കണ്ണൂർ ജയിലിൽ രാഷ്ട്രീയംനോക്കി തടവുകാരെ പാർപ്പിക്കുന്നത് എന്തിന്

കണ്ണൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയാടിസ്ഥാനത്തിൽ തടവുകാരെ വിവിധ ബ്ളോക്കുകളിൽ പാർപ്പിക്കുന്നതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇത് എന്തിനാണെന്നു മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. തടവുകാർക്കിടയിൽ വിവേചനവും വിഭാഗീയതയും പാടില്ലെന്നും നിർദ്ദേശിച്ചു.

2004ൽ കണ്ണൂർ ജയിലിൽ സി.പി.എം പ്രവർത്തകൻ രവീന്ദ്രനെ കൊലപ്പെടുത്തിയകേസിൽ ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ബി.ജെ.പി പ്രവർത്തകരായ പ്രതികൾ നൽകിയ അപ്പീൽ അനുവദിച്ച കഴിഞ്ഞ ദിവസത്തെ ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ഒൻപത് പ്രതികളുള്ള കേസിൽ നാലുപേരുടെ ശിക്ഷയും റദ്ദാക്കി.
രാഷ്ട്രീയാടിസ്ഥാനത്തിൽ തടവുകാരെ ബ്ളോക്കുകളിലാക്കുന്നത് മൂലമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജയിൽ ഉദ്യോഗസ്ഥരെ പോലെ തടവുകാരെയും ജയിലിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കരുത്. തടവുകാരോട് പക്ഷഭേദം ഇല്ലാതെ പെരുമാറണമെന്നും അവരുടെ പരാതികൾക്ക് പരിഹാരമുണ്ടാക്കണമെന്നും അച്ചടക്കം ഉറപ്പാക്കണമെന്നും കേരള പ്രിസൺസ് ആൻഡ് കറക്‌ഷണൽ സർവീസസ് ആക്ടിൽ പറയുന്നുണ്ട്. ഇക്കാര്യം ജയിൽ ഡി.ജി.പി ഉറപ്പാക്കണം.

രവീന്ദ്രൻ കൊലക്കേസിലെ പ്രതികൾക്ക് പരിക്കേറ്റത് എങ്ങനെയാണെന്നോ സംഭവം നടന്നതെങ്ങനെയെന്നോ വ്യക്തമാക്കാൻ പ്രോസിക്യൂഷനു കഴിയാത്തതിനാൽ പ്രതികളെല്ലാവരും കുറ്റകൃത്യത്തിലുൾപ്പെട്ടോയെന്ന് പറയാനാവുന്നില്ലെന്നും കോടതി നീരീക്ഷിച്ചു. തിരിച്ചറിയൽ പരേഡു നടത്താതെയാണ് പ്രതികളെ കണ്ടെത്തിയത്. അനുചിതവും കളങ്കപൂർണവുമായ അന്വേഷണമാണ് നടന്നത്. അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ അർത്ഥത്തിലും സത്യസന്ധരായിരിക്കണം. സത്യം കണ്ടെത്താൻ നീതിയുക്തമായ അന്വേഷണമാണ് അവർ നടത്തേണ്ടതെന്നും വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →