കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ വികസന വകുപ്പ് മന്ത്രി കൊച്ചിയിലെ കയർ ബോർഡ് ആസ്ഥാന ഓഫീസ് സന്ദർശിച്ചു

കയർ ബോർഡിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും മന്ത്രി അവലോകനം ചെയ്തു; വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

അരൂരിലെ കയർ നിർമ്മാണ യൂണിറ്റും മന്ത്രി സന്ദർശിച്ചു

കൊച്ചി: കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ വികസന (MSME ) വകുപ്പ്  മന്ത്രി ശ്രീ ജിതൻ റാം മാഞ്ചി ഇന്ന് കൊച്ചിയിലെ കയർ ബോർഡ് ആസ്ഥാന ഓഫീസ് സന്ദർശിച്ചു. MSME സെക്രട്ടറി ശ്രീ എസ്. സി. എൽ ദാസ്, ജോയിന്റ് സെക്രട്ടറി (എ.ആർ.ഐ) & കയർ ബോർഡ് ചെയർമാൻ ശ്രീ വിപുൽ ഗോയൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സന്ദർശന വേളയിൽ, മന്ത്രി കയർ ബോർഡിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും അവലോകനം ചെയ്യുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും സംഭാവന നൽകുന്നതിനുള്ള മേഖലയുടെ അതുല്യമായ സാധ്യതകൾ എടുത്തുപറയുകയും ചെയ്തു.

തൊഴിൽ, വരുമാനം എന്നിവ സൃഷ്ടിക്കുന്നതിൽ ഉയർന്ന സാധ്യതയുള്ള എം.എസ്.എം.ഇ മേഖലയ്ക്ക് ഒരുപാട് ദൂരം മുന്നോട്ടുപോകാൻ ഉണ്ടെന്ന് എം എസ് എം ഇ സെക്രട്ടറി എസ്. സി. എൽ ദാസ് വ്യക്തമാക്കി. ഗ്രാമീണ സമൂഹങ്ങളുമായുള്ള കയർ മേഖലയുടെ ആഴത്തിലുള്ള ബന്ധം എടുത്തുകാണിച്ചുകൊണ്ട്, ഈ മേഖലയുടെ വികസനത്തിനായി മന്ത്രാലയം തിരിച്ചറിഞ്ഞ നാല് പ്രധാന മേഖലകൾ – സ്ഥാപന സംവിധാനങ്ങളും മാനവ വിഭവശേഷിയും ശക്തിപ്പെടുത്തൽ, ഫലപ്രദമായ ഗവേഷണ വികസനം നടത്തുക, ആഭ്യന്തര വിപണി വികസിപ്പിക്കുക, നയ പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നിവ അദ്ദേഹം  വിശദീകരിച്ചു.

കയർ ബോർഡിന്റെ പ്രധാന നേട്ടങ്ങൾ

കയർ ബോർഡ് വർഷങ്ങളായി കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളെക്കുറിച്ച് ശ്രീ വിപുൽ ഗോയൽ വിശദമാക്കി. 32 പുതിയ യന്ത്ര സംവിധാനങ്ങളും 34 നൂതന സാങ്കേതികവിദ്യകളും ബോർഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഇതിൽ നാര് വേർതിരിക്കുന്നതിനുള്ള മൊബൈൽ യന്ത്രം, പ്രവർത്തന കാര്യക്ഷമത 30% വർദ്ധിപ്പിക്കുകയും തൊഴിൽ ചെലവ് 25% കുറയ്ക്കുകയും ചെയ്തു. അനുഗ്രഹ തേജസ് ഭൂവസ്ത്ര തറിയുടെ ഉൽപ്പാദന ശേഷി 50% വർദ്ധിപ്പിക്കുകയും ഗുണനിലവാരം 20% മെച്ചപ്പെടുത്തുകയും ചെയ്തു.ഇത് പ്രതിവർഷം 1 ദശലക്ഷം ചതുരശ്ര മീറ്ററിലധികം ഭൂവസ്ത്രങ്ങൾ ഉത്പാദിപ്പിക്കാൻ കാരണമായി. ചകിരിച്ചോറ് കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ എല്ലാ വർഷവും 50,000 ടൺ ജൈവ വളങ്ങൾ ഉത്പാദിപ്പിക്കാൻ സഹായിച്ചു. കൂടാതെ, റോഡ് നിർമ്മാണത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത് റോഡിന്റെ ഈട് 25% വർദ്ധിക്കുകയും അറ്റകുറ്റപ്പണി ചെലവ് 20% കുറയ്ക്കുകയും ചെയ്തു. അതുവഴി 500 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞു.  നദീതടങ്ങളിലും തീരപ്രദേശങ്ങളിലും  1,000 കിലോമീറ്റർ പ്രദേശത്തു കയർ അടിസ്ഥാനമാക്കിയുള്ള മണ്ണൊലിപ്പ് നിയന്ത്രണ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്.

കയർ വികാസ് യോജനയ്ക്ക് കീഴിൽ നൈപുണ്യ വികസനത്തിൽ കയർ ബോർഡിന്റെ ശ്രമങ്ങളെ ശ്രീ വിപുൽ ഗോയൽ എടുത്തുപറഞ്ഞു. ആകെ 65,000 കരകൗശല വിദഗ്ധർക്ക് പരിശീലനം നൽകിയിട്ടുണ്ട്. മഹിളാ കയർ യോജനയ്ക്ക് കീഴിൽ 30,000-ത്തിലധികം സ്ത്രീകൾക്ക് പരിശീലനം നൽകി. കൂടാതെ, 1,200 വ്യക്തികൾക്ക് കയർ സാങ്കേതികവിദ്യയിൽ ഡിപ്ലോമ/സർട്ടിഫിക്കേഷനുകൾ ലഭ്യമാക്കി. ഇത് വിഭവ ശേഷി വർദ്ധിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ബോർഡിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

കയർ മേഖലയുടെ വിപണി സാന്നിധ്യത്തിലെ ശ്രദ്ധേയമായ വളർച്ചയെക്കുറിച്ചും ശ്രീ ഗോയൽ മന്ത്രിയെ അറിയിച്ചു. കയർ ഉൽപ്പന്നങ്ങളുടെ വാർഷിക കയറ്റുമതി ഇരട്ടിയിലധികം വർദ്ധിച്ചു. 2014-15 ലെ 1,630.33 കോടിരൂപയിൽ നിന്ന് 2023-24 ൽ 3,388.05 കോടിരൂപയായി. 2025-26 ആകുമ്പോഴേക്കും 4,000 കോടിരൂപയാകാൻ ലക്ഷ്യമിടുന്നു. ആഭ്യന്തര കയർ ഉൽപാദനം 2014-15 ൽ 5.4 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2023-24 ൽ 7.9 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു. 2014 മുതൽ, കയർ ബോർഡ് 70 അന്താരാഷ്ട്ര പ്രദർശനങ്ങളിലും 900 ആഭ്യന്തര പ്രദർശനങ്ങളിലുമായി 940 കയർ സംരംഭകർക്ക് പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത് ഇന്ത്യൻ കയർ ഉൽപ്പന്നങ്ങളുടെ ലഭ്യത പുതിയ വിപണികളിലേക്ക് വ്യാപിപ്പിച്ചു.



ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ നിർണായകമാണെന്ന് മന്ത്രി


 ഊഷ്മളമായ സ്വാഗതം നൽകിയതിന് ശ്രീ ജിതൻ റാം മാഞ്ചി മന്ത്രാലയത്തിലെയും കയർ ബോർഡിലെയും ഉദ്യോഗസ്ഥരെ നന്ദി അറിയിക്കുകയും അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ എം‌എസ്‌എം‌ഇകളുടെ നിർണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ജിഡിപിയിലേക്ക് 30.1%, ഉൽപ്പാദനത്തിലേക്ക് 35.4%, കയറ്റുമതിയിലേക്ക് 45.73% എന്നിങ്ങനെ സംഭാവന ചെയ്യുന്നു. കയർ മേഖലയെക്കുറിച്ചും എം‌എസ്‌എം‌ഇ പദ്ധതികളെക്കുറിച്ചും കൂടുതൽ അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയ്ക്ക് പുറത്ത് വടക്കൻ, വടക്കുകിഴക്കൻ മേഖലകളിലേക്ക് കയർ മേഖലയുടെ സാന്നിധ്യം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി വിശ്വകർമ യോജനയുടെ പ്രാധാന്യം അദ്ദേഹം സൂചിപ്പിക്കുകയും എം‌എസ്‌എം‌ഇ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് നൂതന ആശയങ്ങൾക്കായി ആഹ്വാനം ചെയ്യുകയും ചെയ്തു.

അവലോകന യോഗത്തിന് ശേഷം, കയർ അസോസിയേഷനുകൾ, ഉത്പാദകർ , സഹകരണ സംഘങ്ങൾ, കയറ്റുമതിക്കാർ എന്നിവരുടെ പ്രതിനിധികളുമായി മന്ത്രി സംവദിച്ചു. കയറ്റുമതി സാധ്യത, മൂലധന ആവശ്യകതകൾ, ഗുണനിലവാരം വർദ്ധിപ്പിക്കൽ, മത്സരാധിഷ്ഠിത വിലനിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് പ്രതിനിധികൾ അദ്ദേഹത്തെ അറിയിച്ചു. ഈ വെല്ലുവിളികൾ നേരിടുന്നതിനും മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും ശ്രീ ജിതൻ റാം മാഞ്ചി അവർക്ക് ഉറപ്പ് നൽകി.


കയർ നിർമ്മാണ യൂണിറ്റായ അരൂർ കയർ മാറ്റ്സ് & മാറ്റിംഗ്സ് സഹകരണ സൊസൈറ്റി മന്ത്രി സന്ദർശിച്ചു. അവിടെ അദ്ദേഹം ഉൽപാദന പ്രക്രിയകൾ നിരീക്ഷിക്കുകയും കൈത്തറി തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു. ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങൾ, വിൽപ്പന, വിപണി, വായ്പ ലഭ്യത എന്നിവയെക്കുറിച്ച് മനസ്സിലാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന തരത്തിൽ കയർ മേഖലയുടെ വളർച്ചയ്ക്ക് കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →