മുംബൈ: വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ 17കാരൻ പൊലീസ് കസ്റ്റഡിയില്‍. മുംബൈയിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12ഓളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. എയർ ഇന്ത്യ, അകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങള്‍ക്കെല്ലാം ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഭീഷണി സന്ദേശം മൂലം വിമാനങ്ങള്‍ കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് വഴിതിരിച്ച് വിടേണ്ടിയും വന്നിരുന്നു.
സ്കൂളില്‍ നിന്നും പഠനം പാതിവഴിക്ക് നിർത്തിയ വിദ്യാർത്ഥിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 15 ചൊവ്വാഴ്ച ഇയാളോട് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചോദ്യംചെയ്യുകയും വീട്ടില്‍ കസ്റ്റഡിയിലാക്കുകയുമായിരുന്നു. കുട്ടിയുടെ പിതാവിനെ പൊലീസ് ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. സുഹൃത്തിനോടുള്ള ദേഷ്യം തീർക്കാൻ അയാളുടെ പേരില്‍ എക്സില്‍ അക്കൗണ്ടുണ്ടാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഭീഷണികോളുകള്‍ വിളിക്കുന്നവർക്ക് യാത്രവിലക്ക്
അതേസമയം, വിമാനങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി കോള്‍ വിളിക്കുന്നവർക്ക് വിമാനയാത്രാ വിലക്ക് കൊണ്ടു വരുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുകയാണ്. വിവിധ കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വിവിധ എയർലൈനുകള്‍ക്ക് ലഭിച്ച ബോംബ് ഭീഷണികള്‍ ചർച്ച ചെയ്യാനായി കേന്ദ്ര വ്യോമയാനമന്ത്രാലയം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് തുടങ്ങിയവർ യോഗം ചേർന്നിരുന്നു. ഈ യോഗത്തില്‍ ഇക്കാര്യം ചർച്ചയായെന്നാണ് സൂചന. സിവില്‍ ഏവിയേഷൻ മന്ത്രാലയമാണ് ഭീഷണികോളുകള്‍ വിളിക്കുന്നവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തുന്നതിനായി പുതിയ നിയമം കൊണ്ടു വരുന്നത് പരിഗണിക്കുന്നത്.
എയർ മാർഷല്‍ മാരുടെ എണ്ണം ഇരട്ടിയാക്കും
ഇന്റലിജൻസ് ഏജൻസികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് എയർ മാർഷല്‍ മാരുടെ എണ്ണം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. എൻ.എസ്.ജി കമാൻഡോകളെ എയർ മാർഷല്‍മാരായി തെരഞ്ഞെടുത്ത ഇന്റർനാഷണല്‍ റൂട്ടുകളിലും ചില ആഭ്യന്തര റൂട്ടുകളിലുമാണ് നിയോഗിക്കുന്നത്. ഭീഷണിക്ക് പിന്നില്‍ ആരാണെന്നത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ അന്വേഷണ ഏജൻസികള്‍ ആരംഭിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സൈബർ സെക്യൂരിറ്റി വിദഗ്ധരുമായി ചേർന്ന് ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
