കൊച്ചി: ജാതി സെൻസസ് നടപ്പാക്കുന്നതിനെതിരേ എൻഎസ്എസ് രംഗത്ത്. ജാതി സെൻസസ് നടത്താനുള്ള തീരുമാനം രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത് പ്രീണന നയത്തിന്‍റെ ഭാഗമാണെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണിത്. ജാതി സെൻസസിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ജാതി മത വ്യാത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസ പരമായും പിന്നാക്ക നിരയിൽ നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് എത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്തം ഉണ്ട്, ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ ജാതി സെൻസസ് പ്രധാന വിഷയമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് എൻഎസ്എസിന്‍റെ പ്രതികരണം. ജാതി സെൻസസുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് രാഹുൽ ഗാന്ധി എം.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു