തൃശൂര്‍: മുസ്ലിംകള്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ബിജെപി നേതാവ് പി.സി ജോർജ്ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി.
ഇതു സംബന്ധിച്ച 30 പേര് ഒപ്പുവെച്ച സംയുക്ത പ്രസ്താവന ഇങ്ങനെ:
“ഇന്ത്യയിലെ മുസ്ലിംകള് മുഴുവൻ വർഗീയവാദികളാണ്. വർഗീയവാദിയല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയിലില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിംകള് കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കിനോക്കി മുസ്ലിമല്ലെന്ന് കണ്ടാല്‍ കൊല്ലുന്നതാണ് അവരുടെ രീതി “-ഇതാണ് പി.സി ജോർജ്ജിൻ്റെ അവസാന കുറ്റാരോപണം. ‘ജനം ടിവി’ ചർച്ചയിലായിരുന്നു ജോർജിന്റെ അധിക്ഷേപം.
2060ഓടെ ഇന്ത്യ പിടിച്ചെടുക്കാനുള്ള പദ്ധതി മുസ്ലിംകള് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മുസ്ലിം സ്ത്രീകള്‍ കൂടുതല്‍ പ്രസവിച്ച് ജനസംഖ്യ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പോലുള്ള ആരോപണങ്ങള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം ഉയർത്തിയത്. സമുദായങ്ങള്‍ ക്കിടയില് സ്പർധയുണ്ടാക്കുന്ന ഇത്തരം പ്രതികരങ്ങള്‍ പി.സി ജോർജിൻ്റെ ഭാഗത്തുനിന്ന് എല്ലായ്പോഴും ഉണ്ടാവാറുണ്ടെങ്കിലും ഇതിനെതിരെ ഒരു നടപടിയും എടുക്കാൻ പൊലീസ് തയ്യാറല്ല. ചെറിയ കാരണമുണ്ടായാല്‍ പോലും സാധാരണക്കാരെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യുന്ന ആഭ്യന്തരവകുപ്പാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്.
അവസാന സംഭവത്തില്‍ അദ്ദേഹം ക്ഷമ പറഞ്ഞിട്ടുണ്ടെങ്കിലും അത് മുഖവിലക്കടുക്കേണ്ടതില്ല. അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കുകയാണ് പ്രധാനം. അത് മാതൃകാപരവുമാകണം. സമുദായങ്ങള്‍ക്കിടയിലുള്ള സൗഹാർദം നിലനിർത്തുന്നതിനും അത് അത്യാവശ്യമാണെന്നും കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി പറഞ്ഞു. ഇതു സംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ 30 പേര് ഒപ്പുവെച്ചു