ഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ കാലങ്ങളായി നിലനിന്നിരുന്ന ജാതിവിവേചനം പരിഹരിക്കുന്നതിനായി ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജയിലുകളില്‍ ജാതി തിരിച്ചുള്ള തൊഴിലുകള്‍ ചട്ടങ്ങളില്‍ നിലനില്‍ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു കേന്ദ്രതീരുമാനം. ജാതിവിവേചനം നിലനിന്നിരുന്ന വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ അറിയിച്ചു.
ജയിലുകളില്‍ ജാതി തിരിച്ചുള്ള വിവേചനമോ വർഗീകരണമോ വേർതിരിവോ ഉണ്ടാവരുത്
ജയില്‍ ചട്ടങ്ങളിലെ പുതിയ കൂട്ടിച്ചേർക്കല്‍ പ്രകാരം ജയിലുകളില്‍ ജാതി തിരിച്ചുള്ള വിവേചനമോ വർഗീകരണമോ വേർതിരിവോ ഇല്ലെന്നു ജയില്‍ അധികൃതർ കർശനമായി ഉറപ്പാക്കണം. ജാതിവിവേചനം ജയിലുകളില്‍ നിലനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ‘സ്ഥിരം കുറ്റവാളികള്‍’ എന്ന നിർവചനത്തിലും കേന്ദ്രം മാറ്റം വരുത്തിയിട്ടുണ്ട്. ചില പ്രത്യേക ഗോത്രങ്ങളില്‍പ്പെടുന്ന ആളുകളെ സ്ഥിരം കുറ്റവാളികളായി കണക്കാക്കുന്ന വ്യവസ്ഥ പല സംസ്ഥാനങ്ങളിലെയും ജയില്‍ ചട്ടങ്ങളില്‍ നിലനില്‍ക്കുന്നതിനാലാണിത്.
മാധ്യമപ്രവർത്തക സുകന്യ ശാന്ത നല്‍കിയ പൊതുതാത്പര്യ ഹർജി യിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
ജാതി തിരിച്ചുള്ള തൊഴില്‍ വ്യവസ്ഥകള്‍ ജയില്‍ ചട്ടങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്നു കണ്ട് സുപ്രീംകോടതി 2024 ഒക്‌ടോബർ മൂന്നിനാണ് ജയിലുകളിലെ ജാതിവിവേചനം ഒഴിവാക്കാൻ ഉത്തരവിട്ടത്. ഉത്തർപ്രദേശ്, ബംഗാള്‍, ഒഡീഷ, മഹാരാഷ്‌ട്ര, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ജയില്‍ ചട്ടത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക സുകന്യ ശാന്ത നല്‍കിയ പൊതുതാത്പര്യ ഹർജി യിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
