ഐ.ടി കുത്തകകള്‍ 150 കോടി രൂപ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കൈക്കൂലി നല്‍കിയെന്നായിരുന്നു പി.വി. അൻവർ നിയമസഭയില്‍ ഉന്നയിച്ച ആരോപണം. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണെന്നും ഇക്കാര്യത്തില്‍ താൻ പ്രതിപക്ഷ നേതാവിനോട് മാപ്പുചോദിക്കുന്നുവെന്നും അൻവർ ഇന്നലെ പറഞ്ഞിരുന്നു. ഒരുപാട് പാപഭാരങ്ങള്‍ ചുമന്നാണ് താൻ നടക്കുന്നത്. ഇനിയത് വിശദീകരിക്കാതെ രക്ഷയില്ലെന്നും വാർത്തസമ്മേളനത്തില്‍ ഏറ്റുപറഞ്ഞിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →