കൊല്ലം : കൊല്ലം-തേനി ദേശീയപാത 183ന്റെ വികസനത്തിന്റെ അലൈന്മെന്റ് സ്ഥിരീകരിച്ചു. നിലവിലെ ദേശീയപാത വീതികൂട്ടി നാലുവരിപ്പാത യാക്കാനാണ് നിര്‍ദേശം. ഗ്രീന്‍ഫീല്‍ഡ് ബൈപാസ് ഒഴിവാക്കിയാണ് വികസനം. മൂന്നാഴ്ചക്കകം ഭൂമി ഏറ്റെടുക്കലിന് മൂന്ന് എ വിജ്ഞാപനം പുറപ്പെടുവിക്കും. എന്‍.കെ. പ്രേമചന്ദ്രന് എം.പി ചെയര്‍മാനായ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗമായ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (ദിശ) രണ്ടാം പാദയോഗത്തില്‍ ദേശീയപാത ഉദ്യോഗസ്ഥരാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്
ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിർദേശം
സമയബന്ധിതമായി ഭരണനടപടികളും ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയാക്കാനും പദ്ധതിയുടെ ഫണ്ട് ലഭ്യമാക്കുന്ന തരത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊല്ലത്തെ റോഡ് വികസനത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയ യോഗം, പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ജില്ലയില്‍നിന്ന് സമര്‍പ്പിച്ച പ്രധാന റോഡുകളുടെ വികസനങ്ങള്ക്കുപോലും ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
