വനനിയമ ഭേദഗതി കരട് ബില്ല് പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ

ഇടുക്കി: വനംവകുപ്പിന് അമിതാധികാരം നല്‍കുന്ന വനനിയമ ഭേദഗതി കരട് ബില്ല് പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ ആവശ്യപ്പെട്ടു. വനംവകുപ്പ് ഇപ്പോള്‍ തന്നെ സമാന്തര സർക്കാരിനെപോലെയാണ് പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്ന വ്യവസ്ഥകളാണ് പുതിയ ബില്ലിലുള്ളത്. ഇത് വനത്തോടു ചേർന്നുള്ള പ്രദേശത്തെ കൃഷിക്കാർക്കും മറ്റു ജനവിഭാഗങ്ങള്‍ക്കും അങ്ങേയറ്റം ദോഷം ചെയ്യും.

പൊലീസിന്റെ അധികാരം കൂടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നല്‍കാനുള്ള നീക്കം അപകടകരമാണ്

ജനവിരുദ്ധ വ്യവസ്ഥകളാണ് കരട് ബില്ലില്‍ അടിമുടിയുള്ളത്. വന സംരക്ഷണം മാത്രമാണ് വനം വകുപ്പിന്റെ പണി. അതില്‍നിന്ന് വ്യതിചലിച്ച്‌ പൊലീസിന്റെ അധികാരം കൂടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നല്‍കാനുള്ള നീക്കം അപകടകരമാണ്. ഇടുക്കി പോലുള്ള ജില്ലകളില്‍ വനം വകുപ്പിനെതിരെ പ്രതിഷേധം പലയിടത്തും നിലവിലുണ്ട്.

ഭേദഗതികള്‍ പിൻവലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സലിംകുമാർ

വ്യാപകമായ സമരങ്ങളും ജനങ്ങള്‍ അവർക്കെതിരെ നടത്തിവരികയാണ്. പുതിയ അധികാരങ്ങള്‍ വനം വകുപ്പിന് കിട്ടിയാല്‍ അവയെല്ലാം പ്രതിഷേധക്കാരെ കുടുക്കാൻ അവർ ഉപയോഗിക്കും. ആരുവേണമെങ്കിലും ഈ നിയമത്തിന്റെ ഇരയായിത്തീരാം. ഉദ്യോഗസ്ഥ മേധാവിത്വം മാത്രം ലക്ഷ്യമിട്ടുള്ള ഭേദഗതികള്‍ പിൻവലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സലിംകുമാർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →