മാധ്യമങ്ങള്‍ക്കെതിരെ വിജയരാഘവൻ : അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവർ

നിലമ്പൂർ : നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണെന്നും നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണമെന്നും അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നില്‍ പി വി അൻവറിനെതിരെ ഒക്ടോബർ 7ന് സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള വിജയരാഘവന്റെ പ്രതികരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.

അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു.

‘അന്‍വറിന്റെ കക്കാടംപൊയില്‍ പാര്‍ക്ക് നിര്‍മാണം മാധ്യമങ്ങള്‍ മറന്നോ? കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ അന്‍വര്‍ ആണെന്നാണ് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്. സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു.മലപ്പുറം എന്ന വാക്ക് ഇപ്പോള്‍ ഉച്ചരിക്കാന്‍ പാടില്ല. പണ്ട് പോളണ്ട്, പോളണ്ട് എന്ന് പറയരുതെന്ന് ശ്രീനിവാസന്‍ പറയും പോലെയാണ് ചിലര്‍ ഇപ്പോള്‍ മലപ്പുറം മലപ്പുറം എന്ന് പറയരുത് എന്ന് പറയുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കയ്യടി കിട്ടുന്ന പ്രവര്‍ത്തനം ആണ് അന്‍വര്‍ നടത്തുന്നത്”- വിജയരാഘവൻ പറഞ്ഞു.

ആര്‍എസ്‌എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്.

നിയമ വിരുദ്ധ പ്രവര്‍ത്തനം, കള്ളക്കടത്ത്, കുഴല്‍പ്പണം, മണല്‍കടത്ത് ഇതെല്ലാം നടത്തണം എന്ന് ചിന്തിക്കുന്നവരുണ്ട്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആര്‍എസ്‌എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. ഇ എന്‍ മോഹന്‍ദാസിനെ ആര്‍എസ്‌എസുകാരനാക്കിയപ്പോഴാണ് അന്‍വര്‍ ഏറ്റവും ചെറുതായതെന്നും വിജയരാഘവന്‍ പറഞ്ഞു. അൻവറിനെ പിന്തുണച്ച നാടക-സിനിമ നടി നിലമ്പൂർ ആയിഷയും യോഗത്തില്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, പി കെ സൈനബ, ടി കെ ഹംസ, തുടങ്ങിയവരും യോഗത്തില്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →