സഹകരണ ബാങ്കുകളില്‍ നിന്ന്‌ വായ്‌പയെടുത്ത പാര്‍ട്ടി സഖാക്കള്‍ പണം തിരിച്ചടയ്‌ക്കുന്നില്ലെന്ന്‌ കണ്ടെത്തല്‍.

തിരുവനന്തപുരം : സഹകരണ ബാങ്കില്‍ നിന്നെടുത്ത കോടിക്കണക്കിന്‌ രൂപയുടെവായ്‌പകള്‍ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചടയ്‌ക്കുന്നില്ലെന്ന്‌ സിപിഎം സംസ്‌ഥാന സമിതിയുടെ കണ്ടെത്തല്‍. പണം ഉടന്‍ തിരിച്ചടയ്‌ക്കണമെന്നും സംസ്‌ഥാന സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.വിവാദങ്ങള്‍ സഹകരണ മേഖലയെ ബാധിക്കുന്നുവെന്ന്‌ സിപിഎം നേതാക്കള്‍ പരസ്യമായി തുറന്നു പറഞ്ഞിട്ടുമുണ്ട്‌. വിവാദങ്ങളില്‍ ഉള്‍പ്പെട്ടതില്‍ കൂടുതലും സിപിഎം ഭരണസമിതിയിലുള്ള ബാങ്കുകള്‍ ആണ്‌.

സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്‌ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന്‌ കഴിഞ്ഞ കുറെ കാലമായി പുറത്തുവരുന്നത്‌. ഇതിനിടയിലാണ്‌ സംസ്‌ഥാന കമ്മിറ്റി തയ്യാറാക്കിയ രേഖയില്‍ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ കണ്ടെത്തലുകള്‍ ഉള്ളത്‌

പണം തിരിച്ചടയ്‌ക്കുന്നില്ലെന്ന കണ്ടെത്തല്‍ പാര്‍ട്ടി രേഖയില്‍.

സഹകരണ ബാങ്കുകളില്‍ നിന്ന്‌ വായ്‌പയെടുത്ത പാര്‍ട്ടി സഖാക്കള്‍ പണം തിരിച്ചടയ്‌ക്കുന്നില്ലെന്ന കണ്ടെത്തല്‍ പാര്‍ട്ടി രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സഹകരണ മേഖലകളില്‍ നിന്നുതന്നെ ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്‌. കോടികള്‍ തന്നെ ഇത്തരത്തില്‍ വായ്‌പ എടുത്തു തിരിച്ചടയ്‌ക്കാത്ത പരാതികളും ഉയര്‍ന്നുവന്നു. തിരിച്ചടയ്‌ക്കാന്‍ പറ്റുന്ന വായ്‌പകള്‍ മാത്രമേ സഖാക്കള്‍ ബാങ്കില്‍ നിന്ന്‌ എടുക്കാവൂ എന്നാണ്‌ പാര്‍ട്ടി നിര്‍ദേശം. കുടിശ്ശിക വരുത്തിയിട്ടുള്ള സഖാക്കള്‍ ഉടനെ അടച്ചു തീര്‍ക്കണമെന്നും നിര്‍ദേശമുണ്ട്‌. വലിയ തുക വായ്‌പ എടുക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട കമ്മിറ്റികളുടെ അനുമതി വാങ്ങണമെന്നും സംസ്‌ഥാന നേതൃത്വം നിര്‍ദേശിച്ചു.

അനധികൃത പണപ്പിരിവ്‌ പാര്‍ട്ടിയില്‍ കൂടി വരുന്നതായി വിലയിരുത്തല്‍

അനധികൃത പണപ്പിരിവ്‌ പാര്‍ട്ടിയില്‍ കൂടി വരുന്നതായും സിപിഎം വിലയിരുത്തിയിട്ടുണ്ട്‌.പാര്‍ട്ടി പത്രത്തിന്റെ പേരിലും കെട്ടിട നിര്‍മാണത്തിന്റെ പേരിലും അനധികൃതമായി പണപ്പിരിവ്‌ പാര്‍ട്ടി അംഗങ്ങള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്‌. ഓരോ ഏരിയയിലും സഹകരണ രംഗത്തെ വിദഗ്‌ധരെ ഉള്‍പ്പെടുത്തി പരിശോധനാ സംവിധാനങ്ങള്‍ രൂപപ്പെടുത്തണം, ഇതില്‍ കൃത്യമായ പരിശോധന നടത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും കീഴ്‌ഘടകങ്ങള്‍ക്ക്‌ നേതൃത്വം നിര്‍ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →