ആഢംബര കാറുകളിൽ ലഹരിക്കടത്ത്; സംശയം തോന്നാതിരിക്കാൻ ഡോക്ടർ സ്റ്റിക്കർ; രണ്ട് പേർ അറസ്റ്റിൽ

ആഢംബര കാറുകളിൽ ബംഗളുരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. വിയ്യൂരില്‍ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍ റിഷാന്‍ (30) എന്നിവരെയാണ്‌ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവില്‍നിന്നും കോയമ്പത്തൂരില്‍നിന്നും വന്‍തോതില്‍ നിരോധിത ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് വില്‍ക്കുന്നവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 17,000 രൂപയും മൊബൈല്‍ഫോണുകളും ഒരു ലക്ഷം രൂപ വിലവരുന്ന ലഹരിയുത്പന്നങ്ങളും പിടികൂടി.

ആഴ്ച്ചയിൽ മൂന്ന് തവണ ബംഗളുരുവിൽ നിന്നും ലഹരി വസ്തുക്കൾ ഒറ്റപ്പാലത്ത് എത്തിച്ച് കാറുകളിൽ വിവിധ ജില്ലകളിലെ ഇടനിലക്കാര്‍ക്ക് എത്തിച്ചുകൊടുക്കും. സംശയം തോന്നാതിരിക്കാൻ ആഢംബര കാറുകളില്‍ ഡോക്ടര്‍മാരുടെ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ലഹരി കടത്തിയിരുന്നത്.

സംഘത്തിൽ ഇനിയും നിരവധി പേരുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →